ജുവനൈല്‍ ഹോമില്‍നിന്ന് 15 കുട്ടികള്‍ രക്ഷപ്പെട്ടു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഹൈദരാബാദ്: തെലങ്കാനയിലെ സൈദാബാദില്‍ ആണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള ജൂവനൈല്‍ ഹോമില്‍നിന്ന് പതിനഞ്ച് കുട്ടികള്‍ രക്ഷപ്പെട്ടു. 14 വയസ്സിനും 17 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് രക്ഷപ്പെട്ടതെന്ന് സംഭവത്തെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ പറയുന്നു. അര്‍ദ്ധരാത്രിയോടെ പതിനാറ് കുട്ടികള്‍ ശുചിമുറിയില്‍ പ്രവേശിക്കുകയും വെന്‍റിലേറ്ററിന്‍റെ ഗ്രില്‍ മുറിച്ച് നീക്കുകയും ചെയ്താണ് രക്ഷപ്പെട്ടത്.

ഞായറാഴ്ച അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം. കുട്ടികള്‍ രക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് ജൂവനൈല്‍ ഹോം സൂപ്രണ്ടിനെയും മറ്റു രണ്ടു ജീവനക്കാരെയും സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടികള്‍ രക്ഷപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.

രക്ഷപ്പെട്ടു പോയവരില്‍ രണ്ടുകുട്ടികള്‍ തിരികെയെത്തിയതായി പൊലീസ് അറിയിച്ചു. ബാക്കി 15 പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. രക്ഷപ്പെട്ടവരില്‍ മൂന്ന് പേര്‍ നേരത്തേയും ജുവനൈല്‍ ഹോമില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.

Top