മേകുനു ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്; സലാല വിമാനത്താവളം അടക്കുന്നു

മേകുനു ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് എത്തുന്ന പശ്ചാത്തലത്തില്‍ സലാല വിമാനത്താവളം വെള്ളിയാഴ്ച (അര്‍ദ്ധരാത്രി 12.00am മുതല്‍ 24 മണിക്കൂര്‍ നേരത്തേക്ക്) അടച്ചിടുമെന്ന് ഒമാന്‍ പബ്ലിക്ക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മസ്‌ക്കറ്റിലുളള യുഎഇ എംബസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച്‌ മേകുനു ചുഴലിക്കാറ്റായി മാറിയ പശ്ചാത്തലത്തിലാണിത്. അറേബ്യന്‍ കടലില്‍ വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്കാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തെത്തിയേക്കാമെന്നും ശക്തി പ്രാപിക്കാമെന്നുമാണ്‌ കാലാവസ്ഥാ പ്രവചനം.

സലാലയിലുള്ള സുല്‍ത്താന്‍ ഖബൂസ് ആശുപത്രിയില്‍ നിന്നും രോഗികളെയെല്ലാം ഒഴിപ്പിക്കുകയാണ്. വ്യോമസേനയുടെ സഹായത്തോടെയാണ് രോഗികളെ മാറ്റുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Top