35 മണിക്കൂറിനൊടുവിൽ കുഴല്‍ക്കിണറില്‍ വീണ നാല്​ വയസുകാരനെ രക്ഷപ്പെടുത്തി

ഭോപ്പാല്‍: 40 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസ്സുകാരനെ 35 മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ രക്ഷപ്പെടുത്തി. കുഴൽക്കിണറിൽ വീണ റോഷനെയാണ്​ മാരത്തോൺ രക്ഷാപ്രവർത്തനത്തിലുടെ പുറത്തെടുത്തത്​. മധ്യപ്രദേശിലെ ദേവാസ് ജില്ലയെ​ ഉമാരിയ ഗ്രാമത്തിലാണ്​ സംഭവമുണ്ടായത്​.

ശനിയാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് കളിക്കുന്നതിനിടെ റോഷന്‍ കുഴല്‍ക്കിണറില്‍ വീണത്. തുടർന്ന്​ ​കയറുപയോഗിച്ച്​ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചു. കുട്ടിക്ക്​ കുഴലിലുടെ ഒാക്​സിജൻ നൽകിയിരുന്നു.ഞായറാഴ്ച രാത്രി 10.45 ഓടെയാണ് കുട്ടിയെ രക്ഷിക്കാനായതെന്ന് ദേവാസ് ജില്ലാ പോലീസ് മേധാവി അന്‍ഷുമാന്‍ സിംഗ് പറഞ്ഞു. പൈപ്പിലൂടെ കുട്ടിക്ക് ദ്രവരൂപത്തില്‍ ഭക്ഷണം നല്‍കിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ കുട്ടിയോട് മാതാപിതാക്കള്‍ തുടര്‍ച്ചയായി സംസാരിക്കുകയും ചെയ്തിരുന്നതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

കുഴൽ കിണറിന്​ സമാന്തരമായി മറ്റൊരു കുഴിയുണ്ടാക്കി കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമമാണ്​ ആദ്യം നടത്തിയത്​. എന്നാൽ, ഇതിന്​ ​ കൂടുതൽ സമയമെടുക്കുമെന്നതിനാൽ ഇൗ നീക്കം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട്​ കുഴൽകിണറിലേക്ക്​ കയറിട്ട്​ അതിലുടെ കുട്ടിയെ പുറത്തെത്തിച്ചു. രക്ഷാപ്രവർത്തനത്തോട്​ കുട്ടി പൂർണമായും സഹകരിച്ചതാണ്​ ദൗത്യം എളുപ്പമാക്കിയതെന്നും അധികൃതർ വ്യക്​തമാക്കി.

Top