സൗദിയില്‍ സിനിമാ ടിക്കറ്റിന് 75 റിയാല്‍

റിയാദ്:സൗദിയിൽ സിനിമാ പ്രദർശനം അനുവദനീയമായതിനുശേഷം പ്രദർശനം ആരംഭിച്ചതോടെ ടിക്കറ്റിൻ വൻ തുക ഇടാക്കുന്നതിൽ വ്യാപക പരാതി39 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൗദിയില്‍ സിനിമാപ്രദര്‍ശനം തിരികെയെത്തിയപ്പോള്‍ ടിക്കറ്റ് വന്‍ തുക ഈടാക്കുന്നതായി പരാതി. ഒരു ടിക്കറ്റിന് 75 സൗദി റിയാല്‍ (1324 രൂപ) ആണ് അധികൃതര്‍ ഈടാക്കുന്നത്. ഇത് താങ്ങാനാവുന്നതിലും കൂടുതലാണെന്ന പോസ്റ്റുകളുമായി സൗദികള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

കുടുംബസമേതം സിനിമ കാണണമെങ്കില്‍ ബാങ്കില്‍ നിന്ന് ലോണെടുക്കേണ്ട അവസ്ഥയാണെന്നാണ് ഒരാളുടെ കമന്റ്. ദീര്‍ഘ നാളത്തെ കാത്തിരിപ്പിന് ശേഷം സ്വന്തം നാട്ടില്‍ സിനിമയെത്തിയെങ്കിലും ടിക്കറ്റ് വില നിരാശപ്പെടുത്തിയെന്നാണ് പലരും അഭിപ്രായപ്പെട്ടത്. പ്രവാസികള്‍ക്കാവട്ടെ ഇത്രവലിയ തുക കൊടുത്ത് സിനിമ കാണുക വളരെ പ്രയാസമാവും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദീര്‍ഘകാലത്തെ ഇടവേളയ്ക്കു ശേഷം സൗദിയില്‍ സിനിമ തിരിച്ചെത്തിയത്. ഹോളിവുഡ് ബോക്‌സോഫീസ് ഹിറ്റായിരുന്ന ബ്ലാക്ക് പാന്ഥര്‍ ആയിരുന്നു ആദ്യ സിനിമ. അമേരിക്കന്‍ തിയറ്റര്‍ ഭീമനായ എ.എം.സിയാണ് ആദ്യസിനിമ പ്രദര്‍ശിപ്പിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം വന്‍ തിരക്കാണ് തിയറ്ററുകളില്‍ അനുഭവപ്പെടുന്നത്. ടിക്കറ്റിന് വില കൂടുതലാണെങ്കിലും പ്രദര്‍ശനം തുടങ്ങുന്നതിന് മുമ്പ് തന്നെ തിയറ്റര്‍ ഹൗസ്ഫുള്‍ ആയിരുന്നു. തിയറ്ററുകള്‍ക്ക് പുറത്ത് സിനിമാ പോസ്റ്ററുകള്‍ക്ക് മുമ്പില്‍ സെല്‍ഫിയെടുക്കാന്‍ വലിയ തിരക്കായിരുന്നു.

അതിനിടെ, നിസ്‌കാര സമയങ്ങള്‍ കണക്കിലെടുത്താണ് രാജ്യത്ത് സിനിമാ പ്രദര്‍ശനം നിശ്ചയിക്കുകയെന്നും ഓരോ സിനിമയുടെയും ഉള്ളടക്കം പരിശോധിച്ച ശേഷം മാത്രമേ പ്രദര്‍ശനത്തിന് അനുമതി നല്‍കുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി. ഉള്ളടക്കം പരിശോധിച്ച് അനുമതി നല്‍കുന്നതിന് ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയയും സാംസ്‌കാരിക മന്ത്രാലയവും ചേര്‍ന്നാണ് രൂപം നല്‍കിയത്.

ദുബൈ ആസ്ഥാനമായ വോക്‌സ് സിനിമാ ഗ്രൂപ്പും സൗദിയില്‍ തീയറ്റര്‍ തുറക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്താകമാനം 600 സിനിമാ സ്‌ക്രീനുകള്‍ വോക്സ് സിനിമ ഗ്രൂപ്പ് തുറക്കും. തിയറ്റര്‍ തുടങ്ങാന്‍ വോക്‌സ് സിനിമാസിന് ലൈസന്‍സ് ലഭിച്ചതായി കമ്പനി അറിയിച്ചു. തലസ്ഥാനമായ റിയാദിലെ പാര്‍ക് മാളിലാകും വോക്‌സ് സിനിമാസിന്റെ ആദ്യ തിയറ്റര്‍. ഇവിടെ മള്‍ട്ടിപ്ലക്‌സിനാണ് കമ്പനിയുടെ ശ്രമം. കൂടാതെ, ബഹ്‌റൈന്‍, ദുബൈ, ഫ്രാന്‍സ് എന്നിവിടങ്ങളിലെ കൂടുതല്‍ കമ്പനികള്‍ തിയറ്റര്‍ തുടങ്ങാനുള്ള ലൈസന്‍സിന് അപേക്ഷിച്ചിട്ടുണ്ട്.

സിനിമ കാണാന്‍ രാജ്യത്തിന് പുറത്തു പോകുന്നവരെ ലക്ഷ്യം വെച്ചാണ് തിയറ്റര്‍ തുറന്നതെന്ന് സൗദി സാംസ്‌കാരിക മന്ത്രി പറഞ്ഞു. പ്രതിവര്‍ഷം 400 കോടി റിയാലാണ് തിയറ്ററുകള്‍ വഴി സൗദി ഖജനാവിലേക്ക് ഒഴുകിയെത്തുക. ഇതിലേറെ തുകയാണ് സൗദികള്‍ സിനിമ കാണാന്‍ രാജ്യത്തിന് പുറത്ത് ചെലവഴിക്കുന്നതെന്നാണ് കണക്കുകള്‍. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടപ്പാക്കുന്ന വിഷന്‍ 2030 പദ്ധതികളുടെ ഭാഗമായാണ് രാജ്യത്ത് സിനിമാ ശാലകള്‍ വീണ്ടും തുറക്കാന്‍ അനുമതി നല്‍കിയത്.

Top