ആരുഷി കൊലപാതകക്കേസ് : തല്‍വാര്‍ ദമ്പതികളെ കോടതി വെറുതെ വിട്ടു

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ആരുഷി കൊലപാതകക്കേസില്‍ തല്‍വാര്‍ ദമ്പതികളെ കോടതി വെറുതെ വിട്ടു. സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ മാതാപിതാക്കളായ രാജേഷ് തല്‍വറും നുപുര്‍ തല്‍വാറും നല്‍കിയ അപ്പീലില്‍ അലഹബാദ് ഹൈക്കോടതിയാണ് വിധി പറഞ്ഞത്.

ദന്ത ഡോക്‌ടർമാരായ രാജേഷ് തൽവാറിനെയും ഭാര്യ നൂപുർ തൽവാറിനെയുമാണ് വെറുതെ വിട്ടത്.സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും ശിക്ഷിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.ജഡ്ജിമാരായ ബി.കെ. നാരായണ, എ.കെ. മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്.

2008ലാണ് 14കാരിയായ ആരുഷിയും വീട്ടുജോലിക്കാരനായ ഹേമരാജും കൊല്ലപ്പെടുന്നത്. സംഭവത്തില്‍ അറസ്റ്റിലായ, ആരുഷിയുടെ മാതാപിതാക്കള്‍ക്ക് 2013 നവംബര്‍ 26നാണ് സിബിഐ പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷിച്ചത്.

ഇത് ചോദ്യം ചെയ്താണ് ഇരുവരും അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. അപ്പീലില്‍ വാദം പൂര്‍ത്തിയാക്കിയ ജഡ്ജിമാരായ ബി.കെ. നാരായണ, എ.കെ. മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സെപ്റ്റംബര്‍ ഏഴിന് കേസ് വിധി പറയുന്നതിന് മാറ്റിവെക്കുകയായിരുന്നു.

Top