ഗാനഗന്ധർവൻ യേശുദാസിന്റെ ശബ്ദ സാമ്യം കൊണ്ട് യുവ ഗായകന് നഷ്ടമായത് സംസ്ഥാന അവാർഡ്

ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെ ഗാനഗന്ധർവന്റെ സ്വര സാമ്യവുമായി ആരാധകരെ കൈയിലെടുത്ത ഗായകനാണ് കൊല്ലം ഈസ്റ്റ് കല്ലട കിഴക്കേവിള തെക്കേമുറിയിൽ കൂലിപ്പണിക്കാരനായ വിജയന്റെയും പ്രസന്നയുടെയും മകനായ അഭിജിത്ത് വിജയൻ. അവിശ്വസനീയമായ സ്വരസാമ്യം തിരിച്ചറിഞ്ഞ് ഈ ഗായകനെ തേടി നിരവധി അവസരങ്ങൾ വന്നിരുന്നു. പക്ഷെ വരദാനമായി കിട്ടിയ ഗന്ധർവ സ്വരം അഭിജിത്തിന് വിനയായി മാറി, വരുത്തിയത് വലിയ നഷ്ടം. ഇക്കൊല്ലത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡാണ് ഇൗ ‘സാമ്യാരോപണം’ മൂലം അഭിജിത്തിന്‌ നഷ്ടമായത്.

മികച്ച ഗായകനെ തിരഞ്ഞെടുക്കുന്നതിനുള്ള അവസാന റൗണ്ടിൽ എത്തിയത് മായാനദി എന്ന ചിത്രത്തിലെ ഷഹബാസ് അമൻ പാടിയ ‘മിഴിയിൽ നിന്നും മിഴിയിലേക്ക്’ എന്ന ഗാനവും ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയിലെ അഭിജിത്ത് വിജയൻ പാടിയ ‘കുട്ടനാടൻ കാറ്റു ചോദിക്കുന്നു’ എന്ന ഗാനവുമാണ്. എന്നാൽ ‘കുട്ടനാടൻ കാറ്റു ചോദിക്കുന്നു’ എന്ന പാട്ട് യേശുദാസ് പാടിയതാണെന്നായിരുന്നു ജൂറി അംഗങ്ങളുടെ ധാരണ. അവാർഡ് നിർണയ വേളയുടെ അവസാനഘട്ടത്തിലാണ് യേശുദാസല്ല മറ്റൊരാളാണ് പാടിയെതെന്ന് ജൂറി അംഗങ്ങൾക്ക് മനസ്സിലാകുന്നത്. അഭിജിത്ത് യേശുദാസിനെ അനുകരിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടതോടെ അവാർഡ് ഷഹബാസ് അമന് നൽകാൻ തീരുമാനിച്ചു.

ജൂറി അംഗവും സംഗീത സംവിധായകനുമായ ജെറി അമൽ ദേവ് അവാർഡ് നിർണയത്തെക്കുറിച്ച് പറയുന്നതിങ്ങനെ.

‘ഭയാനകത്തിലെ പാട്ടു പാടിയ അഭിജിത്തിന് മികച്ച ഗായകനുള്ള പുരസ്കാരം ലഭിക്കുന്നതിനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. എന്നാൽ ഇദ്ദേഹം യേശുദാസിന്റെ ശബ്ദം അനുകരിക്കുകയാണെന്നൊരു അഭിപ്രായം ജൂറി അംഗങ്ങൾക്കിടയിലുണ്ടായി. യേശുദാസിനെക്കുറിച്ച് ആർക്കും അഭിപ്രായ വ്യത്യാസമൊന്നുമില്ല. പക്ഷേ ഒരു ഗായകൻ അയാളുടെ ശരിക്കുള്ള സ്വരത്തിലാണം പാടാൻ എന്ന അഭിപ്രായം എനിക്കുണ്ട്.’

അഭിജിത്തിന്റെ സ്വരവും യേശുദാസിന്റെ സ്വരവും തമ്മിൽ സാമ്യമുള്ളതിനാൽ അങ്ങനെ തോന്നിയതാവില്ലേ എന്ന ചോദ്യത്തിന് യേശുദാസ് ഉപയോഗിക്കാറുള്ള ചില ‘സംഗതികൾ’ പോലും അതേ പടി പകർത്താൻ അഭിജിത്ത് ശ്രമിച്ചുവെന്നാണ് ജെറി അമൽ ദേവ് മറുപടി പറഞ്ഞത്.

Top