വലിയ ചലഞ്ച് ആയിരുന്നു അത്, കരഞ്ഞിട്ടുണ്ട് ഒരുപാട്; കടുത്ത മാനസിക പിരിമുറുക്കം അനുഭവിച്ചു; രഞ്ജിത്തുമായുള്ള വേര്‍പിരിയലിനെക്കുറിച്ച് പ്രിയാ രാമന്‍

ആറാം തമ്പുരാന്‍, കശ്മീരം, സൈന്യം തുടങ്ങിയ സിനിമകളിലൂടെ തിളങ്ങിയ നായികയാണ് പ്രിയാ രാമന്‍. വിവാഹിതയോടെ സിനിമയില്‍ നിന്നും പ്രിയ മാറിനിന്നു.നിര്‍മാതാവും നടനുമായ രഞ്ജിത്തായിരുന്നു ഭര്‍ത്താവ്. രാജമാണിക്യം, ചന്ദ്രോത്സവം, നാട്ടുരാജാവ് തുടങ്ങിയവയാണ് മലയാളത്തില്‍ രഞ്ജിത്ത് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. രഞ്ജിത്തുമായുള്ള വേര്‍പിരിയല്‍ മാനസികമായി തന്നെ വല്ലാതെ തളര്‍ത്തിയെന്ന് പ്രിയാ രാമന്‍ പറയുന്നു.

പ്രിയാ രാമന്റെ വാക്കുകള്‍:

കൃത്യതയുള്ള കാര്യങ്ങള്‍ മാത്രം ചെയ്താലേ ജീവിതത്തില്‍ വിജയിക്കൂ. അനുഭവങ്ങളിലൂടെ പഠിച്ച കാര്യമാണത്. ശരിയാണെന്നുറപ്പില്ലാത്ത വ്യക്തതയില്ലാത്ത കാര്യങ്ങള്‍ ചെയ്തപ്പോള്‍ അതൊക്കെയും പരാജയപ്പെട്ടിട്ടുണ്ട്.

എന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുത്തു. ഞാനാണ് ഡ്രൈവിങ് സീറ്റില്‍. അപ്പോള്‍ നല്ല കാര്യങ്ങളുടേയും മോശം കാര്യങ്ങളുടേയും ഉത്തരവാദി ഞാന്‍ തന്നെയല്ലേ?. അതേറ്റെടുക്കാന്‍ ധൈര്യം കാണിച്ചതോടെ തെറ്റുകള്‍ തിരുത്താനുള്ള ആത്മ വിശ്വാസവും എനിക്കുണ്ടായി. മറ്റുള്ളവരെ പഴി പറഞ്ഞു ജീവിച്ചിരുന്നെങ്കില്‍ ഞാനിങ്ങനെ ചിരിച്ചു കൊണ്ടിരിക്കുമായിരുന്നോ?. ആ മാറ്റം മറ്റുള്ളവരെ കാണിക്കാനല്ല. എന്നിലുള്ള വിശ്വാസം കൂട്ടാനാണ് ഞാനുപയോഗിച്ചത്.

നൂറ് ശതമാനം ആലോചിച്ച് നിയമപരമായ എല്ലാ കാര്യങ്ങള്‍ക്കും ശേഷമായിരുന്നു ഞങ്ങള്‍ വേര്‍പിരിഞ്ഞത്. അതിലൊട്ടും നാടകീയത ഉണ്ടായിരുന്നില്ല. എന്താണ് വേണമെന്ന വ്യക്തമായ ധാരണ ഉണ്ടായിരുന്നു. വലിയ ചലഞ്ച് ആയിരുന്നു.

മാനസികമായി, വൈകാരികമായി ഒരുപാട് പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു. കരഞ്ഞിട്ടുണ്ട് ഒരുപാട്. വലിയ മാനസിക പിരിമുറുക്കം അനുഭവിച്ചിട്ടുണ്ട്. ഏതു റിലേഷനും മുറിഞ്ഞു മാറുമ്പോള്‍, നഷ്ടപ്പെടുമ്പോള്‍ വേദനകള്‍ അനുഭവിക്കേണ്ടി വരും. അതൊക്കെ നേരിടാന്‍ എനിക്ക് കഴിഞ്ഞു.

ഒരുപാട് വൈകാരിക സംഘര്‍ഷങ്ങളുണ്ടാകുമെന്ന് തിരിച്ചറിഞ്ഞു. മക്കളേയും ദൈവത്തേയുമാണ് ആ ദിവസങ്ങളില്‍ ഓര്‍ത്തത്. ആ പ്രതിസന്ധികള്‍ മറികടക്കാന്‍ മാതാപിതാക്കള്‍ തന്ന പിന്തുണ വലുതാണ്.

Top