സൗദിക്ക് പിന്നാലെ യുഎഇയും; ഇന്ത്യയിലേക്ക് ഗള്‍ഫ് രാജ്യങ്ങളുടെ കുത്തൊഴുക്ക്

ദുബായ്: ഗള്‍ഫ് രാജ്യങ്ങളിലെ പ്രമുഖര്‍ ഏഷ്യയെ ലക്ഷ്യമിടുന്നു. ഏഷ്യയില്‍ ഇന്ത്യയാണ് മിക്ക രാജ്യങ്ങളുടെയും നോട്ടം. കാരണം വികസനത്തിന് പര്യാപ്തമായതും വലിയ ഉപഭോക്തൃസമൂഹമുള്ളതും ഇന്ത്യയിലാണെന്നത് തന്നെയാണ്. എന്നാല്‍ ഗള്‍ഫ് നാടുകളിലെ ഭരണാധികാരികള്‍ ഇന്ത്യയെ നോട്ടമിടാന്‍ മറ്റു ചില കാരണങ്ങളുമുണ്ട്. അവരുടെ സാമ്പത്തിക വിളവെടുപ്പ് ഭൂമിയിലേക്ക് കൂടുതല്‍ മേഖലകളെ അടുപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. അതിന്റെ ഭാഗമായിട്ടാണ് മഹാരാഷ്ട്രയിലെ രത്‌നഗിരിയിലേക്ക് ഗള്‍ഫ് രാജ്യങ്ങള്‍ എത്തുന്നത്.

മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ കൂറ്റന്‍ എണ്ണ സംഭരണശാലയുണ്ട്. ഇവിടെ നിക്ഷേപം നടത്താന്‍ നേരത്തെ സൗദി അറേബ്യ തയ്യാറായിട്ടുള്ളതാണ്. ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ കമ്പനികള്‍ക്ക് നിരവധി വിദേശ രാജ്യങ്ങളില്‍ സംഭരണ-ശുദ്ധീകരണ കേന്ദ്രങ്ങളുണ്ട്. രത്‌നഗിരിയിലും സമാനമായ ലക്ഷ്യം തന്നെയാണ് സൗദിക്കുള്ളത്.

സൗദിയുടെ അരാംകോ കമ്പനിയാണ് രത്‌നഗിരി റിഫൈനറിയില്‍ നിക്ഷേപിക്കുന്നത്. ഇതിന്റെ പ്രഖ്യാപനം നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ യുഎഇയും അഡ്‌നേക്കും രത്‌നഗിരിയിലേക്ക് വരുന്നു. 4500 കോടി ഡോളര്‍ ചെലവില്‍ അഡ്‌നോക്ക് അബുദാബിയിലെ റുവൈസ് എണ്ണ കേന്ദ്രം വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബ്ലൂംബെര്‍ഗ് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് അഡ്‌നോക് സിഇഒ സുല്‍ത്താന്‍ അല്‍ ജാബിര്‍ ഇന്ത്യയിലെ നിക്ഷേപത്തെ കുറിച്ച് വിശദീകരിച്ചത്. റുവൈസ് കേന്ദ്രത്തില്‍ നിന്നുള്ള എണ്ണ ഉല്‍പ്പാദം 65 ശതമാനം വര്‍ധിപ്പിക്കാന്‍ അഡ്‌നോക്ക് തീരുമാനിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ സംഭരണകേന്ദ്രത്തിലും നിക്ഷേപിക്കുന്നത്.

2025 ആകുമ്പോഴേക്കും ഉല്‍പ്പാദനം കുത്തനെ വര്‍ധിപ്പിക്കാനാണ് യുഎഇയുടെ തീരുമാനം. ഓരോ ദിവസവും ആറ് ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കും. ബ്രിട്ടീഷ് പെട്രോളിയത്തിന്റെ സഹകരണത്തോടെയാണ് റുവൈസിലെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നത്. ഏഷ്യയില്‍ നിന്നുള്ള ആവശ്യം കണക്കിലെടുത്താണ് അഡ്‌നോക് ഉല്‍പ്പാദനം കൂട്ടുന്നത്. യുഎഇയില്‍ അബൂദാബി എമിറേറ്റ്‌സ് ആണ് പ്രധാനമായും എണ്ണ ഉല്‍പ്പാദിപ്പിക്കുന്നത്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന കൂടുതല്‍ എണ്ണയും കയറ്റുമതി ചെയ്യുന്നത് ഏഷ്യയിലേക്കാണ്. ഇന്ത്യ ഇറക്കുന്ന എണ്ണയുടെ സിംഹഭാഗവും യുഎഇയില്‍ നിന്നാണ്. സൗദി, ഇറാഖ്, യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ എണ്ണ പ്രധാനമായും ഇറക്കുന്നത്.

സൗദിയും യുഎഇയും ചേര്‍ന്ന് 4400 കോടി ഡോളറാണ് രത്‌നഗിരിയില്‍ നിക്ഷേക്കുന്നതെന്ന് എണ്ണ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. അരാംകോയുടെയും അഡ്‌നോക്കിന്റെയും വരവില്‍ ഇന്ത്യയ്ക്ക് വന്‍ പ്രതീക്ഷയുണ്ട്. അമിതമായി ഉല്‍പ്പാദിപ്പിക്കുന്ന എണ്ണ ഇന്ത്യയിലെ കേന്ദ്രത്തില്‍ ഇരുകൂട്ടരും സംഭരിക്കും. ലോകത്തെ രണ്ടാമത്തെ എണ്ണ ഉപഭോക്തൃരാജ്യമാണ് ഇന്ത്യ. കര്‍ണാടകയിലെ എണ്ണ റിഫൈനറിയില്‍ 5.86 ദശലക്ഷം ബാരല്‍ എണ്ണ സംഭരിക്കാന്‍ അഡ്‌നോക്ക് തീരുമാനിച്ചിട്ടുണ്ട്. അതിന് പുറമെയാണ് രത്‌നഗിരിയിലും നിക്ഷേപിക്കുന്നത്. ഇറാനെതരെ അമേരിക്ക വീണ്ടും ഉപരോധം ശക്തമാക്കാനുള്ള നീക്കം തുടങ്ങിയിരിക്കെയാണ് യുഎഇ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത്.

ഇറാന്റെ എണ്ണ ഇപ്പോള്‍ ആഗോള വിപണിയില്‍ ലഭ്യമാണ്. അമേരിക്ക ആണവ കരാറില്‍ നിന്ന് പിന്‍മാറിയ സാഹചര്യത്തില്‍ ഇറാനെതിരെ ഉപരോധം ശക്തിപ്പെട്ടേക്കാം. അപ്പോള്‍ ഇറാന്റെ എണ്ണ വിപണിയില്‍ ലഭ്യമാകാത്ത സാഹചര്യം വരും. ഈ ഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. എണ്ണ ഉല്‍പ്പാദം വഴിയുണ്ടായിരുന്ന വരുമാനം കുത്തനെ ഇടിഞ്ഞ് നഷ്ടത്തിലായപ്പോഴാണ് സൗദി അറേബ്യ ഉല്‍പ്പാദനം കുറച്ചത്. ഒപെക് രാജ്യങ്ങളുടെ യോഗം ചര്‍ച്ച ചെയ്തിരുന്നു. സൗദിക്ക് പിന്തുണ ലഭിക്കുകയാണുണ്ടായത്. എന്നാല്‍, ഇറാന്‍ എണ്ണ വിപണിയില്‍ നിന്ന് ഇല്ലാതായാല്‍ സ്വാഭാവികമായും ഒപെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കൂട്ടേണ്ടി വരും.

ഇക്കാര്യമാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. സൗദിയും യുഎഇയുമുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടാണ്് ട്രംപ് ഇക്കാര്യം പറയുന്നത്. എന്നാല്‍ സൗദി പറയുന്നത്് തങ്ങള്‍ മാത്രമായി ഉല്‍പ്പാദനം കൂട്ടില്ല എന്നാണ്. ഈ പശ്ചാത്തലത്തിലാണ് യുഎഇ ഉല്‍പ്പാദനം കൂട്ടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി അറേബ്യയും ഇറാനും എന്നും ശത്രുപക്ഷത്താണ്. എണ്ണവില വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. ഒരു ബാരല്‍ എണ്ണയ്ക്ക് 85 ഡോളറിലെത്തിക്കാനാണ് സൗദിയുടെ പദ്ധതി. എന്നാല്‍ വില കൂട്ടുന്നതിനോട് യോജിപ്പില്ലെന്നാണ് ഇറാന്‍ പറയുന്നത്. എണ്ണവില ക്രമാതീതമായി വര്‍ധിപ്പിക്കുന്ന ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് ഇറാന്‍ അഭിപ്രായപ്പെടുന്നു.

Top