വിണ്ണില്‍ വിസ്മയം തീര്‍ത്ത് ദുബായ് എയര്‍ഷോ

 

ആകാശത്തെ അദ്ഭുതക്കാഴ്ചകളാണ് ദുബായ് എയര്‍ ഷോ. വിണ്ണിലെ താരങ്ങള്‍ മണ്ണിലും വിണ്ണിലും വിസ്മയം സൃഷ്ടിച്ചു. വിവിധ രാജ്യങ്ങളുടെ എയ്‌റോബാറ്റിക് ടീമുകള്‍ കാഴ്ച വച്ച അഭ്യാസക്കാഴ്ചകളായിരുന്നു പ്രധാന ആകര്‍ഷണം. യുഎഇ എയ്‌റോബാറ്റിക് ടീം അല്‍ ഫുര്‍സാന്‍ തന്നെയാണ് വിസ്മയക്കാഴ്ചകള്‍ക്ക് തുടക്കമിട്ടത്. കുത്തനെ പറന്നുയര്‍ന്നും ആകാശത്ത് കരണം മറിഞ്ഞും കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. ശ്വാസമടക്കി പിടിച്ചാണ് ആസ്വാദകര്‍ ഈ അദ്ഭുതക്കാഴ്ചകള്‍ കണ്ടത്. പലപ്പോഴും കാഴ്ചക്കാരുടെ കണ്ണുകളെ വേഗം കൊണ്ട് തോല്‍പിച്ചു കളഞ്ഞു വിമാനങ്ങള്‍.

മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ വ്യോമയാന പ്രദര്‍ശന മേളയില്‍ ലോകത്തിലെ ഏറ്റവും മികച്ച പോര്‍വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ എന്നിവയ്‌ക്കൊപ്പം അത്യാഡംബര വിമാനങ്ങളും അണിനിരന്നു. വ്യോമയാന രംഗത്തെ ഏറ്റവും വലിയ മേളയില്‍ വന്പന്‍ വിമാനക്കന്പനികളെല്ലാം അണി നിരന്നു.പോര്‍വിമാനങ്ങള്‍ തന്നെയായിരുന്നു ഷോയുടെ പ്രധാന ആകര്‍ഷണം. പോര്‍ വിമാനങ്ങളില്‍ ഏറ്റവും അപകടകാരികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്രാന്‍സിന്റെ റഫാല്‍, മിറാഷ്, അമേരിക്കയുടെ എഫ് 16 എന്നിവയെല്ലാം അല്‍ മക്തൂം വിമാനത്താവളത്തില്‍ കരുത്തു കാണിക്കാനെത്തി. യുദ്ധ മേഖലയില്‍ പടക്കോപ്പുകളും മറ്റും എത്തിക്കാനുള്ള ചരക്കു വിമാനങ്ങളും പ്രദര്‍ശനത്തിലുണ്ട്.

പൈലറ്റിന് കളിപ്പാട്ടം പോലെ നിയന്ത്രിക്കാനാകുന്ന ഒറ്റ എന്‍ജിന്‍ വിമാനങ്ങളുമുണ്ട്. നൂതന സാങ്കേതികവിദ്യകളുടെ കരുത്തില്‍ ഒട്ടേറെ ലക്ഷ്യങ്ങള്‍ റാഞ്ചാന്‍ ശേഷിയുള്ള ഹെലികോപ്റ്ററുകളും മേളയെ ആകര്‍ഷകമാക്കി. വേഗത്തിലും കരുത്തിലും ആക്രമണശേഷിയിലും പോര്‍വിമാനത്തോടു കിടപിടിക്കുന്ന ഹെലികോപ്റ്ററുകളാണിവഅമേരിക്കന്‍ സേനയുടെ പവലിയനാണ് എയര്‍ഷോയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്, വെടിക്കോപ്പുകളും ചെറുമിസൈലുകളുമായി ശത്രുപാളയങ്ങള്‍ ചാമ്പലാക്കാന്‍ ശേഷിയുള്ള അപ്പാച്ചി മുതല്‍ സീഹോക് വരെയുണ്ട് അമേരിക്കന്‍ പവിലിയനില്‍. അമേരിക്കന്‍ സേനയുടെ അഭിമാനമായ ബ്ലാക് ഹോക്കിനെ അടുത്തറിയിനും സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്.

വ്യോമയാന രംഗത്തെ പുത്തന്‍ സാങ്കേതിക വിദ്യകളും പ്രദര്‍ശനത്തിലുണ്ടായിരുന്നു.വ്യോമയാന രംഗത്ത് ലോകമെങ്ങും നിന്നുള്ള സ്ഥാപനങ്ങള്‍ ഈ സാങ്കേതിക വിദ്യകള്‍ നേരിട്ടറിയുന്നതിനും സ്വന്തമാക്കുന്നതിനുമായി ദുബായിലേക്കെത്തി. വന്‍ ഇടപാടുകള്‍ക്കൊപ്പം വന്‍ പ്രഖ്യാപനങ്ങളും എയര്‍ഷോയിലുണ്ടായി. ദുബായില്‍ നിന്ന് നാലു മണിക്കൂര്‍ കൊണ്ട് ലണ്ടനിലേക്കെത്തുന്ന സൂപ്പര്‍ സോണിക് വിമാന സര്‍വീസായിരുന്നു ഇതില്‍ പ്രധാനം.എന്തിലും ഏതിലും മുന്നില്‍ നില്‍ക്കുന്ന ദുബായില്‍ നടക്കുന്ന എയര്‍ഷോയില്‍ എത്തിയ ഏറ്റവും പുതിയ ആകാശ വിസ്മയങ്ങള്‍ ഉയര്‍ത്തിയത് ദുബായിയുടെ പെരുമ കൂടിയാണ്.

 

Top