ഖത്തര്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന വിവരങ്ങള്‍ക്ക് പിന്നാലെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് അല്‍ജസീറ

ദോഹ: ഖത്തര്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ മൂന്ന് അയല്‍രാജ്യങ്ങള്‍ ശ്രമിച്ചുവെന്ന വിവരങ്ങള്‍ക്ക് പിന്നാലെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് അല്‍ജസീറ. ഖത്തറില്‍ പ്രശ്‌നമുണ്ടാക്കുന്നതിന് അയല്‍രാജ്യത്തെ രാജാവ് പണം നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. ജിസിസിയിലെ രണ്ട് രാജ്യങ്ങള്‍ ഈ രാജാവിന് ഇക്കാര്യത്തില്‍ പിന്തുണ നല്‍കിയെന്നും അല്‍ജസീറ സംപ്രേഷണം ചെയ്്ത ഡോക്യുമെന്ററിയുടെ രണ്ടാംഭാഗത്തില്‍ പറയുന്നു.

ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ആഴ്ചകള്‍ക്ക് മുമ്പ് അല്‍ജസീറ പുറത്തുവിട്ടിരുന്നു. ഖത്തര്‍ ഭരണകൂടത്തെ അട്ടിമറിച്ച് ബദല്‍സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു അതില്‍ ആരോപിച്ചത്. രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങാനുള്ള സാഹചര്യമാണ് ചില രാജ്യങ്ങള്‍ ചേര്‍ന്ന് ഒരുക്കിയതെന്ന് ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തറും അയല്‍രാജ്യങ്ങളും തമ്മില്‍ ഭിന്നത നിലനില്‍ക്കെയാണ് ആശങ്ക വര്‍ധിപ്പിക്കുന്ന റിപ്പോര്‍ട്ട്.

1996ലാണ് ഖത്തര്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ നാല് രാജ്യങ്ങള്‍ ശ്രമിച്ചുവെന്ന് ആരോപിച്ചിട്ടുള്ളത്. ജിസിസിയിലെ മൂന്ന് രാജ്യങ്ങളും ഒരു അറബ് രാജ്യവും ചേര്‍ന്നാണ് അട്ടിമറി ആസൂത്രണം ചെയ്തത്. ഇതിന് വേണ്ടി ചില ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കിയത് അയല്‍രാജ്യത്തെ നിലവിലെ രാജാവാണെന്നും ചാനല്‍ ആരോപിക്കുന്നു.

രാജാവിന്റെ പേര് ഡോക്യുമെന്ററിയില്‍ വ്യക്തമാക്കുന്നുണ്ട്. സംഭവം നടക്കുമ്പോള്‍ ഇദ്ദേഹം കിരീടവകാശി ആയിരുന്നു. ഖത്തറിലുള്ള ചില ഉദ്യോഗസ്ഥരെ കണ്ടെത്തി അവരെയാണ് അട്ടിമറി നടത്താന്‍ ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കുക മാത്രമല്ല, കുടുംബങ്ങള്‍ക്ക് ആഡംബര വീടുകള്‍ ഒരുക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

അട്ടിമറി നടത്താന്‍ നിയോഗിക്കപ്പെട്ടവര്‍ എന്ന് കാണിച്ച് ചിലരെ ഡോക്യുമെന്ററിയില്‍ പരിചയപ്പെടുത്തുന്നു. ഇവര്‍ നല്‍കിയ മൊഴികള്‍ അടിസ്ഥാനമാക്കിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. ഖത്തറിലെ മുന്‍ അമേരിക്കന്‍ അംബാസഡറുടെ അഭിമുഖവും ഞായറാഴ്ച പുറത്തുവിട്ട ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എക്‌സ്‌ക്ലൂസീവ് ഡോക്യുമെന്ററി എന്ന പേരിലാണ് അല്‍ ജസീറ അട്ടിമറിയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.

നാല് രാജ്യങ്ങള്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ട്. മൂന്ന് രാജ്യങ്ങളാണ് പ്രധാനും അട്ടിമറിക്ക് ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷേ, എന്തുകൊണ്ടോ ശ്രമം പരാജയപ്പെട്ടു. സമ്മര്‍ദ്ദത്തിന് വഴങ്ങി ഭരണകൂടത്തെ അട്ടിമറിക്കാന്‍ കൂട്ടുനിന്നുവെന്ന് പഴയ പ്രമുഖരായ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നുണ്ട് ഡോക്യുമെന്ററിയില്‍.

Top