പ്രാര്‍ഥനയോടെ പതിനായിരങ്ങള്‍ ആല്‍ബര്‍ട്ടിനായി കാത്തിരിക്കുന്നു

കൂട്ടുകാര്‍ ഓരോരുത്തരായി ചാടിരക്ഷപ്പെട്ടു പോകുമ്പോഴും താന്‍ ആ വാഹനത്തില്‍ ഒറ്റയ്ക്കാകുമ്പോഴും അവന്‍ ആ സ്റ്റിയറങ്ങില്‍ മുറുകെ പിടിച്ചിരുന്നു. മൂന്നില്‍ ആര്‍ത്തലച്ചുവരുന്ന വെള്ളപ്പാച്ചിലിനു വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ. കുത്തിയൊഴുകിവന്ന മലവെള്ളം കോരിയെടുക്കുമ്പോള്‍ ആല്‍ബര്‍ട് ജോയ് എന്ന പതിനെട്ടുകാരന്റെ മനസില്‍ ഒന്നേയുണ്ടായിരുന്നുള്ളൂപിതാവിന്റെ വാഹനം നഷ്ടപ്പെട്ടുപോകരുത്.

വ്യാഴാഴ്ച മലവെള്ളപാച്ചിലില്‍ കാണാതായ റാസല്‍ഖൈമ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ബിറ്റ്‌സ്)യിലെ മലയാളി വിദ്യാര്‍ഥി ആല്‍ബര്‍ട് ജോയിയുടെ ഒപ്പമുണ്ടായിരുന്ന എല്ലാ കൂട്ടുകാരും രക്ഷപ്പെട്ടു. അവന്‍ മാത്രം, കാണാപ്പുറത്ത് എവിടെയോ. വാഹനം രക്ഷപ്പെടുത്താനാണു ആല്‍ബര്‍ട്ട് പുറത്തേയ്ക്കു ചാടാതിരുന്നതെന്ന് അവന്റെ കൂട്ടുകാര്‍ പറഞ്ഞതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇന്നലെ ലഭിച്ചത് അവന്റെ ഷര്‍ട്ടാണ്. അത് പിതാവ് ജോയി തിരിച്ചറിഞ്ഞു. പാന്റ്‌സും ലഭിച്ചെങ്കിലും അത് ആല്‍ബര്‍ട്ടിന്റേത് തന്നെയാണോ എന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചതിനാല്‍ ഉറപ്പിച്ചിട്ടില്ല. ഇതേ സമയം ഒഴുക്കില്‍പ്പെട്ട ഒരു ഒട്ടകത്തിന്റെ മൃതദേഹം അണക്കെട്ടിനടുത്ത് നിന്ന് കണ്ടുകിട്ടിയിട്ടുണ്ട്.     ഷീസിലെ ഉറയ്യ തടാകത്തിനടുത്തെ അണക്കെട്ട് പൊട്ടി ശക്തമായ മലവെള്ളപാച്ചിലായിരുന്നെന്ന് സമീപത്തു താമസിക്കുന്ന സ്വദേശി ഖലീഫ അല്‍ നഖ്ബി പറഞ്ഞു.

രണ്ടുവാഹനത്തില്‍വന്ന വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അവര്‍ മുന്നോട്ടുപോകുന്നത് അപകടമാകുന്നത് അറിയാമായിരുന്നതുകൊണ്ടാണ് അവരെ ശ്രദ്ധിച്ചത്. അപകടം കണ്ട് അവരോടു രക്ഷപ്പെടാന്‍ പറഞ്ഞു, എന്നാല്‍ ഒരു വിദ്യാര്‍ഥി മാത്രം ഇറങ്ങിയില്ല… അവന്റെ പിതാവിന്റെ വാഹനം നഷ്ടപ്പെടരുതെന്നു കരുതിയായിരിക്കാം ഖലീഫ അല്‍ നഖ്ബി പറഞ്ഞു. ഉടന്‍ പൊലീസിനെ അറിയിച്ചെന്നും വിദ്യാര്‍ഥികളെ ആശുപത്രിയില്‍ എത്തിച്ചെന്നും അദ്ദേഹം അറിയിച്ചു.

ഒഴുക്കില്‍പ്പെട്ട വാഹനം അണക്കെട്ടിനോട് ചേര്‍ന്നാണ് കണ്ടെത്തിയത്. ഇവ പിന്നീട് കരക്കെത്തിച്ചു. ഒഴുക്കിനിടെ വാഹനത്തിന്റെ വാതില്‍ തനിയെ തുറന്ന് ആല്‍ബര്‍ട്ട് പുറത്തേയ്ക്ക് തെറിച്ചുവീണിരിക്കാനാണ് സാധ്യത. രക്ഷപ്പെടാന്‍ വേണ്ടി അവന്‍ പുറത്തേയ്ക്ക് ചാടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.പ്രാര്‍ഥനയോടെ ആല്‍ബര്‍ട്ടിനെ ജീവനോടെ കണ്‍മുന്‍പില്‍ എത്തിക്കണേ എന്ന പ്രാര്‍ഥനയിലാണ് യുഎഇയിലെ മലയാളി സമൂഹം. സംഭവ ദിവസം നാട്ടിലായിരുന്ന ആല്‍ബര്‍ട്ടിന്റെ പിതാവ് ജോയ് യുഎഇയില്‍ തിരിച്ചെത്തിയിട്ടുണ്ട്. മാതാവ് വത്സമ്മ റാസല്‍ഖൈമയില്‍ തന്നെയുണ്ടായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇരുവരെയും ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്.

ഇതിനിടെ, തിരച്ചില്‍ നടത്താന്‍ റാസല്‍ഖൈമ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തകരടക്കം നൂറോളം പേര്‍ സജീവ പങ്കാളികളായി. കിഴക്കന്‍ മേഖലയിലെ പൊലീസിന്റെ റെസ്‌ക്യു യൂണിറ്റും വ്യോമയാന വിഭാഗവുമാണ് തിരച്ചില്‍ നടത്തുന്നത്. ഇവരോടൊപ്പമാണ് മലയാളി സന്നദ്ധ പ്രവര്‍ത്തകര്‍ തിരച്ചിലില്‍ പങ്കാളികളാകുന്നത്. റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് എസ്.എ.സലീം, സെക്രട്ടറി ഗോപകുമാര്‍, മലയാള സമാജം മുന്‍ പ്രസിഡന്റ് നാസര്‍ അല്‍ ദാന എന്നിവര്‍ നേതൃത്വം നല്‍കുന്നു.

രണ്ട് വാഹനങ്ങളിലായി പത്തോളം വിദ്യാര്‍ഥികളാണ് എത്തിയത്. ഇതില്‍ ഒരു വഹനം നേരത്തെ മടങ്ങിയെങ്കിലും ആല്‍ബര്‍ട്ട് ഓടിച്ച ഫോര്‍വീലറിലിരുന്ന് ആറ് കൂട്ടുകാര്‍ കുറേ സമയം തടാകക്കരയില്‍ ചെലവഴിക്കുകയായിരുന്നു. മഴ പെയ്യുമ്പോള്‍ തടാകം നിറയുകയും ആ സൗന്ദര്യം നുകരാന്‍ സ്വദേശികളടക്കം ഒട്ടേറെ പേരെത്തുകയും പതിവാണ്. എന്നാല്‍, ഉറയ്യ തടാകത്തിനടുത്ത് സംഭവ ദിവസം കൂടുതല്‍ ആളുകളുണ്ടായിരുന്നില്ല.

യുഎഇഒമാന്‍ അതിര്‍ത്തിയിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിനോട് ചേര്‍ന്നുള്ള സ്ഥലത്തായിരുന്നു ആല്‍ബര്‍ട്ടിന്റെ ഫോര്‍വീലര്‍ കിടന്നിരുന്നത്.  ഇവിടെ നിന്ന് നാല് കിലോ മീറ്റര്‍ ദൂരത്ത് നിന്നാണ് ആല്‍ബര്‍ട്ടിന്റെ ഷര്‍ട്ട് ലഭിച്ചത്. പാന്റ്‌സ് കണ്ടുകിട്ടിയത് രണ്ട് കിലോ മീറ്റര്‍ അപ്പുറത്ത് നിന്നും. പക്ഷേ, പാന്റ്‌സ് ആല്‍ബര്‍ട്ടിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, അണക്കെട്ടിന്റെ ഒരു ഭാഗം സ്ഥിതി ചെയ്യുന്ന ഒമാന്‍ ഭാഗത്തും തിരച്ചില്‍ നടത്താന്‍ അവിടെ നിന്നുള്ള മുങ്ങല്‍ വിദഗ്ധര്‍ ഇന്ന്(ഞായര്‍) എത്തുമെന്ന് എസ്.എ.സലീം പറഞ്ഞു.

Top