പിടിച്ചുപറിക്കേസിൽ ഡെൽഹിയിൽ നിന്നും മുങ്ങിയ പ്രതി ആലുവയിൽ പിടിയിൽ

പിടിച്ചുപറി കേസിൽ ഡൽഹി കോടതിയിൽ നിന്നും ജാമ്യമെടുത്ത ശേഷം മുങ്ങിയ പ്രതിയെ ആലങ്ങാട് പൊലീസിന്‍റെ സഹായത്തോടെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. യുസി കോളെജ് കാരുകുന്ന് സ്വദേശി ബിനോയി ഫിലിപ്പ് (38)നെയാണ് ഡൽഹിയിൽ നിന്നെത്തിയ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.

ഡൽഹിയിൽ സ്വകാര്യ ബസ് കണ്ടക്റ്ററായിരുന്ന പ്രതി പിടിച്ചുപറി കേസിൽ മൂന്ന് വർഷം മുമ്പ് ഡൽഹി പൊലീസിന്‍റെ പിടിയിലായിരുന്നു. കോടതിയിൽ നിന്നും ജാമ്യമെടുത്ത ശേഷം പ്രതി നാട്ടിലേക്ക് മുങ്ങുകയായിരുന്നു.

ഇതേതുടർന്ന് ഡൽഹി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ഇന്നലെ രാവിലെ ഡൽഹി പൊലീസ് ആലങ്ങാട് എസ്ഐ എൽ. അനിൽകുമാറുമായി സംസാരിച്ച ശേഷം പ്രതിയെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. മാതാപിതാക്കൾക്കൊപ്പം വർഷങ്ങളോളം ഡൽഹിയിലായിരുന്ന പ്രതി ജാമ്യമെടുത്ത് മുങ്ങിയ ശേഷം കാരുകുന്നിലെ തറവാട് വീട്ടിലെത്തി താമസിക്കുകയായിരുന്നു. പ്രതി ഇവിടെ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ആലുവ കോടതി പ്രതിയെ ഡൽഹി പൊലീസിനൊപ്പം വിട്ടു.

Top