ആലുവയില്‍ പട്ടാപകല്‍ യാത്രക്കാരിയായ വീട്ടമ്മയെ പൊതിരെ തല്ലി ഓട്ടോഡ്രൈവറുടെ പരാക്രമം

ആലുവ : ബാക്കി നല്‍കാനുള്ള പണം ആവശ്യപ്പെട്ടതിന് യാത്രക്കാരിക്കു ഓട്ടോ ഡ്രൈവറുടെ മര്‍ദ്ദനം. അടിയേറ്റ് മുഖത്ത് പരിക്കുപറ്റിയ ആലങ്ങാട് കളപ്പറമ്പില്‍ ജോസഫിന്റെ ഭാര്യ നീത (37) യെ ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നീതയുടെ പല്ലിന് ഇളക്കം തട്ടിയിട്ടുണ്ട്. ഓട്ടോ ഡ്രൈവര്‍ ആലുവ കുട്ടമശേരി കുഴിപ്പള്ളം ലത്തീഫിനെതിരേ ആലുവ പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.

വിവരം പുറത്തായതോടെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുകയാണ്. നിതയ്ക്ക് ഐക്യദാര്‍ട്യം പ്രഖ്യാപിച്ചു കൊണ്ടാണ് സമൂഹ മാധ്യമ കൂട്ടായ്മ രംഗത്തെത്തിയിരിക്കുന്നത്. വനിത ദിനത്തില്‍ സ്ത്രീയ്ക്ക് നേരെയുണ്ടായ ഓട്ടോ ഡ്രൈവറുടെ ക്രൂരതയെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനങ്ങളാണുയരുന്നത്.

വ്യാഴാഴ്ച മൂന്നു മണിയോടെയാണ് സംഭവം. തൃശ്ശൂരില്‍ പോയി മടങ്ങി ആലുവയിലെത്തിയതായിരുന്നു നീത. ബൈപ്പാസ് ജംഗ്ഷനില്‍ ബസിറങ്ങി. സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തിരുന്ന റെയില്‍വേ സ്റ്റേഷനിലേക്കാണ് നീത ഓട്ടോ വിളിച്ചത്. റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ കൂലിയായി ഡ്രൈവര്‍ 40 രൂപ ആവശ്യപ്പെട്ടു. ചില്ലറയായി 35 രൂപയേ നീതയുടെ പക്കല്‍ ഉണ്ടായിരുന്നുള്ളൂ. 40 രൂപ വേണമെന്ന് ഡ്രൈവര്‍ വാശി പിടിച്ചതോടെ നീത 500 രൂപ നല്‍കി.

ഇതിന് ചില്ലറ വാങ്ങുന്നതിനായി നീതയുമായി ഡ്രൈവര്‍ തൊട്ടടുത്ത പെട്രോള്‍ പമ്പിലെത്തി. ചില്ലറ മാറിയ ശേഷം 450 രൂപ തിരികെ നല്‍കി. തനിക്ക് പത്ത് രൂപ കൂടി കിട്ടാനുണ്ടെന്ന് നീത പറഞ്ഞതോടെ ഡ്രൈവര്‍ അസഭ്യം പറഞ്ഞെന്ന് നീത പറഞ്ഞു. ‘നിന്നെയൊെക്ക കാണിച്ചുതരാമെടീ’ എന്നു പറഞ്ഞ് റെയില്‍വേ സ്റ്റേഷന്റെ എതിര്‍ ദിശയിലേക്ക് ഇയാള്‍ വേഗത്തില്‍ ഓട്ടോ ഓടിച്ചുപോയി. നീത ഓട്ടോയില്‍നിന്ന് ചാടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

ആലുവയിലൊരു സ്‌കൂളിനകത്തേക്ക് ഓട്ടോ ഓടിച്ചു കയറ്റിയ ശേഷം നീതയെ മര്‍ദിക്കുകയായിരുന്നു. മുഖത്ത് നിരവധി തവണ അടിച്ചു. അടികൊണ്ട് മുഖം തടിച്ചുവീര്‍ത്തിട്ടുണ്ട്. മര്‍ദനം സഹിക്കാന്‍ പറ്റാതായതോടെ ഡ്രൈവറുടെ കൈയില്‍ നീത കടിച്ചു. ഇതോടെ ഓട്ടോയുമെടുത്ത് ഡ്രൈവര്‍ കടന്നു. സ്‌കൂള്‍ കോമ്പൗണ്ടിന് പുറത്തെത്തി മറ്റൊരു ഓട്ടോ വിളിച്ച് സുഹൃത്തിന്റെ വക്കീല്‍ ഓഫീസില്‍ നീത അഭയം തേടി. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. അവരുടെ സഹായത്തോടെയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇതിനിടെ കൈക്ക് പരിക്കേറ്റ ഓട്ടോ ഡ്രൈവറും ആലുവ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയിരുന്നു. എന്നാല്‍ അവിടെ പോലീസിനെയും നീതയെയും കണ്ടതോടെ ഇയാള്‍ മുങ്ങി. മൈസൂരുവില്‍ എല്‍.എല്‍.ബി. നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥി കൂടിയാണ് നീത. ഭര്‍ത്താവ് ജോസഫ് വിദേശത്തായതിനാല്‍ ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഇപ്പോള്‍ ആശുപത്രിയില്‍ നീതയ്ക്ക് കൂട്ടിനുള്ളത്.

ഓട്ടോ ഡ്രൈവര്‍ ലത്തീഫ് ഒളിവിലാണെന്ന് ആലുവ സി.ഐ. വിശാല്‍ ജോണ്‍സണ്‍ പറഞ്ഞു. ലത്തീഫിന്റെ മൊബൈല്‍ നമ്പര്‍ കണ്ടെത്തി വിളിച്ച് പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താണ് ഇയാള്‍ മുങ്ങിയിരിക്കുന്നത്.

Top