ഞാന്‍ ഒരു ജോലിയുമില്ലാതെ ഇരിക്കുന്ന ആളല്ല; അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി അമല പോള്‍

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണിയില്‍ അമല പോളിന് പകരം പ്രിയ ആനന്ദ് നായികയായി എത്തുമെന്ന് കഴിഞ്ഞ ദിവസമാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്.ഇതുസംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. അമലയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയെന്നായിരുന്നു ഇതിലൊന്ന്. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ക്ക് നടി തന്നെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

ട്രെയ്ഡ് അനലിസ്റ്റും സിനിമാ നിരൂപകയുമായ ശ്രീദേവി ശ്രീധര്‍ അമലയ്ക്ക് പകരം പ്രിയ ആനന്ദിനെ നായികയാക്കി എന്ന് ട്വീറ്റ് ചെയ്തിരുന്നു. ശ്രീദേവിയുടെ ട്വീറ്റിന് മറുപടിയായാണ് അമല രംഗത്തെത്തിയത്. തന്നെ ആരും മാറ്റിയതല്ല, മറ്റു സിനിമകളുടെ തിരക്ക് കാരണം ചിത്രത്തില്‍ നിന്നും സ്വയം പിന്മാറുകയായിരുന്നെന്നും ഒരു ജോലിയുമില്ലാതെ ഇരിക്കുന്ന ആളല്ല താനെന്നും അമല ട്വീറ്റ് ചെയ്തു.

ചിത്രത്തില്‍ നിന്നും അമലയെ ഒഴിവാക്കിയതല്ലെന്നും ചിത്രീകരണത്തിന് എത്തിച്ചേരാന്‍ സാധിക്കാത്തതിനാല്‍ സ്വമേധയാ പിന്മാറുകയായിരുന്നുവെന്നും റോഷന്‍ ആന്‍ഡ്രൂസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ അമലാപോളിന് പകരം എത്തുന്നത് തെന്നിന്ത്യന്‍ താരം പ്രിയ ആനന്ദ് ആണ്. പൃഥ്വിരാജിന്റെ എസ്രയിലൂടെ നേരത്തെ തന്നെ പ്രിയ മോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ശ്രീലങ്കയാണ്. കേരള കര്‍ണാടക അതിര്‍ത്തിയായ രാമാടി ഗ്രാമത്തിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. പഴയകാലത്തെ കായംകുളവും പരിസര പ്രദേശങ്ങളും ശ്രീലങ്കയില്‍ പുനഃസൃഷ്ടിച്ചായിരിക്കും ചിത്രീകരണം. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന കായംകുളം കൊച്ചുണ്ണി അടുത്ത വര്‍ഷം മാര്‍ച്ചോടെ തീയേറ്ററുകളില്‍ എത്തും.

Top