അനുനയ ചര്‍ച്ചകള്‍ക്ക് സ്ഥാനം കൊടുക്കാതെ ദിലീപ്; സ്ത്രീകള്‍ക്ക് വേണ്ടി മഞ്ജുവും കൂട്ടരും; നിലവിലെ ഭാരവാഹികള്‍ സ്ഥാനം ഒഴിയും

കൊച്ചി: താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം നടക്കാനിടയില്ല. ഇനി ജനറല്‍ ബോഡി യോഗം മതിയെന്ന ധാരണയിലാണ് സംഘടനാ നേതൃത്വം മുന്നോട്ടു പോകുന്നതെന്നാണ് ലഭ്യമായ വിവരം. ദിലീപ് വിഷയത്തില്‍ അംഗങ്ങള്‍ക്കിടയില്‍ മൂര്‍ദ്ധന്യാവസ്ഥയില്‍ നിലനില്‍ക്കുന്ന അസ്വാരസ്യം തന്നെയാണ് എക്‌സിക്യൂട്ടീവ് യോഗം മാറ്റിവയ്ക്കാന്‍ കാരണമായിട്ടുള്ളത്. ഇനി അടുത്ത കാലത്തൊന്നും എക്‌സിക്യൂട്ടീവ് നടക്കാനിടയില്ല. വിവിധ ഗ്രൂപ്പുകളെ യോജിപ്പിക്കാനുള്ള മോഹന്‍ലാലിന്റെ നീക്കങ്ങള്‍ വിജയിക്കാത്തതാണ് ഇതിന് കാരണം. പൃഥ്വിരാജിനെ അനുനയിപ്പിക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞെങ്കിലും മറ്റുപല താരങ്ങളും പ്രതിഷേധത്തിലാണ്. സംഘടനയിലേക്ക് ഇല്ലെന്ന നിലപാടിലാണ് ദിലീപ്. എന്നാലും ദിലീപിനെ അനുകൂലിക്കുന്നവര്‍ കരുനീക്കവുമായി സജീവമാണ്.

ഇനി അമ്മയുടെ ജനറല്‍ ബോഡി മാത്രമേ നടക്കാനിടയുള്ളൂ. അതില്‍ നിലവിലെ ഭാരവാഹികള്‍ സ്ഥാനം ഒഴിയും. പകരം ആളുകളെ കണ്ടെത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ സംഘടന പിടിച്ചെടുക്കാന്‍ ദിലീപ് അനുകൂലികളും എതിരാളികളും രംഗത്ത് വരും. അമ്മയുടെ ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടി ദിലീപിനെ സംരക്ഷിച്ചില്ലെന്ന അഭിപ്രായം ദിലീപ് അനുകൂലികളില്‍ ശക്തമാണ്. അതുകൊണ്ട് തന്നെ മമ്മൂട്ടിക്കെതിരെ ശക്തമായ വികാരം ഉയര്‍ത്താനാകും ദിലീപിന്റെ ശ്രമം. ഈ സാഹചര്യത്തില്‍ ഇനി അമ്മയിലേക്ക് ഇല്ലെന്ന നിലപാടിലാണ് മമ്മൂട്ടി. പ്രസിഡന്റ് ഇന്നസെന്റും കളമൊഴിയും. പകരം ആരുവരുമെന്ന് ദിലീപ് തീരുമാനിക്കുന്ന അവസ്ഥയാണുള്ളത്. ദിലീപ് യോഗത്തിനെത്തിയില്ലെങ്കില്‍ പോലും അമ്മയിലെ അംഗങ്ങളില്‍ ബഹുഭൂരിഭാഗവും ദിലീപിനൊപ്പമാണ്.

നിലവില്‍ അമ്മയെന്ന സംഘടന നിശ്ചലമായ അവസ്ഥയിലാണ്. ആരും ഒരു തീരുമാനങ്ങളും എടുക്കുന്നില്ല. ഈ പ്രത്യേക സാഹചര്യത്തില്‍ അമ്മയുടെ ഭരണം മോഹന്‍ലാല്‍ ഏറ്റെടുക്കണമെന്ന അഭിപ്രായവും സജീവമാണ്. എന്നാല്‍ മോഹന്‍ലാലും ഇതിന് സന്നദ്ധനല്ല. പുതിയ നേതൃ നിര വരട്ടേയെന്നതാണ് നിലപാട്. ബാലചന്ദ്രമേനോനെ ചുമതല ഏല്‍പ്പിക്കണമെന്നാണ് മുതിര്‍ന്ന താരങ്ങളുടെ പൊതു അഭിപ്രായം. അതിനിടെ സിദ്ദിഖിന്റെ പ്രധാന ചുമതലയിലെത്തിക്കാന്‍ ദിലീപ് അനുകൂലികളും കരുനീക്കം തുടങ്ങിയിട്ടുണ്ട്. എക്‌സിക്യൂട്ടീവില്‍ പോലും ദിലീപ് അനുകൂലികള്‍ മാത്രം ജയിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിക്കാനാണ് നീക്കം. പ്രത്യക്ഷത്തില്‍ സംഘടനയില്‍ ഇടപെടല്‍ നടത്താന്‍ പൃഥ്വിയും ഇപ്പോള്‍ താല്‍പ്പര്യം കാണിക്കുന്നില്ല. ഏല്ലാവരും ഒരുമിച്ച് ആവശ്യപ്പെട്ടാല്‍ പൃഥ്വി തയ്യാറുമാണ്. എന്നാല്‍ ദിലീപ് അനുകൂലികള്‍ അതിന് സമ്മതിക്കുകയുമില്ല.

കുഞ്ചാക്കോ ബോബനെ മുന്നില്‍ നിര്‍ത്തണമെന്ന അഭിപ്രായം മഞ്ജു വാര്യരെ പോലുള്ളവര്‍ക്കുണ്ട്. സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന വേണമെന്നും പറയുന്നു. എന്നാല്‍ ഇതൊന്നും പരസ്യ നിലപാടായി മഞ്ജു അവതരിപ്പിക്കുന്നുമില്ല. ഇതും ദിലീപിനെ ഭയന്നാണെന്നാണ് സൂചന. നേരത്തെ ദിലീപിനെ പുറത്താക്കിയ നടപടി ചര്‍ച്ച ചെയ്യാന്‍ എക്‌സിക്യൂട്ടീവ് വിളിക്കുന്നതിനെ കുറിച്ച് സംഘടന ആലോചിച്ചിരുന്നു. എന്നാല്‍ അംഗങ്ങള്‍ക്കിടയിലെ ഭിന്നത കാരണം ഇത് നടന്നില്ല. മോഹന്‍ലാല്‍ സിനിമാ ഷൂട്ടിങിന്റെ തിരക്കിലായിരുന്നു. ഒടിയന്റെ ഷൂട്ടിങ് ഇടവേളയില്‍ എല്ലാവരേയും ഒരുമിപ്പിക്കാനായിരുന്നു ലാലിന്റെ ശ്രമം. ഇത് പൂര്‍ണ്ണമായും വിജയിക്കില്ലെന്ന് ലാലിനും അറിയാം. അതുകൊണ്ടു തന്നെ അതിനായി വലിയൊരു ഇടപെടല്‍ ലാല്‍ നടത്തിയതുമില്ല. ഈ സാഹചര്യത്തില്‍ ജനറല്‍ ബോഡി വിളിച്ച് സ്ഥാനം ഒഴിയാനാണ് നിലവിലെ ഭാരവാഹികളുടെ തീരുമാനം.

പൃഥ്വിരാജിന് അനുനയ ചര്‍ച്ചകളോട് വലിയ താല്‍പ്പര്യമില്ല. ദിലീപും ചര്‍ച്ചകളുമായി സഹകരിക്കില്ലെന്ന സൂചന മോഹന്‍ലാലിന് നല്‍കിയിട്ടുണ്ട്. കുഞ്ചാക്കോ ബോബനും നിവിന്‍ പോളിയും അടക്കമുള്ളവര്‍ മൗനത്തിലുമാണ്. ഇതു കാരണം അമ്മയിലെ പ്രശ്‌ന പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ ഒരടി പോലും മുന്നോട്ട് പോകുന്നില്ല. അതിനാല്‍ ജനറല്‍ ബോഡി ചേരുന്നതിലും തീരുമാനം എടുക്കാനാകുന്നില്ല. സ്വയം വിഴുപ്പലക്കലിന്റെ വേദിയായി അമ്മയുടെ യോഗം മാറുമോ എന്ന ഭയമാണ് ഇതിന് കാരണം. സംഘടനയെ കുറേ കാലമായി നിയന്ത്രിച്ചിരുന്നത് ദിലീപായിരുന്നു. ഇതെല്ലാം അമ്മയിലെ പ്രതിസന്ധിയെ രൂക്ഷമാക്കുന്നു. ഈ സാഹചര്യത്തിലാണ് സ്ഥാനം ഒഴിയാന്‍ മമ്മൂട്ടിയും ഇന്നസെന്റും തീരുമാനിക്കുന്നത്.

ദിലീപിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയ കൊച്ചിയില്‍ നടന്ന എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ തീരുമാനമാണ് ഇപ്പോള്‍ കീറാമുട്ടിയായി പരിണമിച്ചിട്ടുള്ളത്. ദിലീപ് പൊലീസ് കസ്റ്റഡിയില്‍ ആയിരുന്ന അവസരത്തില്‍ ഈ വിഷയത്തില്‍ മനസ്സുതുറക്കാതിരുന്നവര്‍ ഇപ്പോള്‍ നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും രംഗത്തു വരുന്നുണ്ട്. തല്‍ക്കാലം സസ്പന്‍ഷന്‍ മതിയായിരുന്നെന്നും ബാക്കി നടപടി ജനറല്‍ ബോഡി തീരുമാന പ്രകാരമാണ് വേണ്ടിയിരുന്നതെന്ന അഭിപ്രായക്കാരാണ് സംഘടനയില്‍ ഇപ്പോള്‍ ശക്തിപ്പെട്ടിട്ടുള്ളത്. ദിലീപിനായി വാദിക്കുന്നവര്‍ക്ക് അമ്മയില്‍ ഭൂരിപക്ഷം ഉണ്ട്. അതുകൊണ്ട് തന്നെ ഈ വാദത്തിനാണ് മേല്‍ക്കൈ.

Top