തങ്ങള്‍ ചാനലുകള്‍ കേറുകയും അവാര്‍ഡ് വാങ്ങുകയും ചെയ്യുമെന്ന് ഫിലിം ചേബറിനോട് അമ്മ; ‘മക്കള്‍ ചാനലില്‍ കയറരുത് എന്ന് ആരു പറഞ്ഞാലും നടക്കില്ല’

കൊച്ചി: അമ്മയുടെ മക്കള്‍ ചാനലില്‍ കയറരുത് എന്ന് ആരു പറഞ്ഞാലും നടക്കില്ലെന്ന് നിലപാടെടുത്തതോടെ ചാനല്‍ അവാര്‍ഡ് നിശകളിലുള്‍പ്പെടെ താരങ്ങളെ വിലക്കാനായി വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. അവാര്‍ഡ് നിശകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ഫിലിം ചേംബര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് ചര്‍ച്ച ചെയ്യാനാണ് വിവിധ സിനിമാ സംഘടനകളുടെ സംയുക്ത യോഗം വിളിച്ചത്. എന്നാല്‍ താരങ്ങളുടെ വരുമാന മാര്‍ഗം കൂടിയായ ചാനല്‍ അവാര്‍ഡ് നിശകളും പരിപാടികളും വിലക്കുന്നതിന് നടത്തിയ നീക്കം തുടക്കത്തിലേ പൊളിയുകയായിരുന്നു.

ഫിലിം ചേംബര്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശം അംഗീകരിക്കാനാകില്ലെന്ന് താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രതിനിധികള്‍ നിലപാടെടുത്തതോടെയാണ് ചര്‍ച്ച അലസിയത്. ഒടുവില്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമെടുക്കാമെന്ന ധാരണയില്‍ യോഗം പിരിയുകയായിരുന്നു. കേരള ഫിലിം ചേംബറും താരസംഘടന അമ്മയും ഉള്‍പ്പെടെ ആറ് സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.

കേരള ഫിലിം പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്നീ സംഘടനകളുടെ പ്രതിനിധികളും എത്തി. എല്ലാ സംഘടനകളുടേയും മുഖ്യ ഭാരവാഹികളോടും സഹഭാരവാഹികളോടുമാണ് യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടത്.

ചര്‍ച്ച തുടക്കം മുതല്‍ കലുഷിതമായിരുന്നു. അടുത്ത മൂന്ന് വര്‍ഷത്തേക്ക് ചാനലുകള്‍ നടത്തുന്ന താരനിശകളില്‍ അമ്മ അംഗങ്ങള്‍ പങ്കെടുക്കരുതെന്നായിരുന്നു ഫിലിം ചേംബര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഈ ആവശ്യത്തെ അമ്മ പ്രതിനിധികളായെത്തിയ ഇന്നസെന്റ്, ഗണേശ്കുമാര്‍, ഇടവേള ബാബു തുടങ്ങിയവര്‍ എതിര്‍ത്തതോടെ ചര്‍ച്ച ബഹളത്തിലേക്ക് നീങ്ങി. ഇന്നസെന്റും ഗണേശ്കുമാറും നിലപാടറിയിച്ച ശേഷം ചര്‍ച്ച പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ മടങ്ങി. ഇരുവരും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ വാര്‍ത്തകള്‍ വന്നുതുടങ്ങിയപ്പോള്‍ തന്നെ ചില താരങ്ങള്‍ ടെലിവിഷന്‍ പരിപാടികളില്‍ നിന്ന് മാറി നിന്നിരുന്നു. സിനിമ മേഖലയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പടച്ചുവിടുകയാണെന്നായിരുന്നു ഒരു കൂട്ടം താരങ്ങളുടെ ആക്ഷേപം. പിന്നാലെ, അമ്മയുടെ ജനറല്‍ ബോഡി മീറ്റിംങ്ങിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തിനിടെ താരങ്ങള്‍ കൂവിളിച്ച് മാധ്യമപ്രവര്‍ത്തകരെ അപമാനിക്കാനും ശ്രമം നടന്നിരുന്നു. ഇതിന് ദിലീപ് അനുകൂലികളുടെ പിന്തുണയും ഉണ്ടായി. എന്നാല്‍ താരങ്ങളുടെ വരുമാനമാര്‍ഗം കൂടിയാണ് ചാനല്‍ ഷോകള്‍ എന്നിരിക്കെ അതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനോട് ഭൂരിഭാഗം താരങ്ങളും അനുകൂലിക്കുന്നില്ല.

എന്നാല്‍ ഫിലിം ചേംബറിന്റെ ഇപ്പോഴത്തെ ഭാരവാഹികളെല്ലാം പുതുമുഖങ്ങളായതിനാല്‍ മറ്റ് സംഘടനകളിലെ അംഗങ്ങളെ പരിചയപ്പെടുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചതെന്നായിരുന്നു ചേംബര്‍ പ്രസിഡന്റ് കെ.വിജയകുമാര്‍ പറഞ്ഞത്. മറ്റു കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നും സിനിമാ മേഖലയ്ക്ക് ഗുണകരമായ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും ഗുണകരമല്ലാത്തവ ഒഴിവാക്കണമെന്നും പറഞ്ഞിട്ടുണ്ടെന്നും വിജയകുമാര്‍ പറഞ്ഞു.

താരങ്ങളെ പങ്കെടുപ്പിച്ച് ചാനലുകള്‍ നടത്തുന്ന ഷോകള്‍ക്ക് യാതൊരുവിധ സത്യവുമില്ലെന്നാണ് ചേംബറിന്റെ വിലയിരുത്തല്‍. അവാര്‍ഡ് നിശകളുടെ മറവില്‍ ചാനലുകളെ തിന്ന് കൊഴുക്കാന്‍ സമ്മതിക്കില്ലെന്നാണ് ചേംബര്‍ പറയുന്നത്. മാസങ്ങള്‍ക്ക് മുമ്പേ ചേംബര്‍ ഇക്കാര്യം ആലോചിച്ചിരുന്നുവെങ്കിലും, എല്ലാവരുമായും ധാരണയിലെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു എന്നും ചേംബര്‍ പ്രതിനിധികള്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ താരങ്ങള്‍ക്ക് ചാനല്‍ ഷോകളില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ നീക്കം ഉണ്ടായതോടെ വിഷയത്തില്‍ വന്‍ എതിര്‍പ്പുമായി നല്ലൊരു വിഭാഗം താരങ്ങളും എത്തി. ദിലീപ് അനുകൂല നിലപാട് എടുക്കാത്ത ചാനലുകളുടെ പരിപാടികളില്‍ പങ്കെടുക്കരുത് എന്ന നീക്കമാണ് ഒരു വിഭാഗം നടത്തിയതെന്ന ആക്ഷേപമാണ് ഉയരുന്നത്. എന്നാല്‍ ഇതിന്റ പേരില്‍ ചാനല്‍ വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കം തുടക്കത്തിലേ പൊളിയുകയായിരുന്നു.

Top