ഭക്ഷണവും , രുചിയും, സാഹസികതയും സമന്വയിപ്പിച്ച ടിവി ഹോസ്റ്റ് ആന്തണി ബൗര്‍ദെയിന്‍ ജീവിതത്തിനു സുല്ലിട്ടു

ന്യൂയോര്‍ക്ക്: പ്രമുഖ ചാപക വിദഗ്ധനും സി.എന്‍.എന്‍ ടിവി ഹോസ്റ്റുമായ ആന്തണി ബൗര്‍ദെയിന്‍ ഫ്രാന്‍സിലെ ഒരു ഹോട്ടലില്‍ മരണത്തിനു സ്വയം കീഴടങ്ങി. ഭക്ഷണവും രുചിയും സാഹസികതയും സമന്വയയപ്പിച്ച പത്രപ്രവര്‍ത്തനത്തിലൂടെ വ്യത്യസ്തവും ഏറെ പ്രചാരമുള്ളതുമായ ടിവി ഷോ നടത്തി വന്നിരുന്ന ബൗര്‍ദെയിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍ നടുക്കമുളവാക്കുന്നതായിരുന്നു. സി.എന്‍.എന്നില്‍ 2013 മുതല്‍ തുടരുന്ന ‘ആന്തണി ബൗര്‍ദെയിന്‍: പാര്‍ട്‌സ് അണ്‍നൗണ്‍’ എന്ന ടിവി ഷോയുടെ ഒരു ഭാഗം ഷൂട്ട് ചെയ്യുന്നതിനു വേണ്ടി സ്ട്രാസ്ബര്‍ഗിലെത്തിയ ബൗര്‍ദെയിനെ വെള്ളിയാഴ്ച രാവിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം സി.എന്‍.എന്‍ തന്നെയാണ് പുറത്തുവിട്ടത്.


അറുപത്തിയൊന്നു വയസുള്ള ബൗര്‍ദെയിന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും സി.എന്‍.എന്‍ സ്ഥിരീകരിച്ചു. സാഹസികതയെയും പുതിയ സുഹൃത്തുക്കളെയും ഭക്ഷണത്തെയും പാനീയങ്ങളെയും ഇഷ്ടപ്പെട്ടിരുന്ന ബൗര്‍ദെയിന്‍ വിവിധ ദേശങ്ങളിലൂടെ സഞ്ചരിച്ച് അസാധാരണ റിപ്പോര്‍ട്ടുകള്‍ തയാറാക്കിയാണ് ലോകമെങ്ങും അറിയപ്പെടുന്ന വാര്‍ത്താ അവതാരകനായി മാറിയെതെന്ന് സി.എന്‍.എന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രാഗല്‍ഭ്യം തങ്ങളെ നിരന്തരം അദ്ഭുതപ്പെടുത്തിയിരുന്നുവെന്നും, അത് ഇനി നഷ്ടപ്പെടുകയാണെന്നും സന്ദേശത്തില്‍ പറയുന്നു. പുതിയ സംസ്‌കാരങ്ങളും, ഹ്യൂമണ്‍ ഇന്ററസ്റ്റിംഗ് വാര്‍ത്തകളും പുറം ലോകത്ത് എത്തിക്കുന്നതിന് ഭക്ഷണത്തെ കൂട്ടുപിടിച്ചുള്ള അവതരണ രീതി ഏറെ വ്യത്യസ്തത പുലര്‍ത്തിയിരുന്നു. ഓരോ ദിനമുള്ള വാര്‍ത്തകളില്‍ മാത്രം അധിഷ്ഠിതമായിരുന്ന സി.എന്‍.എന്‍ പ്രൈം ടൈം പൊളിച്ചെഴുതുന്നതില്‍ ‘ആന്തണി ബൗര്‍ദെയിന്‍: പാര്‍ട്‌സ് അണ്‍നൗണ്‍’ എന്ന ടിവി പരമ്പര നിമിത്തമായി. മറ്റു പലരും പിന്നീട് ഇത് പിന്തുടര്‍ന്നു.
അമേരിക്കയില്‍ സെലിബ്രേറ്റികളുടെ ആത്മഹത്യ സംബന്ധിച്ച ചര്‍ച്ചകള്‍ക്കു വഴിമരുന്നിടാനും ബൗര്‍ദെയിന്റെ മരണം കാരണമായിട്ടുണ്ട്. ഏതാനും ദിവസം മുമ്പാണ് പ്രമുഖ ഫാഷന്‍ ഡിസൈനറായ കേറ്റ് സ്‌പേഡിനെ ന്യൂയോര്‍ക്കിലെ പാര്‍ക്ക് അവന്യൂവിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി കേറ്റ് വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് ഭര്‍ത്താവ് പിന്നീട് അറിയിച്ചു. അമേരിക്കയില്‍ 1999 നെ അപേക്ഷിച്ച് ആത്മഹത്യാ നിരക്കു കൂടിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 2015 ല്‍ നടന്ന ആത്മഹത്യയില്‍ പകുതിയലധികം പേര്‍ക്കും മനോരോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ കണ്ടെത്തിയിരുന്നു.

Top