അരുവിക്കര: ആർക്ക് വോട്ട് ചെയ്യണം? അഴിമതി മുന്നണികൾക്കോ, വർഗീയതക്കോ?

രുവിക്കരയില്‍ ഇലക്ഷന് ഇനി രണ്ടുനാള്‍കൂടി. കലാശക്കൊട്ട് ഇന്ന്. പ്രധാന 3സ്ഥാനാർഥികളിൽ ഒരാൾ ജയിക്കും. അവര്‍ക്ക് പറയാനുള്ളത് ഇതിനോടകം ജനങ്ങളോട് പറഞ്ഞുകഴിഞ്ഞു. കേരള രാഷ്ട്രീയത്തിലെ കാരണവന്മാരും, മറ്റ് സാമൂഹിക സാംസ്കാരിക നായകന്മാരും ചേരിതിരിഞ്ഞ് രംഗത്തെത്തി. കൂടാതെ തെരഞ്ഞെടുപ്പിന് കൂടുതല്‍ കൊഴുപ്പും, വര്‍ണപ്പകിട്ടുമേകാന്‍ സിനിമാ സീരിയല്‍ നടിനടന്മാരെ വരെ സ്ഥാനാര്‍ഥികള്‍ അണിനിരത്തി. ഇതെല്ലാം കണ്ടുംകേട്ടും അരുവിക്കര നിവാസികള്‍ ഇപ്പോള്‍ ആശയക്കുഴപ്പത്തിലാണ്. രാഷ്ട്രീയക്കാര്‍ പലവഴികളില്‍ നടത്തിയ മസ്തിഷ്ക പ്രാക്ഷാളനത്താല്‍ അവരില്‍ പലര്‍ക്കും മസ്തിഷ്‌ക ജീര്‍ണം സംഭവിച്ചുകഴിഞ്ഞു. അകെ ആശയകുഴപ്പത്തിലാണ്‌ ജനം. ആരെ വിജയിപ്പിക്കണമെന്ന് ആശയക്കുഴപ്പത്തിലായ ഈ ജനം വേണം ഇനി തീരുമാനിക്കാൻ.

യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ്.ശബരീനാഥ്:  ആളുചെറുപ്പം, സുന്ദരന്‍, വാഗ്മി. നിലവിലുള്ള മറ്റ് സ്ഥാനാര്‍ഥികളെ അപേക്ഷിച്ച് വെളുത്ത് ആരോഗ്യമുള്ള നിറപുഞ്ചിരിയും, സുന്ദരമായ അധരങ്ങളും ഉള്ളവന്‍! രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു തറവാട്ടില്‍ പിറന്നവന്‍. അഴിമതികളെക്കുറിച്ച് അറിവില്ലാത്തവന്‍. ഇത്രയും ഗുണഗണങ്ങളാണ് ശബരിനാഥിനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി അരുവിക്കരയില്‍ നിര്‍ത്താന്‍ യു.ഡി.എഫ് തീരുമാനിച്ചത്. അന്തരിച്ച ജി. കാര്‍ത്തികേയനോടുള്ള സഹതാപതരംഗവും അതിനൊരു സാധൂകരണം. ഇതിലുമുപരി ആടിയുലഞ്ഞുകൊണ്ടിരിക്കുന്ന ഉമ്മന്‍ ചാണ്ടി ഭരണകൂടം ഇക്കാലമത്രയും ചെയ്ത അഴിമതികളും, കൂട്ടിക്കൊടുക്കലുകളും, പെണ്‍വാണിഭങ്ങളും നിഷ്കളങ്കനായ ശബരിനാഥ് എന്ന പശയിട്ട് ഉറപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. വിജയകുമാര്‍: 65 വയസ് പ്രായം. ധാരാളം രാഷ്ട്രീയ ഭരണ പാരമ്പര്യം. അവിടവിടെ ചുക്കിചുളിയാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോഴും ആള് സുന്ദരന്‍. വാഗ്മി. പ്രസാദാത്മകമായ മുഖവുമായി എല്ലാവരോടും അടുത്ത സ്നേഹബന്ധം പുലര്‍ത്തുന്ന മനുഷ്യസ്നേഹി. അരുവിക്കരക്കാരന്‍. 2001-ലെ പരാജയം മറന്നാല്‍ തൊട്ടതെല്ലാം പൊന്നാക്കിയവന്‍. ജയിച്ചുകിട്ടിയാല്‍ യു.ഡി.എഫ് മന്ത്രിസഭയ്ക്കെതിരെയുള്ള നല്ല ഒരു ആയുധം. അല്ലെങ്കില്‍ പ്രതികരണം നഷ്ടപ്പെട്ട പ്രതിപക്ഷത്തില്‍ ഒരാള്‍കൂടി.

ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍. 85 വയസ് പ്രായം. രാമനാമം ജപിച്ച് കൊച്ചുമക്കളെ കളിപ്പിച്ച് ഭവനത്ത് ഒതുങ്ങിക്കൂടേണ്ട പ്രായമെങ്കിലും, ഇപ്പോഴും രാഷ്ട്രീയത്തില്‍ ഊര്‍ജസ്വലന്‍. കേരളം മുതല്‍ കേന്ദ്രം വരെ അറിയപ്പെടുന്ന വ്യക്തി. ബി.ജെ.പിക്ക് കേരളത്തില്‍ ചുവടുറപ്പിക്കാന്‍ വീണ്ടും ഒരു ശ്രമം.

ഇവരെ കൂടാതെ അഴിമതിവിരുദ്ധ മുന്നണി സ്ഥാനാര്‍ഥി കെ. ദാസ്, സ്വതന്ത്രര്‍, അപരനാമ സ്ഥാനാര്‍ഥികള്‍ എന്നിങ്ങനെ സ്ഥാനാര്‍ഥികളുടെ ഒരു വലിയ പടതന്നെ രംഗത്തുണ്ട്. സ്ഥാനാര്‍ഥി ബാഹുല്യത്താല്‍ തെരഞ്ഞെടുപ്പില്‍ രണ്ട് വോട്ടിങ് മെഷീനുകള്‍ വരെ ഉപയോഗിക്കേണ്ട അവസ്ഥയാണ് നിലവില്‍. കൂടാതെ തെരഞ്ഞെടുപ്പില്‍ ആടിത്തിമിര്‍ത്ത ആറാട്ടുമുണ്ടന്മാര്‍, കശാപ്പുകാര്‍, പാണ്ടന്‍നായകള്‍ എന്നിവരില്‍ നിന്ന് വോട്ടിങ് ബൂത്തുകളെ സംരക്ഷിക്കുവാന്‍ കേരള പോലീസിനെ കൂടാതെ 154 ബൂത്തുകളിലും പട്ടാളക്കാരെയും കരുതിയിട്ടുമുണ്ട്.

ഇനി അരുവിക്കരയിലെ ജനങ്ങള്‍ക്ക് തീരുമാനിക്കാം ഇവരില്‍ ആരെയാണ് നിങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുക്കേണ്ടതെന്ന്. ഇവര്‍ നല്‍കിയ മോഹനവാഗ്ദാനങ്ങളില്‍ മാത്രം നിങ്ങള്‍ വീണുപോകരുത്. വോട്ടിങ് മെഷീന്റെ അടുത്തുചെന്ന് നിങ്ങള്‍ ഒന്നും പ്രതീക്ഷിക്കാതെ വോട്ട് ചെയ്യുക. ഇവരില്‍ ആരോക്കെ ജയിച്ച് അധികാരത്തിലേറിയാലും അരുവിക്കര എന്നും അരുവിക്കരയായി അവിടെ ഉണ്ടാവും. വിദേശരാജ്യങ്ങളായ ചെന്നൈ, മുംബൈ എന്നിവിടങ്ങളില്‍ കാറിനകത്തിരുന്ന് മേക്കപ്പ് ഇട്ട് ശീലമുള്ളവര്‍ക്ക് ഒന്ന് മേക്കപ്പ് പോലുമിടാന്‍ കഴിയാത്ത കുണ്ടും കുഴിയുമുള്ള റോഡുകളുമായി!

അരുവിക്കരയില്‍ ആര് ജയിക്കുമെന്ന് ചോദിച്ചാല്‍ അതിനൊരു ഉത്തരം പറയുക അസാധ്യം. എന്നാല്‍ 1,77,594 വോട്ടർമാരാണ് അരുവിക്കരയിലുള്ളത്. ഇതിൽ 1,35,000ത്തിലധികം വോട്ടുകൾ പോൾ ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. മറ്റ് കള്ളത്തരങ്ങള്‍ നടക്കാത്ത പക്ഷം പോള്‍ ചെയ്യുന്ന വോട്ടുകളില്‍ ഭൂരിപക്ഷം ലഭിക്കുന്നത് ആര്‍ക്കോ അവര്‍ തീര്‍ച്ചയായും ജയിക്കും. രാഷ്ട്രീയവും ജാതിയും മതവും തീരുമാനിക്കുമ്പോലെ!

അരുവിക്കരയിലെ ജനങ്ങളേ പോളിങ് ബൂത്തിലേക്ക് പോകുന്നതിനു മുമ്പ് നിങ്ങള്‍ ഒന്നു ചിന്തിക്കുക! നിങ്ങളുടെ വോട്ടുകള്‍ അഴിമതിയിലും പെണ്‍വാണിഭത്തിലും ആടിയുലയുന്ന ഒരു മന്ത്രിസഭയെ താങ്ങി നിര്‍ത്താന്‍ കൊടുക്കണോ? രാഷ്ട്രീയ കൊലപാതങ്ങളിലും, ചേരിപ്പോരുകളിലും തട്ടിപ്പുകളിലും പേരുകേട്ട, ഒരു അഴിമതി മന്ത്രിസഭയ്ക്ക് ഒത്താശപാടി നിഷ്ക്രിയരായി പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷത്തിലേക്ക് ഒരാളെക്കൂടി നല്‍കാനാകണോ? മതാന്ധത ബാധിച്ച് ന്യൂനപക്ഷജനങ്ങളെയും അവരുടെ വിശ്വാസങ്ങളെയും കൊന്നൊടുക്കുന്ന വര്‍ഗീയവാദികള്‍ക്ക് പുതുശക്തി പകരുന്നതിനാകണോ? നിങ്ങള്‍ക്ക് തീരുമാനിക്കാം! വോട്ടർമാരുടെ മസ്തിഷ്കത്തിലെ രാഷ്ട്രീയവും മതാന്ധതയും ഒക്കെ തീരുമാനിക്കും അരുവിക്കരയിൽ ആരു ജയിക്കണം എന്ന്.

Top