അരുവിക്കരയില്‍ പോളിംഗ് 76.35%

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയില്‍ കനത്ത മഴയെയും അതിജീവിച്ച് മികച്ച പോളിംഗ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് 76.35 ശതമാനം പേരാണ് തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിച്ചത്. കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം ഇതോടെ മറികടന്നു. 2011ൽ ജി. കാർത്തികേയൻ ജയിച്ച തിരഞ്ഞെടുപ്പിലെ പോളിങ്ങിനേക്കാൾ (70.28) ഏഴുശതമാനത്തിലേറെ പേർ വോട്ടു ചെയ്തു. എട്ട് പഞ്ചായത്തുകളിലും വോട്ടിംഗ് 70 ശതമാനം പിന്നിട്ടു. ഉച്ച ശേഷം മഴ കനത്തെങ്കിലും വോട്ടര്‍മാരുടെ വീര്യം തളര്‍ത്താന്‍ ഇതിന് കഴിഞ്ഞില്ല.

പഞ്ചായത്തുകളിലെ വോട്ടിങ് ശതമാനം 

ആര്യനാട് – 79.07

അരുവിക്കര – 78.22

വെള്ളനാട് – 78.83

പൂവച്ചൽ – 76.98

വിതുര – 75.82

ഉഴമലയ്ക്കൽ – 78.45

കുറ്റിച്ചൽ – 75.44

തൊളിക്കോട് – 74.83

വന്‍ പോളിംഗ് ശുഭസൂചനയാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ശബരീനാഥന്‍ പറഞ്ഞു. പോളിംഗ് ഉയരുന്നത് വിജയ പ്രതീക്ഷ നല്‍കുന്നുവെന്ന് വിജയകുമാര്‍ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയം മുതലുള്ള മുന്നേറ്റം പോളിംഗിലും തുടരുന്നു എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന രാഷ്ട്രീയത്തിനു നിർണായകമായ ജനവിധിയെക്കുറിച്ച് ഇരുമുന്നണികളും ബിജെപിയും ശുഭപ്രതീക്ഷയിലാണ്. പോളിങ് ഉയർന്നതു തങ്ങൾക്ക് അനുകൂലമാകുമെന്ന വാദമാണ് ഇരുമുന്നണികളുടേതും. സ്ത്രീകളുടെ വലിയ ക്യൂ രാവിലെ മുതൽ കാണാനായത് യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥന് അനുകൂലമായ തരംഗമാണ് സൂചിപ്പിക്കുന്നത് എന്നു യുഡിഎഫ് വിലയിരുത്തുന്നു. സർക്കാർ വിരുദ്ധ വികാരം ബൂത്തുകളിലേക്ക് ഒഴുകി എന്ന് എൽഡിഎഫ്. സ്വാധീന കേന്ദ്രങ്ങളിൽ പ്രതിഫലിച്ച ഇളക്കം ബിജെപിയുടെയും പ്രതീക്ഷ ഉയർത്തുന്നു.

എട്ടു പഞ്ചായത്തുകളിലും കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ കനത്ത പോളിങ്ങാണ് ഉണ്ടായത്. തൊളിക്കോടു ഒഴിച്ച് ഏഴു പഞ്ചായത്തുകളിലും 75% കടന്നു. കൂടുതൽ ആര്യനാട്ട്– 79.07%. ആകെയുള്ള 154 ബൂത്തുകളിൽ അപൂർവം ഇടത്ത് വോട്ടിങ് യന്ത്രം കേടായത് ചെറുതായി ബാധിച്ചത് ഒഴിച്ചാൽ വോട്ടെടുപ്പു സുഗമമായിരുന്നു. ചില്ലറ തർക്കങ്ങൾ മാറ്റിവച്ചാൽ സമാധാനപരവും. കെ.എസ്. ശബരീനാഥൻ(യുഡിഎഫ്) എം. വിജയകുമാർ(എൽഡിഎഫ്) ഒ. രാജഗോപാൽ(ബിജെപി) എന്നിവരടക്കം 16 സ്ഥാനാർഥികളാണു ജനവിധി തേടിയത്. രാവിലെ ഏഴിനു പോളിങ് ആരംഭിച്ചപ്പോൾ തന്നെ പല ബൂത്തിലും ക്യൂ രൂപപ്പെട്ടിരുന്നു. ആദ്യ മൂന്നു മണിക്കൂറിൽ 23% പേർ വോട്ടുചെയ്തു.

മലയിടിയില്‍ സി.പി.എമ്മിന്റെ ബൂത്ത് തകര്‍ത്തതായി ആരോപണമുണ്ട്. രാവിലെ 7 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് പോളിംഗ്. വോട്ടെടുപ്പിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് മണ്ഡലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 16 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

Top