അരുവിക്കരയില്‍ സി.പി.ഐ(എം) പരാജയ ഭീതിയില്‍? ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു: കോടിയേരി

തിരുവനന്തപുരം: അരുവിക്കരയില്‍ സി.പി.ഐ(എം)മിന്റെ വോട്ടുകള്‍ ബി.ജെ.പി പിടിച്ചെടുത്തുവെന്ന കണ്ടെത്തലുമായി കൊടിയേരി ബാലകൃഷ്ണന്‍. ഇത് സി.പി.എമ്മിന്റെ പരാജയത്തിനു മുന്‍പുള്ള പാര്‍ട്ടിയുടെ മുന്‍കൂര്‍ ജാമ്യമായി വ്യാഖ്യാനിക്കപ്പെടുന്നു.

അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം വിഭജിക്കപ്പെടുന്ന സാഹചര്യം ഉണ്ടായതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇതിന്റെ ആനുകൂല്യം യു.ഡി.എഫിനാണ് ലഭിച്ചതെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇടതുവോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി നടത്തിയ ശ്രമം വിജയിച്ചു. നിയമസഭ തിരഞ്ഞെടുപ്പിന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ബിജെപിക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അരുവിക്കരയിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു. എന്നാൽ, ആ ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ ഇടതുപക്ഷം മാത്രമല്ല ഉണ്ടായിരുന്നത്. ബി.ജെ.പിയും മറ്റു സ്ഥാനാർത്ഥികളും ഉണ്ടായിരുന്നു. അങ്ങനെ സർക്കാരിനെതിരായ വോട്ടുകൾ ഇടതുപക്ഷത്തിന് മാത്രമായി ലഭിക്കുന്നത് തടയപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ പത്ത് ശതമാനം വോട്ട് മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഇത്തവണ അവരുടെ വോട്ട് കൂടും. ബി.ജെ.പിക്ക് ശക്തനായ സ്ഥാനാർത്ഥി ഇല്ലായിരുന്നെങ്കിൽ യു.ഡി.എഫിന് കനത്ത തോൽവി ഉണ്ടാവുമായിരുന്നു. സർക്കാരിനെതിരായ വികാരമുള്ളവരുടെ വോട്ടുകൾ ബി.ജെ.പിക്കും ലഭിക്കും. മുന്പെങ്ങും ഇല്ലാത്ത ഈ സ്ഥിതി വിശേഷമാണ് അരുവിക്കരയിൽ കണ്ടത്. ഭാവിയിൽ ഇത്തരം സാഹചര്യം ഉണ്ടാവാതിരിക്കാൻ ഇത് സംബന്ധിച്ച് കൂടുതൽ ആലോചിക്കേണ്ടി ഇരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.പി.എമ്മിന്റെ ശക്തനായ സ്ഥാനാര്‍ഥി എം. വിജയകുമാറിന് പ്രതീക്ഷയ്ക്കൊത്ത് മുന്നേറാനായില്ലെന്നുള്ളത് സമ്മതിക്കുകയാണ് കൊടിയേരി ചെയ്തതെന്നാണ് ഇതില്‍കൂടി മനസിലാകുന്നത്. കൂടാതെ യു.ഡി.എഫിനെ പരാജയപ്പെടുത്തുവാന്‍ സി.പി.ഐ(എം) രഹസ്യമായി ബി.ജെ.പിയുമായി ധാരണയുണ്ടാക്കിയിരുന്നതായും കൊടിയേരിയുടെ ഈ പ്രസ്താവനയിലൂടെ വ്യക്തമാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

Top