അരുവിക്കര കയറുന്നതാര്? കൂട്ടിക്കിഴിച്ച് മുന്നണികള്‍

തിരുവനന്തപുരം: അരുവിക്കരയിലെ ഒരു മാസത്തിലധികം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണച്ചൂട് അവസാനിച്ചതിന്റെ ആശ്വാസത്തിലാണ് സ്ഥാനാര്‍ഥികള്‍. വാഹനപ്രചാരണവും വീട് സന്ദര്‍ശനവുമൊക്കെയായി മണ്ഡലത്തില്‍ കയറിയിറങ്ങി കഴിഞ്ഞദിവസങ്ങളില്‍ വോട്ട് പിടിച്ച സ്ഥാനാര്‍ഥികള്‍ അല്‍പം ആശ്വാസത്തിലായിരുന്നു ഇന്നലെ. അരുവിക്കരയിലെ ജനമനസ് അറിയാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ കൂട്ടലും കിഴിക്കലുമായി കാത്തിരിപ്പിലാണ് മുന്നണികള്‍.

യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. താന്‍ തന്നെ നിയമസഭയിലത്തെുമെന്ന് അദ്ദേഹം പറഞ്ഞു. മാതാവ് എം.ടി. സുലേഖ നല്‍കിയ പ്രാതലും കഴിച്ച് രാവിലെ 11 ന് തന്നെ ശബരീനാഥന്‍ ആര്യനാട് യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ എത്തി. അവിടെ പ്രവര്‍ത്തകരും നേതാക്കളുമായി അവലോകനം. തുടര്‍ന്ന് തോളൂര്‍, ആര്യനാട് എന്നിവിടങ്ങളിലെ മരണവീടുകള്‍ സന്ദര്‍ശിച്ചശേഷം വീണ്ടും ആര്യനാട്ടെ ഓഫിസില്‍ മടങ്ങിയത്തെി. കുറച്ചുനേരം ചെലവഴിച്ചശേഷം വിവിധ പഞ്ചായത്തുകളില്‍ എത്തി പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തി. കഴിയുമെങ്കില്‍ കുടുംബവുമായി രാത്രിയില്‍ ഒരു സിനിമക്ക് പോകണമെന്നും ശബരീനാഥന്‍ കൂട്ടിച്ചേര്‍ത്തു.

പ്രചാരണത്തിന്റെ ചൂടില്‍നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. വിജയകുമാര്‍ ഇന്നലെ എത്തിയത് സി.പി.എം സംസ്ഥാന സമിതി യോഗത്തിലേക്കായിരുന്നു. പകല്‍ മുഴുവന്‍ സംസ്ഥാന സമിതി യോഗത്തിലാണ് ചെലവഴിച്ചത്. അരുവിക്കരയിലെ വോട്ടര്‍മാരില്‍ പൂര്‍ണവിശ്വാസമാണെന്നും വിജയം ഉറപ്പാണെന്നും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം. വിജയകുമാര്‍. ജനഹിതം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ എല്ലാ തന്ത്രങ്ങളും പ്രയോഗിച്ചെങ്കിലും ശക്തമായ ഭരണവിരുദ്ധ വികാരം നീക്കങ്ങളെ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഒ. രാജഗോപാലാകട്ടെ രാഷ്ട്രീയത്തിന് പൂര്‍ണവിശ്രമമാണ് രണ്ടു ദിവസങ്ങളില്‍ നല്‍കിയിട്ടുള്ളത്. ഊഹാപോഹങ്ങളോട് പ്രതികരിക്കാനും തയാറായില്ല. ജനങ്ങളുടെ പ്രതികരണത്തില്‍നിന്ന് വിജയസാധ്യതയുണ്ടെന്ന സൂചനയാണ് ലഭിക്കുന്നതെന്ന് മാത്രം അദ്ദേഹം പറഞ്ഞു. തന്റെ പ്രതീക്ഷ പോലെ തന്നെയാണു കാര്യങ്ങള്‍ പുരോഗമിക്കുന്നതെന്നും സര്‍ക്കാരിന്റെ തെറ്റായ പോക്കിനെതിരേയുള്ള ജനവിധിയായിരിക്കും അരുവിക്കരയിലേതെന്നും ബി.ജെ.പി. സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ പറഞ്ഞു. രാവിലെ എഴുന്നേറ്റ് പതിവ് പൂജ നടത്തി. രാമകൃഷ്ണാശ്രമം ഉള്‍പ്പെടെ രണ്ടിടങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കാനും പോയി.

പോളിങ് ശതമാനം കൂടിയത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് യു.ഡി.എഫും എല്‍.ഡി.എഫും ബി.ജെ.പിയും കണക്കുകൂട്ടുന്നു. കെ.എസ് ശബരീനാഥന്‍ 5,000നും 10,000നും ഇടയില്‍ വോട്ടുകള്‍ക്ക് വിജയിക്കുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തല്‍. 3,000 മുതല്‍ 5000വരെ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് എല്‍.ഡി.എഫും 40,000ത്തില്‍ അധികം വോട്ട് നേടാനാകുമെന്ന് ബി.ജെ.പിയും പ്രതീക്ഷിക്കുന്നു.

ബൂത്ത് കേന്ദ്രീകരിച്ചുള്ള വോട്ടുകളുടെ വിലയിരുത്തല്‍ പുരോഗമിക്കുകയാണ്. അരുവിക്കര മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ പൂവച്ചല്‍, വെള്ളനാട് ഉള്‍പ്പെടെ ആറുപഞ്ചായത്തുകളില്‍ വ്യക്തമായ മേല്‍ക്കൈ നേടാനാവുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. അരുവിക്കര, വിതുര, തൊളിക്കോട്, ഉഴമലയ്ക്കല്‍ പഞ്ചായത്തുകളിലും യു.ഡി.എഫ് മേല്‍ക്കൈ പ്രതീക്ഷിക്കുന്നു. ആര്യനാട്, കുറ്റിച്ചല്‍ പഞ്ചായത്തുകളില്‍ മത്സരം കടുത്തതായിരുന്നുവെങ്കിലും നേരിയ ഭൂരിപക്ഷം യു.ഡി.എഫ് പ്രതീക്ഷിക്കുന്നുണ്ട്. സ്ത്രീകളും ചെറുപ്പക്കാരും പോളിങ് ബൂത്തുകളിലേക്ക് ഒഴുകിയെത്തിയതും അനുകൂലഘടകമായി യു.ഡി.എഫ് വിലയിരുത്തുന്നു. വെള്ളനാട്, പൂവച്ചല്‍ പഞ്ചായത്തുകളില്‍ 5000 വോട്ടിന്റെ വരെ ഭൂരിപക്ഷമാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. വിവിധ സാമുദായിക സംഘടനകളുടെയും ന്യൂനപക്ഷങ്ങളുടെയും പിന്തുണയും അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ് ക്യാമ്പ്. നായര്‍, നാടാര്‍, മുസ്‌ലിം വോട്ടുകള്‍ നേടിയെടുക്കാനായതായും യു.ഡി.എഫ് ഉറപ്പിക്കുന്നു. അതേസമയം, എം. വിജയകുമാറിന് 5,000 വോട്ടിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. ഇന്നലെ രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റാണ് കണക്കുകള്‍ വിലയിരുത്തിയത്.

മണ്ഡലത്തില്‍ 44,000 അടിസ്ഥാനവോട്ടുകളാണ് സി.പി.എമ്മിനുള്ളതെന്നും ആകെ പോള്‍ ചെയ്ത 1.43 ലക്ഷം വോട്ടില്‍ കുറഞ്ഞത് 60,000 വോട്ടുകളെങ്കിലും വിജയകുമാറിന്റെ അക്കൗണ്ടിലെത്തുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ബി.ജെ.പിക്ക് 22,000 നും 25,000 നും ഇടയില്‍ വോട്ടുകള്‍ കിട്ടുമെന്നും ശബരീനാഥന് 55,000ന് മുകളില്‍ വോട്ടുലഭിക്കില്ലെന്നും സെക്രട്ടറിയേറ്റില്‍ അവതരിപ്പിച്ച കണക്കില്‍ പറയുന്നു. എട്ട് പഞ്ചായത്തുകളില്‍ പൂവച്ചലും വെള്ളനാടുമൊഴികെ ആറ് പഞ്ചായത്തുകളിലാണ് എല്‍.ഡി.എഫ് മുന്നേറ്റം പ്രതീക്ഷിക്കുന്നത്. 1,43,000 വോട്ടുകള്‍ പോള്‍ ചെയ്തിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്. ഇതില്‍ ബി.ജെ.പി 22,000 വോട്ടുകള്‍ പിടിച്ചേക്കാമെന്നാണ് സി.പി.എമ്മിന്റെ റിപ്പോര്‍ട്ട്. ഇത് 25,000 വരെ പോയേക്കാം. പി.സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിയും പി.ഡി.പിയും മറ്റ് സ്ഥാനാര്‍ത്ഥികളെല്ലാം കൂടി 5000 വോട്ട് പിടിക്കും. അങ്ങനെ 33,000 വോട്ട് മാറ്റിവെച്ചാല്‍ പിന്നെയുള്ളത് 1,10,000 വോട്ട്. ഇത് എല്‍.ഡി.എഫും യു.ഡി.എഫുമായി വീതം വെക്കുമെന്നും അതില്‍ 60,000 വോട്ടുകള്‍ നേടി വിജയകുമാര്‍ ജയിക്കുമെന്നും എല്‍.ഡി.എഫ് പറയുന്നു.

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. രാവിലെ എട്ട് മുതല്‍ തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളജിലാണ് വോട്ടെണ്ണല്‍. രാവിലെ 11.30ഓടെ ഫലപ്രഖ്യാപനമുണ്ടാകും. ശനിയാഴ്ച ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വന്‍ സുരക്ഷയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സ്‌ട്രോങ് റൂമില്‍ എത്തിച്ച് സീല്‍ ചെയ്തു. 150 ബി.എസ്.എഫ് ഭടന്‍മാരാണ് സ്‌ട്രോങ് റൂമിന് കാവല്‍ നില്‍ക്കുന്നത്.

Top