അരുവിക്കരയിലെ ശബരിനാഥന്റെ വിജയം പി.സിയുടെ വായടപ്പിക്കുന്നതും, പിള്ളയ്ക്ക് മസ്തിഷ്ക സ്തംഭനവും

രുവിക്കരയിലെ ജനവിധി പുറത്തുവന്നപ്പോള്‍ തകര്‍ന്നടിഞ്ഞത് പി.സി ജോര്‍ജ്, ബാലകൃഷ്ണ പിള്ള എന്നിവര്‍ പടുത്തുയര്‍ത്താന്‍ ശ്രമിച്ച സ്വപ്നക്കൊട്ടാരങ്ങളാണ്. എല്‍.ഡി.എഫുമായുണ്ടാക്കിയ രഹസ്യ ധാരണയില്‍ ശബരിനാഥനെയും അതോടൊപ്പം യു.ഡി.എഫിനെയും തകര്‍ക്കുകയെന്നതായിരുന്നു ഇവരുടെ മനക്കോട്ട! ഇത് അവരുടെ നിലനില്‍പ്പിന്റെ പോരാട്ടം കൂടിയായിരുന്നു. ആ മോഹങ്ങളാണ് അരുവിക്കരയിലെ ചുഴിയിലകപ്പെട്ട് കല്ലും മണ്ണും ശേഷിക്കാതെ തകര്‍ന്നത്.

പി.സി ജോര്‍ജ് കെ.എം മാണിയുമായി ഭിന്നിച്ച് യു.ഡി.എഫിനെതിരെ ശക്തമായി രംഗത്തിറങ്ങുകയും, അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണിക്ക് പുനര്‍ജീവന്‍ നല്‍കി കെ. ദാസിനെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ നോട്ടയെക്കാള്‍ താഴെ അഞ്ചാം സ്ഥാനം മാത്രമേ ദാസിന് ലഭിച്ചുള്ളു. 1197 വോട്ടുകളാണ് ദാസിന് ലഭിച്ചത്. ദാസിനേക്കാള്‍ 233 വോട്ടുകളാണ് നാലാം സ്ഥാനത്തെത്തിയ നോട്ടക്ക് കൂടുതല്‍ ലഭിച്ചത്. ദാസിന് 5000 വോട്ടുകളെങ്കിലും പിടിക്കാന്‍ കഴിയുമെന്നായിരുന്നു പി.സിയുടെ അവകാശവാദം.

അതോടൊപ്പം താനില്ലാതെ യു.ഡി.എഫിന് അരുവിക്കരയില്‍ ജയിക്കാന്‍ സാധിക്കില്ല എന്ന അവകാശവാദവുമായിട്ടായിരുന്നു ബാലകൃഷ്ണ പിള്ള രംഗത്തെത്തിയത്. കേരള കോണ്‍ഗ്രസി(ബി)ന്റെ എൽഡിഎഫ് പ്രവേശനത്തിനുള്ള ആദ്യ പടി കൂടിയായിരുന്നു ഈ തെരഞ്ഞെടുപ്പെന്നത് പ്രാധ്യാന്യം അര്‍ഹിക്കുന്നു. കൂടാതെ എല്‍.ഡി.എഫ് പ്രചാരണയോഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു കെ.ബി ഗണേഷ്കുമാര്‍. അഴിമതിക്കേസില്‍ വലിയ നിയമപോരാട്ടം നടത്തിയിട്ടുള്ള വി.എസുമായി പൊതുവേദിയില്‍ പിള്ള കൈകോര്‍ക്കുന്നതും രാഷ്ട്രീയ കേരളം കണ്ടു. എന്നാല്‍ ഇത് ഗുണത്തെക്കാളേറെ ദോഷമാണ് ഇടതുപക്ഷത്തിന് നല്‍കിയതെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഇടതുപക്ഷത്തെ ബഹുദൂരം പിന്നിലാക്കി ശബരിനാഥന്‍ നേടിയ വിജയം പിള്ളയ്ക്കും ഗണേഷ് കുമാറിനും മുന്നില്‍ ഇടതുപക്ഷത്തിന്റെ വാതില്‍ കൊട്ടി അടയ്ക്കാനുള്ള സാധ്യത നല്കുന്നത്.

ബാര്‍കോഴ കേസ് കുത്തിപ്പൊക്കി മാണിക്കെതിരെ പ്രവര്‍ത്തിച്ച പി.സി ജോര്‍ജിന്റെയും ബാലകൃഷ്ണ പിള്ളയുടെയും ഗതി ഇനി എന്താവും എന്നത് കണ്ടറിയണം. എന്തായാലും കുറച്ചുനാളത്തേക്കെങ്കിലും വായാടിയായ പി.സിയുടെ വായടപ്പിക്കുന്നതും, കുബുദ്ധികളുടെ രാജാവായ പിള്ളയ്ക്ക് മസ്തിഷ്ക സ്തംഭനം നല്‍കുന്നതുമായി ഈ വിജയത്തെ വിലയിരുത്താം.

Top