ആതിരയെ കാണാതായിട്ട് 15 ദിവസം! കമ്പ്യൂട്ടര്‍ സെന്‍ററിലേക്ക് പോയി പിന്നെ മടങ്ങിവന്നില്ല

പത്തനംതിട്ട : വെച്ചൂച്ചിറയില്‍ ജസ്ന മരിയ എന്ന കോളേജ് വിദ്യാര്‍ത്ഥിയെ കാണാതായിട്ട് നൂറ് ദിവസത്തിന് മുകളിലായി. നിന്ന നില്‍പ്പില്‍ അപ്രത്യക്ഷമായ ജസ്നയ്ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും ഇതുവരെ ജസ്നയെ കുറിച്ച് ഒരു തുമ്പ് പോലും കിട്ടിയിട്ടില്ല. പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ജസ്ന വീട്ടില്‍ നിന്നിറങ്ങിയത്.

സമാന സാഹചര്യത്തിലാണ് മലപ്പുറത്തുള്ള ആതിരയെ (18) കാണാതായിരിക്കുന്നത്. എടടരിക്കോട് കുറുകപ്പറമ്പില്‍ നാരായണന്‍റെ മകള്‍ ആതിര കമ്പ്യൂട്ടര്‍ സെന്‍ററിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയിട്ട് 15 ദിവസം കഴിഞ്ഞു. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല.ജൂണ്‍ 27 നാണ് കോട്ടയ്ക്കലിലെ കമ്പ്യൂട്ടര്‍ സെന്‍ററിലേക്കെന്ന് പറഞ്ഞ് ആതിര വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് പിതാവ് നാരാണയണന്‍ പറയുന്നു. പ്ലസ്ടു കഴിഞ്ഞ ശേഷം കോട്ടയ്ക്കലിലെ ഐടിപിസി കമ്പ്യൂട്ടര്‍ സെന്‍ററില്‍ കംമ്പ്യൂട്ടര്‍ പഠിക്കുകയായിരുന്നു ആതിര.

ഡിഗ്രിക്ക് തിരൂര്‍ പിഎസ്എംഒ കോളേജില്‍ ബിരുദത്തിന് ആതിരയ്ക്ക് സീറ്റ് ലഭിച്ചിട്ടുണ്ട്. കംമ്പ്യൂട്ടര്‍ സെന്‍ററില്‍ ഏല്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങാന്‍ എന്ന് പറഞ്ഞായിരുന്നു വീട്ടില്‍ നിന്നിറങ്ങിയത്. ആതിര സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ഒരു ബാഗ് കൈയ്യില്‍ കരുതിയിരുന്നു. ആതിരയ്ക്ക് മൊബൈല്‍ ഇല്ല. സംഭവ ദിവസം ഉച്ചയ്ക്ക് 1.15 ന് ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍റിലെ സിസിടിവിയില്‍ ആതിര ഒറ്റയ്ക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ ഉണ്ട്. രാത്രിയില്‍ 7.30 മുതല്‍ 12 വരെ കുട്ടിയെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലെ വനിതകളുടെ വിശ്രമ മുറിയില്‍ കണ്ടവരുണ്ട്. ആതിരയുടെ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും അറബിയില്‍ ഉള്ള പേപ്പറുകള്‍ കിട്ടിയതായി രക്ഷിതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനെ കുറിച്ച് മാതാപിതാക്കള്‍ക്ക് കൂടുതല്‍ വ്യക്തത ഇല്ല.

കുട്ടിയെ കാണാതായ അന്ന് തന്നെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ 15 ദിവസം പിന്നിട്ടിട്ടും ആതിരയെ കുറിച്ച് !രു വിവരവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുടുംബം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തിട്ടുണ്ട്.മകളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാന് ആവശ്യപ്പെട്ട് ആതിരയുടെ പിതാവ് മലപ്പുറം എസ്പിക്കും പട്ടിക വികസന മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

Top