അട്ടപ്പാടി: ഒരു ജനതയെ ചവിട്ടി അരയ്ക്കുമ്പോൾ, അവരേ പട്ടിണിക്കിട്ടാൽ ഇനിയും മോഷ്ടിക്കും, ആളുകള്‍ തല്ലികൊല്ലും

അട്ടപ്പാടിയിൽ എന്തു സഭവിക്കുന്നു എന്നു കേരളം അറിയണം. വീട്, പാർപ്പിടം, തൊഴിൽ എന്നിവയിലൂടെ വൻ തട്ടിപ്പുകൾ അരങ്ങേറുന്നു. കാടിന്റെ മക്കളേ ചതിക്കുന്നു. നാടൻ വാറ്റു മുതൽ, വനം കൊള്ളയും, കഞ്ചാവ് കൃഷി വരെ നീളുന്ന ആദിവാസി സ്നേഹം!…ആദിവാസി ചൂഷണത്തിന്റെ പേരില്‍ എന്നും വിവാദങ്ങളിലാണ് അട്ടപ്പാടി എന്ന ദേശം. കാടിന്റെ മക്കളായ ആദിവാസികള്‍ കൃഷിചെയ്തും, വേട്ടയാടിയും ഉപജീവനം കഴിച്ചിരുന്ന കാലങ്ങളില്‍ നിന്ന് ആധുനികവത്ക്കരണത്തിന്റെ പുതിയ കാലഗതിയിലേയ്ക്കു ഈ വിഭാഗത്തെ പറിച്ചുനട്ടത് കേരള രാഷ്ട്രീയമാണ്. അധകൃതരെ ആധുനികരാക്കാനും, വിദ്യാസമ്പന്നരാക്കാനും, പരിഷ്‌ക്കാരികളാക്കാനും സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്തു. ആ ദോഷവശങ്ങളിലൂടെ ഒരു ജനതയെ ചൂഷണം ചെയ്ത് മറ്റൊരു ജനത സമ്പന്നരാകുന്നതിന്റെ വിശദവിവരങ്ങളാണ് ഈ വാര്‍ത്തയിലുണ്ടാവുക. സംസ്ഥാനത്തെ ജനാധിപത്യ സര്‍ക്കാര്‍ ഉണ്ടായ കാലം മുതല്‌ക്കെ ആദിവാസിക്ഷേമത്തിനുവേണ്ടി വിവിധങ്ങളായ പദ്ധതികള്‍ നിലവില്‍ വന്നു. ആഹാരവും, വസ്ത്രവും, പാര്‍പ്പിടവും നല്കി അവരെ സേവിക്കാന്‍ ഇടതു-വലതു സര്‍ക്കാരുകള്‍ പരസ്പരം മത്സരിച്ചു. ആദിവാസികളെ ബോധവത്ക്കരിക്കുന്നതിനും, അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുമായി സര്‍ക്കാര്‍ പ്രമോട്ടര്‍മാരെ നിയമിച്ചു. ആദിവാസികളില്‍ ഒരു വോട്ടര്‍ ബാങ്ക് ഒളിഞ്ഞിരിക്കുന്നതു കണ്ട നേതാക്കന്മാര്‍ കൂട്ടത്തോടെ ആദിവാസികളെ തേടിയിറങ്ങി. അവരില്‍ നിന്ന് തിരഞ്ഞെടുത്തവരെ ചുണ്ടുവിരലുകളാക്കി ബോധവത്ക്കരണമെന്ന പേരില്‍ സംഘടനകള്‍ സൃഷ്ടിച്ചു. പിന്നീട് ഈ സംഘടനകള്‍ വഴി സമരം ചെയ്യിച്ച് ആദിവാസികള്‍ കഷ്ടത്തിലാണെന്ന് സത്യം ലോകത്തെ അറിയിച്ചു. ഈ കഥ ഇവിടെ വരെ സത്യസന്ദമായ തിരക്കഥയില്‍ പൂര്‍ത്തിയായി.

അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്ത ഇവര്‍ക്ക് പിന്നീടെന്ത് സംഭവിച്ചു എന്നത് നാം അറിയണം. ഇവരുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായി ഇവര്‍ക്ക് ലഭിക്കുന്നുണ്ടോയെന്നും നാം അറിയണം.അട്ടപ്പാടി എന്ന ആദിവാസി ഭൂരിപക്ഷ മേഖലയുടെ അരാജകാവസ്ഥ മനസ്സിലാക്കിയ കേന്ദ്രഭരണവും, സംസ്ഥാനഭരണവും നിര്‍ലോഭമായി ഇവിടേയ്ക്കു സഹായപദ്ധതികള്‍ ഒഴുക്കി. ദശകോടികളുടെ പദ്ധതികള്‍ അട്ടപ്പാടിക്കായ് പ്രഖ്യാപിച്ചു. കോടികള്‍ സഹായധനമായി നല്കി. ഭരണ പ്രതിപക്ഷഭേദമെന്യേ ആദിവാസി ക്ഷേമത്തില്‍ പ്രതിജ്ഞാബന്ധരായി നിലകൊണ്ടു. 2000 -ാമാണ്ടിലെ മുത്തങ്ങാസമരത്തോട് കൂടി വയനാട്ടിലും മറ്റും ഏക്കറുകണക്കിനു ആദായ തോട്ടങ്ങള്‍ പട്ടയം നല്കി ആദിവാസികള്‍ക്കു പതിച്ചു നല്കി. 68 കോടി മുടക്കില്‍ പാര്‍പ്പിടങ്ങള്‍ പണിതു. സൗജന്യ ആഹാരവും, വിദ്യാഭ്യാസവും നല്കി ആദിവാസികളെ സംരക്ഷിച്ചു. ഇതൊക്കെ വാസ്തവമായി നടന്നു. എന്നാല്‍ അട്ടപ്പാടിയിലെ ആദിവാസികള്‍ ദരിദ്രരരായി തന്നെ തുടര്‍ന്നു, തുടരുന്നു.ഐ. ടി. ഡി. പി. വഴി 53 ലക്ഷം രൂപ അനുവദിച്ച് പോഷകാഹാരകുറവ് നികത്താന്‍ കോൺഗ്രസ് ഭരണകാലത്തു അന്നത്തെ മന്ത്രി പി. കെ. ജയലക്ഷ്മി ഉത്തരവിട്ടതിന്റെ 28-ാം ദിവസം ഷോളയൂര്‍ പഞ്ചായത്തിലെ തൂവ ഊരിലെ കനകരാജ്-സുന്ദരി ദമ്പതിമാരുടെ 11 മാസം പ്രായമായ പെണ്‍കുഞ്ഞ് ഗുരുതര ന്യുമോണിയായെ തുടര്‍ന്ന് മരണപ്പെട്ടു. പദ്ധതി പ്രഖ്യാപനം വന്ന് ഒരു മാസം പിന്നിട്ടപ്പോഴും അട്ടപ്പാടിയിലുണ്ടായ ശിശുമരണം എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ സര്‍ക്കാരിനു കഴിയാതെ വന്നു . അതിനു ഒരു കാരണം മാത്രമേ ഉള്ളൂ. അട്ടപ്പാടി മേഖലയിലെ നവജാതശിശുക്കളുടെ കണക്കെടുപ്പ് നടന്നിട്ടില്ല എന്നത് തന്നെ .കാരണം അത്തരത്തില്‍ ഒരു കണക്കെടുപ്പ് നടന്നിരുന്നുവെങ്കില്‍ ഈ കുഞ്ഞ് രോഗബാധിതയാകുന്നതിനു മുമ്പ് തന്നെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമായിരുന്നു.വിവിധ പദ്ധതികള്‍പ്രകാരം ആദിവാസികള്‍ക്ക് അനുവദിക്കുന്ന തുക അട്ടപ്പാടി മേഖലയിലെ ഉദ്യോഗസ്ഥവൃന്ദവും ഇടനിലക്കാരും വീതം വയ്ക്കുന്നത് വളരെ തന്ത്രപരമായാണ്. സര്‍ക്കാര്‍ ലിസ്റ്റിലുള്ള എല്ലാ ആദിവാസികള്‍ക്കും സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന തുക നല്കാനെന്ന വ്യാജേന അതാത് ഓഫീസുകളില്‍ ഇവരെ വിളിച്ചു വരുത്തും.

ഒരു ആദിവാസി അംഗത്തിനു സര്‍ക്കാരില്‍ നിന്നു പതിനായിരം രൂപയാണ് അനുവദിച്ചിരിക്കുന്നതെങ്കില്‍ ഈ തുകയ്ക്കു പകരം ആയിരം രൂപ മാത്രമാണ് നല്കുക. ഇതും വളരെ തന്ത്രപരമായാണ് ചെയ്യുന്നത്. ആയിരം രൂപ രജിസ്റ്ററില്‍ ചേര്‍ക്കുമ്പോള്‍ അക്കത്തില്‍ 1000/- രൂപ എന്നെഴുതുകയും അക്ഷരത്തില്‍ ആ സമയം എഴുതാതെയിരിക്കുകയും ചെയ്യും. ഈ തുക രജിസ്റ്ററില്‍ അക്ഷരത്തില്‍ എഴുതുമ്പോള്‍ പതിനായിരം ആയി മാറും. പിന്നീട് സൗകര്യം പോലെ അക്കത്തിലെഴുതിയ തുകയോടൊപ്പം പൂജ്യത്തിന്റെ എണ്ണം കൂട്ടിയിടും. ഇതുവഴി സര്‍ക്കാര്‍ ആദിവാസിക്കു നല്കിയ പതിനായിരം രൂപയില്‍ ഒന്‍പതിനായിരം രൂപ ജീവനക്കാരന്റെയും സഹപ്രവര്‍ത്തകന്റെയും പോക്കറ്റില്‍ വീഴും. പാവം ആദിവാസിക്കു കിട്ടുന്നത് ആയിരം രൂപ.ഈ തട്ടിപ്പ് ആയിരത്തില്‍ ഒന്ന് മാത്രമാണ്. പൂര്‍ണ്ണ മദ്യനിരോധ മേഖലയായ അട്ടപ്പാടിയില്‍ വിദേശമദ്യം ഇപ്പോള്‍ സുലഭമാണ്. അട്ടപ്പാടിയില്‍ നിന്ന് മണ്ണാര്‍കാട്ടേയ്ക്ക് പോകുന്നതിന് ഓട്ടോക്കൂലി 200 രൂപ മാത്രമാണ്. ഡ്രൈവറും, രണ്ട് യാത്രക്കാരുമടങ്ങുന്ന സംഘം മണ്ണാര്‍ക്കാട്ടേയ്ക്ക് യാത്ര പോകുന്ന വ്യാജ്യേന മദ്യം വാങ്ങി മടങ്ങി വരും. ഈ ട്രിപ്പില്‍ ഇവര്‍ 3 കുപ്പി മദ്യം വാങ്ങും. ഒരു വ്യക്തി ഒരു കുപ്പി വിദേശമദ്യം വാങ്ങുന്നതിനും കേസില്ലാത്തതിനാല്‍ മൂന്നുകുപ്പി മദ്യം മൂന്നുപേരുവഴി കടത്തികൊണ്ടുവരും. ഒരു കുപ്പി 500 മുതല്‍ 700 രൂപ വരെ വിലയ്ക്ക് വില്ക്കും.

അതായത് 200 രൂപ മുടക്കില്‍ 1500 രൂപ മുതല്‍ 2100 രൂപ വരെ ലാഭം. വിദേശമദ്യം നിരോധിച്ച സാഹചര്യത്തില്‍ അട്ടപ്പാടിയുടെ ഉള്‍പ്രദേശങ്ങളില്‍ വാറ്റുചാരായം വ്യാപകമായത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ ഈ വാറ്റുകാര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നത് സ്ഥലത്തെ പ്രധാന എക്‌സൈസുകാരാണെന്നത് അധികം പരസ്യമല്ലാത്ത എല്ലാരും പറയാന്‍ മടിക്കുന്ന രഹസ്യമാണ്. നാട്ടുകാര്‍ പരാതിപ്പെട്ടാല്‍ റെയ്ഡിനെത്തുന്നതിന് 5 മണിക്കൂര്‍ മുമ്പ് വാറ്റുകേന്ദ്രനടത്തിപ്പുകാരന് അറിയിപ്പ് കൊടുത്ത് എക്‌സൈസ് സംഘം നന്ദികാണിക്കും. ഇതിനു പകരമായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുതലുള്ളവര്‍ക്ക് കൃത്യമായി പടിയും വാറ്റിലെ ഫസ്റ്റ് ക്വാളിറ്റിയും നല്കി വാറ്റുകാര്‍ നന്ദി കാണിക്കും. അടുത്ത മാഫിയ ബാങ്കുകാരാണ് ഇതില്‍ എടുത്തു പറയാന്‍ ഒരു ബാങ്കില്ലായെന്നതൊഴിച്ചാല്‍ എല്ലാ ബാങ്കുകളും സാധാരണക്കാരന് ലോണ്‍ പാസാക്കി കൊടുക്കാന്‍ അട്ടപ്പാടിയില്‍ മത്സരമാണ്. ഒരു സാധാരണക്കാരന് 25000 രൂപ ലോണ്‍ പാസാക്കി നല്കുമ്പോള്‍ ബാങ്ക് മാനേജര്‍ക്കും ഇടനിലക്കാരനും ലഭിക്കുന്നത് 5000 രൂപയാണ്. ഈ തുക അവര്‍ എടുക്കുന്നത് ആത്മാര്‍ത്ഥമായി പണിയെടുത്തിട്ട് തന്നെയാണെന്നതിനാല്‍ തര്‍ക്കമില്ലാ കാരണം ലോണിനാവശ്യമുള്ള എല്ലാ പേപ്പറുകളിലും ഇടനിലക്കാരനും ബാങ്ക് മാനേജരും ചേര്‍ന്നുണ്ടാക്കും. ലോണ്‍ ആവശ്യമുള്ളയാള്‍ ഒരു ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും മാത്രം നല്കിയാല്‍ മതി. ഇനിയത്തെ സംഘം മണല്‍ മാഫിയയാണ്. ഇവിടെ അട്ടപ്പാടിയില്‍ ഒരു കെട്ടിടം പണിയുന്നതിന് അനുമതി ലഭിക്കുന്ന വ്യക്തിക്ക് മണല്‍ പാസ് ലഭിക്കുന്നത് മുതലാണ് മണ്ണ് മാഫിയാ ജോലി തുടങ്ങുന്നത്. മണ്ണിന് പാസ് നല്കുന്നത് ആര്‍ക്കൊക്കെയാണ് എന്ന് ബന്ധപ്പെട്ട ഓഫീസുകളില്‍ നിന്ന് മണല്‍ മാഫിയായ്ക്ക് വിവിരം നല്കും തുടര്‍ന്ന് പാസ് ലഭിച്ച വ്യക്തികളെ സമീപിക്കുന്ന മാഫിയ അവര്‍ക്കാവശ്യമായ മണ്ണ് സൗജന്യമായി നല്കാമെന്ന് അറിയിക്കും. തുടര്‍ന്ന് ഈ പാസിന് കടത്തുന്ന മണ്ണിന് ലോഡിന് 40000 രൂപ വരെ ഈടാക്കും.

കോടികളാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഒത്താശയോടെ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. എങ്ങനെയൊക്കെ ആയാലും സ്വാര്‍ത്ഥമതികളായ കുറെ പേരുടെ കൈകളിലെ പാവകളാവുകയാണ് അട്ടപ്പാടിയിലെ ആദിവാസികള്‍. ഇവരെ ചൂഷണം ചെയ്യുന്നതു കൂടാതെ ജീവഭയമുളവാക്കി ഒരു ജനതയെ ക്രൂശിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ആദിവാസി ക്ഷേമത്തിനായി നല്കുന്ന തുക കള്ളരസീതില്‍ ആക്കുന്നവര്‍ക്കെതിരെയും, വ്യാപകമായി നടക്കുന്ന വാറ്റ്, കഞ്ചാവ് കച്ചവടത്തിനെതിരെയും സര്‍ക്കാര്‍ കണ്ണടയ്ക്കരുത്. ജന്മം കൊണ്ട് നിസ്സഹായരായ ഈ ജനതയെ പ്രവര്‍ത്തികൊണ്ട് നിശ്ചേതരാക്കുന്ന ഈ നടപടികള്‍ക്കെതിരെ സര്‍ക്കാര്‍ – ആഭ്യന്തരതലത്തില്‍ അന്വേഷണത്തിനുത്തരവിടണം. ആദിവാസികള്‍ക്ക് ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങള്‍ അവര്‍ക്കുതന്നെ കിട്ടുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. കോടികൾ പ്രഖ്യാപിച്ചാൽ പോരാ . അർഹർ ആയവരുടെ കൈകളിൽ എത്തിക്കാൻ സർക്കാരിന് കഴിയണം . അത്തരത്തിൽ പിടിപ്പുകേട് സംഭവിച്ചതിന്റെ നേർക്കാഴ്ച ആണ് മധുവിന്റെ മരണം . ഇനിയും സർക്കാർ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളുടെ യഥാർത്ഥ ഉടമകൾ പട്ടിണി കിടക്കും അവർ മോഷ്ട്ടിക്കും ആൾകൂട്ടം തല്ലികൊല്ലും .

Top