ഭഗത് സിംഗിനെ പ്രണയ ദിനത്തിന് പകരം വെച്ചേ അടങ്ങൂ എന്ന വാശി ആർക്ക്?

ഭഗത് സിംഗിനെ വിടാൻ അവർക്ക് ഭാവമില്ല. നമുക്കും. ഭഗതിനേയും കൂട്ടുകാരേയും തൂക്കിലേറ്റിയ ദിനം ഫെബ്രുവരി 14 ആയിരുന്നു എന്നും, അതിനാൽ പ്രണയരുടെ ദിനത്തിനു പകരം അദ്ദേഹത്തിന്റെ വീരചരമം ആചരിക്കണം എന്നുമായിരുന്നു ഇന്നലെ വരെ. കൃത്യമായ മറുപടി കിട്ടിയപ്പോൾ ട്രാക്കൊന്ന് മാറ്റിപ്പിടിക്കാൻ തീരുമാനിച്ചു. തൂക്കി കൊന്ന ദിനമല്ല, മറിച്ച് അറസ്റ്റ് ചെയ്ത ദിനമാണ് ഫെബ്രുവരി 14 എന്നാണ് ഇപ്പോൾ പ്രചരണം. എന്തായാലും ഭഗത് സിംഗിനെ പ്രണയത്തിന് പകരം വെച്ചേ അടങ്ങൂ എന്നാണ് വാശി.

എന്നാൽ ഇതും പച്ച നുണയാണെന്നറിയുമ്പോഴാണ് ഇതിനു പിന്നിലെ ഗൂഢ താല്പര്യത്തിന്റെ ഗൗരവത്തെ ബോധ്യപ്പെടുക. 1929ൽ, പബ്ലിക് സേഫ്റ്റി ബിൽ, ട്രേഡേഴ്‌സ് സിസ് പ്യൂട്ട് ബിൽ എന്നിവക്കെതിരെ സമരം നടക്കുന്ന കാലം. സമരത്തിന് നേതൃത്വം കൊടുത്ത 31 ട്രേഡ് യൂണിയൻ നേതാക്കളെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന്റെയൊക്കെ ആകത്തുകയായിരുന്നു അന്ന് സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ നടന്നത്. 1929 ഏപ്രിൽ 8 ന് ഭഗത് സിംഗ് അസംബ്ലിയിൽ ബോംബിട്ടു. ഒരു പ്രതിഷേധം എന്ന നിലക്ക്, ആർക്കും പരിക്കേൽക്കാത്ത വിധത്തിലായിരുന്നു സംഗതിയുടെ ആസൂത്രണം. പക്ഷെ, ശബ്ദവും, പുകയും, ചെറിയ പരിക്കുകളും ബ്രിട്ടീഷ് ഭരണകർത്താക്കളെ നടുക്കി. അതീവ സുരക്ഷയുള്ള അസംബ്ലിയിൽ ഒരിന്ത്യൻ വിപ്ലവകാരി ബോംബിട്ടത് അവർക്ക് കൊടിയ അപമാനവും ആയി.

bhagath

ബോംബിട്ടതിനു ശേഷം, അതിന്റെ പുകയിലും, ബഹളത്തിലും രക്ഷപെടാനായിരുന്നു അന്നത്തെ സംഘടനാ തീരുമാനം. പക്ഷെ, ഒളിച്ചു കടക്കാൻ ആ ധീരന്റെ മനസ്സ് അനുവദിച്ചില്ല. കൂട്ടുകാരൻ ബി.കെ ദത്തിനൊപ്പം അസംബ്ലിയിലെ ഗാലറിയിൽ നിന്ന് ഇങ്കിലാബ് വിളിക്കുകയും, നോട്ടീസുകൾ വലിച്ചെറിയുകയും ആണ് ഭഗത് ചെയതത്. ഒരു പക്ഷെ, ഈ ധീര കർമ്മം ഒരു ആളില്ലാ പ്രവൃത്തി ആകരുതെന്നും, ഒരു ധീര ദേശാഭിമാനിയാണ് ഇത് ചെയ്തതെന്ന് ബ്രിട്ടീഷ് ലോകം അറിയണമെന്നും ഭാരതത്തിന്റെ ആവീരപുത്രൻ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടാവും.

ബോംബു വീണ ശബ്ദത്തേക്കാൾ അന്ന് ഭരണാധികാരികളെ ഞെട്ടിച്ചത് ഭഗത് സിംഗ് ആ ഗാലറിയിൽ നിന്ന് വിളിച്ച ‘ഇങ്ക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യമാണെന്ന് പിന്നീട് ചരിത്രം രേഖപ്പെടുത്തി. ബാക്കി കാര്യം ഊഹിക്കാമല്ലൊ. അന്ന്, 1929 ഏപ്രിൽ 8 ന്, ആ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി ഹാളിൽ വെച്ച് ഭഗത് സിംഗിനെ അറസ്റ്റ് ചെയതു. വിവിധ കുറ്റങ്ങൾ ചുമത്തിയും, കള്ള സാക്ഷിമൊഴികൾ വിശ്വസിച്ചും 1929 ജൂണിൽ തുടങ്ങിയ വിചാരണ അവസാനിച്ചത് 1930 ഒക്ടോബർ 7 നാണ്. അന്നാണദ്ദേഹത്തെ തൂക്കി കൊല്ലാൻ വിധിച്ചത്. ഇനിയെങ്കിലും പറയൂ, ഫെബ്രുവരി 14ഉം ഭഗത്സിംഗും തമ്മിലെന്താണ് ബന്ധം? അല്ലെങ്കിൽ എന്തിനാണ് ബന്ധപ്പെടുത്തുന്നത്?

പ്രണയദിനം ആചരിക്കുന്നവർ അതു ആചരിക്കട്ടെ, പക്ഷെ ആ ദിനത്തെ തള്ളിപറഞ്ഞ് സായിപ്പിന്റെ പ്രണയദിനം ഇന്ത്യൻ സംസ്‌കാരത്തിനു ചേർന്നതല്ലായെന്നും ആ ദിനത്തിൽ വീരചരമം പ്രാപിച്ച ഭഗത് സിംഗിനേയും കൂട്ടരേയും വധശിക്ഷക്ക് വിധിച്ചതെന്നും, ഇതുവരേയും അവർ പറഞ്ഞിരുന്നത്, എന്നാൽ അറസ്റ്റ് ചെയ്ത ദിനമാണ് എന്നു ഇപ്പോൾ പ്രചരിപ്പിക്കുന്ന സോഷ്യൽമീഡിയ പോസ്റ്റുകൾ കാണുമ്പോൾ ചരിത്രം അറിയാതെ കണ്ണടച്ച് ഇരുട്ടാക്കുന്നവരുടെ താൽപര്യങ്ങൾക്ക് സോഷ്യൽ മീഡിയ സുഹൃത്തുക്കൾ വീഴരുത്. ചരിത്രം പൊടിപോലും കണ്ടുപിടിക്കാനാവത്ത ഒന്നല്ല. ഇന്റെർനെറ്റും ഒട്ടനവധി സേർച്ച് എഞ്ചിനുകളും ഉള്ള ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ വഴി നുണ പ്രചരിപ്പിക്കന്നവരുടെ ദുഷ്ട ലക്ഷ്യം തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ടവരാണ് ശരിയായ ദേശാഭിമാനികൾ. ഒട്ടനവധി പേരുടെ ജീവൻ ബലിയർപ്പിച്ച് നമുക്ക് കിട്ടിയ ഈ സ്വാതന്ത്ര്യത്തിൽ, പ്രണയദിനവും ആഘോഷിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നു ഓർമ്മിപ്പിച്ചുകൊള്ളട്ടെ; അതു ഇന്ത്യയിൽ നിരോധിക്കാത്തിടത്തോളം!!!

ചരിത്രം വളച്ചൊടിക്കുന്നവരെ അറിയൂ, പ്രണയ ദിനത്തിൽ ഭഗത് സിംഗിനെന്തു കാര്യം.

Top