ബിഷപ്പ് ഫ്രാങ്കോയുടെ സാമ്പത്തിക സ്രോതസ്സുകളില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് ആവശ്യം

കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിന്റെ കുരുക്കു മുറുന്നതിനിടെ ബിഷപ്പിന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി വൈദികര്‍. ബിഷപ്പ് ഫ്രാങ്കോയ്ക്ക് വിദേശരാജ്യങ്ങളില്‍ നിന്നും തീവ്ര സ്വഭാവമുള്ള ചില ക്രിസ്ത്യന്‍ സംഘടനകള്‍ വഴി പണമെത്തുന്നുവെന്നാണ് വൈദികരുടെ ആരോപണം. ഫ്രാങ്കോയുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് എത്തുന്ന ഈ പണത്തിന് കണക്കില്ല. രൂപതയ്‌ക്കോ കത്തോലിക്കാ സഭയ്‌ക്കോ ഈ പണവുമായി ഒരു ബന്ധവുമില്ല. ഈ പണമെല്ലാം എവിടെയാണ് ചെലവഴിക്കുന്നതെന്ന് വ്യക്തവുമല്ല. ഈ സാഹചര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റും ദേശീയ അന്വേഷണ ഏജന്‍സിയും ഇന്‍കംടാക്‌സും ഒരു അന്വേഷണത്തിന് തയ്യാറാകണമെന്ന് പേര് വെളിപ്പെടുത്തരുതെന്നു അഭ്യർഥിച്ചു ഒരു വിഭാഗം വൈദികർ ആവശ്യപ്പെട്ടു

വത്തിക്കാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ഒപുസ് ദേയ്’ (Opus Dei (Work of God) എന്ന സംഘടനയില്‍ ഫ്രാങ്കോ സീക്രട്ട് മെമ്പര്‍ ആണ്. ഈ സംഘടന രഹസ്യസ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്നതായതിനാല്‍ അവയുടെ അംഗങ്ങളുടെ വിവരമൊന്നും വെളിപ്പെടുത്തില്ല. ഒപുസ് ദേയ്ക്കുള്ളില്‍ തന്നെ ‘ഓപറ ഡെല്ലാ കിയേസാ’ (ഇറ്റാലിയന്‍ വാക്ക്, ‘ദൈവത്തിന്റെ ജോലി’ എന്നാണ് ഇതും അര്‍ത്ഥമാക്കുന്നത്) എന്നൊരു തീവ്രസ്വഭാവമുള്ള സംഘടനയുണ്ട്. ഇതുമായാണ് ഫ്രാങ്കോയ്ക്ക് കൂടുതല്‍ ബന്ധമെന്ന് ഇവര്‍ ആരോപിക്കുന്നു.

1928ല്‍ ജോസ്മരിയ എസ്‌കരിവ എന്ന വൈദികനാണ് സ്‌പെയിലില്‍ ഒപുസ് ദേയ് രൂപീകരിച്ചത്. ഇദ്ദേഹത്തെ പിന്നീട് വിശുദ്ധനായി പ്രഖ്യാപിച്ചിരുന്നു. റോമിലാണ് ആസ്ഥാനം. 2016ലെ കണക്ക് പ്രകാരം 90 രാജ്യങ്ങളിലായി ഓപുസ് ദേയ്ക്ക് 92,667 അംഗങ്ങളാണുള്ളത്. ഇതില്‍ 2109 പേര്‍ വൈദികരാണ്. യൂണിവേഴ്‌സിറ്റികള്‍, സ്‌കൂളുകള്‍, പ്രസിദ്ധീകരണങ്ങള്‍, ആശുപത്രികള്‍, ടെക്‌നിക്കല്‍, കാര്‍ഷിക പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് ഒപുസ് ദേയ് അംഗങ്ങള്‍ നടത്തുന്നത്. വ്യക്തിഗതമായ സന്നദ്ധപ്രവര്‍ത്തനവും സാമൂഹിക സേവനവുമെല്ലാം ഇവര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ സംഘടനയുടെ പ്രവര്‍ത്തനത്തില്‍ സംശയം ഉന്നയിച്ച് ബിബിസി അടക്കം നിരവധി രാജ്യന്തര മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.

റോമിലുള്ള ‘അപ്പസ്‌തോലിക് യൂണിയന്‍ ഓഫ് ദി ക്ലെര്‍ജി’ എന്ന വൈദികരുടെ ഒരു സംഘടനയുണ്ട്. അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോഴാണ് ഫ്രാങ്കോയുടെ വേരുകള്‍ വത്തിക്കാനില്‍ ആഴ്ന്നിറങ്ങിയതെന്ന് വൈദികര്‍ പറയുന്നു. മെത്രാന്മാരുടേയും കര്‍ദ്ദിനാള്‍മാരുടേയും അടുക്കല്‍ ബന്ധം പിടിക്കാന്‍ കഴിഞ്ഞതും ഇതുവഴിയാണ്. ഒപുസ് ദേയ് ആശയങ്ങളുമായി ചേര്‍ന്നുപോകുന്നവര്‍ക്ക് കണ്ണുമടച്ച് പണം ഒഴുക്കുന്നവരാണ്. പണം കണക്കില്ലാതെ ഒഴുകിയെത്തിയതോടെ അഴിമതിയും വന്നുതുടങ്ങി.

ഫ്രാങ്കോ റോമില്‍ ഉപരിപഠനത്തിന് പോയപ്പോഴാണ് ഈ സംഘടനകളുമായി അടുത്തതെന്ന് കരുതുന്നു. ഒപുസ് ദേയ്, ഓപറ ഡെല്ലാ കിയേസ എന്നിവയുടെ പ്രതിനിധികള്‍ പല തവണ ജലന്ധറില്‍ വന്നിട്ടുണ്ട്. നിരവധി വൈദികരും കന്യാസ്ത്രീകളും ജലന്ധറില്‍ എത്തി പല തവണ ധ്യാനങ്ങളും നടത്തി. റോമില്‍ നിന്ന് മാസംതോറും ആളുകള്‍ വന്ന സമയവുമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമൊഴികെ തുടര്‍ച്ചയായി റോമില്‍ നിന്ന് പ്രതിനിധികള്‍ ജലന്ധറില്‍ എത്തിയിരുന്നു. ഇറ്റലിയിലെ ഇവരുടെ ആസ്ഥാനത്തുപോയി ഫ്രാങ്കോയും താമസിക്കാറുണ്ട്.

സ്‌പെയിനില്‍ രൂപമെടുത്ത ഒരു സംഘടനയാണ് ഒപുസ് ദേയ്. സഭയ്ക്ക് വേണ്ടി ‘മരിച്ചുജോലി’ ചെയ്യുന്ന തീവ്രസ്വഭാവമുള്ള വിശ്വാസികളാണ് ഇതിലെ അംഗങ്ങള്‍. ഈ അംഗങ്ങളുടെ പണമാണ് മൂന്നാംലോക രാജ്യങ്ങളില്‍ ക്രിസ്തുമതം വളര്‍ത്താന്‍ ഉപയോഗിക്കുന്നത്. ഈ സംഘടനയുടെ കീഴില്‍ 150 ഓളം ഗ്രൂപ്പുകള്‍ ഉണ്ട്. ആഴ്ചയില്‍ ഒരിക്കല്‍ യോഗം ചേരുന്ന ഇവര്‍ സ്വരൂപീക്കുന്ന പണം സഭ വളര്‍ത്തുന്നതിനായി അയച്ചുനല്‍കുകയാണ്. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കാലത്താണ് വത്തിക്കാന്‍ ഈ സംഘടനയ്ക്ക് ഔദ്യോഗികമായി അംഗീകാരം നല്‍കുന്നത്. കത്തോലിക്കാ സഭയ്ക്കുള്ളില്‍ തന്നെ മറ്റൊരു സഭയായി ഒപുസ് ദേയ് വളര്‍ന്നു. റോമില്‍ ഇവര്‍ക്ക് യൂണിവേഴ്‌സിറ്റിയും മറ്റു സ്ഥാപനങ്ങളുമുണ്ട്. എന്നാല്‍ ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ ദുരുഹമായതോടെ പോപ്പ് തന്നെ നിയന്ത്രണവും കൊണ്ടുവന്നിരുന്നു.

Top