കല്യാണ ആഘോഷങ്ങള്‍ക്കിടയില്‍ രക്തദാനച്ചടങ്ങ് ; ഇങ്ങനെയും വിവാഹിതരാകാം

കല്യാണ ആഘോഷങ്ങള്‍ക്കിടയില്‍ രക്തദാനച്ചടങ്ങ് സംഘടിപ്പിച്ച് കേണിച്ചിറ പടിഞ്ഞാറേതില്‍ പി.എസ്. അനൂപ് വ്യത്യസ്തനായി. ഞായറാഴ്ചയായിരുന്നു അനൂപിന്റെയും പുല്‍പള്ളി ശശിമല വട്ടപ്പാറക്കല്‍ വി.എസ്. ആതിരയുടെയും വിവാഹം. കല്യാണം കൂടാനെത്തിയ ഒട്ടുമിക്ക ആളുകളും രക്തം ദാനംചെയ്തു.

രാവിലെ 11നും 11.45നും ഇടയില്‍ പുല്‍പള്ളി വധുഗൃഹത്തിലായിരുന്നു താലികെട്ട്. തുടര്‍ന്ന് ഒരു മണിയോടെ വധൂവരന്മാര്‍ നെല്ലിക്കരയിലെ വീട്ടിലെത്തി. ചെറിയ സദ്യക്കു ശേഷമാണ് വീട്ടുമുറ്റത്തെ പന്തലില്‍ രക്തദാനച്ചടങ്ങ് നടന്നത്. ആദ്യം വധൂവരന്മാര്‍. പിന്നെ കല്യാണം കൂടാനെത്തിയവരും രക്തം ദാനംചെയ്തു.

120 ഓളം പേരാണ് രക്തം കൊടുത്തത്. ഇതില്‍ പകുതിയോളം പേര്‍ സ്ത്രീകളായിരുന്നു. കല്യാണ ആഘോഷം വേറിട്ടതാക്കുന്നതോടൊപ്പം സമൂഹത്തിന് എന്തെങ്കിലും നന്മചെയ്യുക എന്ന ചിന്തയാണ് രക്തദാനത്തിലേക്ക് അനൂപിനെ എത്തിച്ചത്. ഇക്കാര്യം വധുവിന്റെ വീട്ടുകാരെയും അറിയിച്ചു. അവര്‍ക്കും സമ്മതമായതോടെ കല്യാണ ദിവസത്തേക്ക് അതിനുള്ള ഒരുക്കങ്ങള്‍ നടത്തി. ക്ഷണക്കത്തിലും ഇക്കാര്യം സൂചിപ്പിച്ചു.

മാനന്തവാടി ജില്ല ആശുപത്രിയിലെ ബ്ലഡ് ഡോണേഴ്‌സ് ഫോറം പ്രവര്‍ത്തകരോടൊപ്പം നെല്ലിക്കരയിലെ അനൂപിന്റെ സുഹൃത്തുക്കളായ ‘പൗരസമിതി’ക്കാരും പരിപാടി വിജയിപ്പിക്കാന്‍ രംഗത്തിറങ്ങി.

Top