ഒമാനിലെ ആശുപത്രികൾ വാങ്ങാനുള്ള നീക്കം യുഎഇ എക്‌സ്‌ചേഞ്ച് ഉടമ ഉപേക്ഷിച്ചത് അവസാന നിമിഷം; ദുബായിലെ ബാങ്കുകളുമായുള്ള ഒത്തുതീർപ്പ് വ്യവസ്ഥ പാലിക്കാനാവാതെ ഇന്ദിരാ രാമചന്ദ്രൻ

കൊച്ചി : അറ്റ്‌ലസ് രാമചന്ദ്രന്റെ ഒമാനിലെ ആശുപത്രികളുടെ വില്‍പ്പന അനിശ്ചിതത്വത്തില്‍ . ഈ ആശുപത്രി ബിആര്‍ ഷെട്ടി ഏറ്റെടുത്തു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മലയാളികളായ രണ്ട് വ്യവസായികളുടെ ഇടപെടല്‍ മൂലം ആശുപത്രികളുടെ വില്‍പ്പന മുടങ്ങിയെന്ന് റിപ്പോര്‍ട്ട് . ആശുപത്രി വിറ്റ് കിട്ടുന്ന പണം കൊണ്ട് ദുബായ് ബാങ്കുകളിലെ കടം വീട്ടാമെന്ന ആലോചനയാണ് ഇതോടെ അനിശ്ചിതത്വത്തിലായത്.

ആശുപത്രികൾ ചുളുവിലയ്ക്ക് തട്ടിയെടുക്കാനായി ചിലരുടെ ശ്രമം. അത് അനുവദിക്കില്ലെന്ന് അറ്റ്ലസ് ഗ്രൂപ്പും നിലപാട് എടുത്തു. ഇതിനിടെയാണ് കേരളത്തിൽ അടക്കം ആരോഗ്യ മേഖലയിൽ വമ്പൻ ഇടപെടൽ നടത്തുന്ന ബിആർ ഷെട്ടി ആശുപത്രി ഏറ്റെടുക്കാൻ രംഗത്ത് വന്നത്. മനുഷ്യത്വ പരമായ നിലപാട് എടുത്ത ഷെട്ടി രാമചന്ദ്രന്റെ മോചനത്തിന് ആവശ്യമായ കാശ് നൽകാമെന്നും സമ്മതിച്ചു.

പക്ഷേ പെട്ടെന്ന് അതിൽ നിന്ന് പിന്മാറിയെന്നാണ് ലഭിക്കുന്ന സൂചന. ഇതോടെ ബാങ്കുകൾക്ക് നൽകിയ വാക്ക് പാലിക്കാനാവാതെയായി. രാമചന്ദ്രന്റെ ഭാര്യ മാത്രമാണ് ദുബായിൽ ഉണ്ടായിരുന്നത്. അവർക്ക് കാര്യമായ ഇടപെടൽ നടത്താനും കഴിഞ്ഞില്ല. ദുബായിലെത്തിയാൽ തന്നേയും പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് രാമചന്ദ്രന്റെ മകനും ഭയക്കുന്നു. ഇതോടെ ശതകോടീശ്വരനായിരുന്ന രാമചന്ദ്രൻ ജയിലിൽ തുടരുകയാണ്. മലയാളി വ്യവാസായികളുടെ പകയാണ് ഇതിന് കാരണമെന്നാണ് അറ്റ്ലസ് രാമചന്ദ്രന്റെ ബന്ധുക്കളും പറയുന്നത്.

നിലവിലെ സാഹചര്യത്തിൽ 1000 കോടിയുടെ കടബാധ്യത വീട്ടാൻ രാ്മചന്ദ്രന് കഴിയില്ലെന്നാണ് വിലയിരുത്തൽ. കൊച്ചയിലെ സ്വർണ്ണ മുതലാളിയാണ് അറ്റ്ലസിനെതിരെ നീക്കം നടത്തിയത്. ഇത് വിജയിക്കുകയായിരുന്നു. ഇതോടെയാണ് ഒമാനിലെ കച്ചവടം പൊളിഞ്ഞത് . റിയൽ എസ്റ്റേറ്റ് താൽപ്പര്യമുള്ള മറ്റൊരു മലയാളിയും രാമന്ദ്രനെതിരാണ്. ഇയാളുടെ രാഷ്ട്രീയ-സാമ്പത്തിക സ്വാധീനവും രാമചന്ദ്രന് വിനയായി മാറുകയാണ് .

സ്വർണ്ണ ബിസിനസ്സിൽ അറ്റ്ലസിനോട് പകയുള്ള വ്യവസായി കൊച്ചിയിലുണ്ട്. അറ്റ്ലസ് റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് കടന്ന സാഹചര്യത്തിൽ കരുതലോടെ ഇയാൾ കരുക്കൾ നീക്കി. ഇതാണ് രാമചന്ദ്രന് വിനയായത്. തൃശൂരുകാരനായ പ്രവാസി വ്യവസായിയും ഇയാൾക്ക് ഉറച്ച പിന്തുണ നൽകി. ഇതോടെയാണ് യുഎഇയിലെ ബാങ്കുകൾ രാമചന്ദ്രനെ അഴിക്കുള്ളിലാക്കിയത്.

Top