വിമാനത്തിനുള്ളില്‍ കുഞ്ഞ് ഉറക്കെ കരഞ്ഞു; ബ്രിട്ടീഷ് എയര്‍വേസ് ഇന്ത്യന്‍ ദമ്പതികളെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു

ലണ്ടന്‍: ഇന്ത്യന്‍ ദമ്പതികള്‍ക്ക് ബ്രിട്ടീഷ് എയര്‍വേസ് യാത്ര നിഷേധിച്ചു. ദമ്പതികളുടെ മുന്നുവയസായ കുഞ്ഞ് വിമാനത്തിനുള്ളില്‍ ഉറക്കെ കരഞ്ഞതിനെ തുടര്‍ന്ന് എയര്‍വേസിന്റെ ഈ നടപടി. ലണ്ടനില്‍ നിന്നും ബെര്‍ലിനിലേക്ക് പറക്കാനിരുന്ന ബി.എ 8495 വിമാനത്തില്‍ നിന്നാണ് ഇന്ത്യന്‍ ദമ്പതികളെ ഇറക്കി വിട്ടത്.

കഴിഞ്ഞ ജൂലൈ 23നാണ് സംഭവം നടന്നത്. വിമാനം ടേക്ക് ഓഫ് ചെയ്യാനൊരുങ്ങുബോള്‍ തന്നെ കുഞ്ഞ് നിര്‍ത്താതെ കരയുകയായിരുന്നു. സീറ്റ് ബെല്‍റ്റിട്ടതിലുള്ള അസ്വസ്ഥതയെ തുടര്‍ന്നാണ് കുട്ടി കരയാന്‍ തുടങ്ങിയത്. കരച്ചില്‍ നിര്‍ത്താന്‍ രക്ഷിതാക്കള്‍ ശ്രമിക്കുന്നതിനിടെ കാബിന്‍ അംഗങ്ങളിലൊരാള്‍ വന്ന് മോശമായി പെരുമാറി. കുഞ്ഞ് വീണ്ടും കരഞ്ഞതോടെ വിമാനം ടെര്‍മനലിലേക്ക് തന്നെ തിരിച്ച് വിടുകയും ദമ്പതികളെ ഇറക്കി വിട്ട് യാത്ര തുടരുകയുമായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ മാറ്റാന്‍ സഹായിച്ച അടുത്ത സീറ്റിലുണ്ടായിരുന്ന ഇന്ത്യന്‍ ദമ്പതികളെയും ബലംപ്രയോഗിച്ച് ഇറക്കിവിട്ടു.

സംഭവത്തില്‍ കുട്ടിയുടെ പിതാവ് പരാതി ഉന്നയിച്ചിട്ടുണ്ട്. ബ്രിട്ടീഷ് എയര്‍വേസ് വംശീയമായി പെരുമാറി എന്നാരോപിച്ച് കുഞ്ഞിന്റെ പിതാവ് ഇന്ത്യന്‍ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനാണ് പരാതി നല്‍കിയത്. തങ്ങളെ അപമാനിക്കുന്ന രീതിയിലും വംശീയപരമായി അവഹേളിക്കുന്ന വിധത്തിലുമായിരുന്നു വിമാനത്തിലെ ജീവനക്കാരും കമ്പനിയും പെരുമാറിയതെന്നാണ് അദ്ദേഹം പരാതിയില്‍ പറയുന്നത്.

കുട്ടിയുടെ പിതാവ് ഉന്നയിച്ച പരാതി വളരെ ഗൗരവത്തോടെയാണ് സമീപിക്കുന്നതെന്നും യാതൊരു തരത്തിലുമുള്ള വേര്‍തിരിവും അനുവദിക്കില്ലെന്നും ബ്രിട്ടീഷ് എയര്‍വേസ് വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. പരാതിക്കാരനുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും കമ്പനി വ്യക്തമാക്കി.

Top