ദിലീപ് കേസില്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് ചോര്‍ന്നത് ഫോട്ടോസ്റ്റാറ്റ് കടയില്‍ നിന്ന് ; മുഖ്യമന്ത്രിക്ക് പരാതി, നടിയുടെത് കുറ്റകരമായ മൗനം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരേ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം ചോര്‍ന്ന സംഭവം പോലീസിന് വീണ്ടും തലവേദനയാകുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി. അഭിഭാഷകനായ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ അദ്ദേഹം തന്നെ ഫേസ്ബുക്കില്‍ പരസ്യപ്പെടുത്തി.

കോടതി സ്വീകരിക്കുംമുമ്പ് കുറ്റപത്രം എങ്ങനെ മാധ്യമങ്ങള്‍ക്കു ലഭിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. ദിലീപിന്റെയും ആക്രമിക്കപ്പെട്ട നടിയുടെയും സാക്ഷികളുടെയുമെല്ലാം ഭാവിയെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ കുറ്റപത്രത്തിലുണ്ട്. ഇക്കാര്യങ്ങള്‍ പരസ്യചര്‍ച്ചയാക്കാന്‍ സഹായിച്ചത് കുറ്റപത്രം ചോര്‍ന്നതിലൂടെയാണ്. ചോര്‍ത്തി നല്‍കിയവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് ശ്രീജിത്ത് മുഖ്യമന്ത്രി, പോലീസ് മേധാവി, പോലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ അതീവ ഗൗരവമുള്ളതാണ്.

കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം സമര്‍പ്പിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുറ്റപത്രത്തിലെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. സാക്ഷികളുടെ പേരും അവരുടെ മൊഴികളും പരസ്യമായി. പകര്‍പ്പ് ചില മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. ബലാല്‍സംഗം, കൂട്ട ബലാല്‍സംഗം എന്നീ വകുപ്പുകള്‍ ചുമത്തപ്പെട്ട കേസാണ് നടി ആക്രമിക്കപ്പെട്ട സംഭവം. ഇത്തരം വകുപ്പുകള്‍ പ്രകാരമുള്ള കേസിന്റെ വിചാരണ നടത്തേണ്ടത് ഇന്‍ക്യാമറ നടപടികളിലൂടെയാണെന്ന് പരാതിയില്‍ പറയുന്നു. മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ മാത്രമേ കോടതി മുറിയിലേക്ക് പോലും പ്രവേശനം അനുവദിക്കൂ. ഇത്തരമൊരു കേസിന്റെ കുറ്റപത്രമാണ് ചോര്‍ന്നത്.

ഏറെ ചര്‍ച്ചയാകപ്പെട്ട സംഭവമാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസിന്റെ തുടക്കം മുതല്‍ തന്നെ രഹസ്യവിചാരണ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. കേസിലെ കക്ഷികളും സാക്ഷികളും സിനിമാ മേഖലയിലുള്ളവരാണ്. അവര്‍ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇത്തരമൊരു കേസിലാണ് കുറ്റപത്രത്തിന്റെ പരിശോധന കോടതി പൂര്‍ത്തിയാക്കും മുമ്പ് ചോര്‍ന്നത്. ഇത് കടുത്ത നിയമലംഘനമാണെന്ന് പരാതിയില്‍ പറയുന്നു. കേസിന്റെ വിചാരണയെ ബാധിക്കുന്ന നടപടിയാണിത്. ഇത്തരം കുറ്റപത്രങ്ങള്‍ വിവരാവകാശ നിയമ പ്രകാരം പോലും കക്ഷികളല്ലാത്തവര്‍ക്ക് നല്‍കുന്നതില്‍ നിയന്ത്രണമുള്ളതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

കുറ്റപത്രം ചോര്‍ന്നതിനെതിരെ ദിലീപ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. കോടതി അന്വേഷണ സംഘത്തോട് വിശദീകരണം തേടുകയും ചെയ്തു. ഫോട്ടോസ്റ്റാറ്റ് കടയില്‍ നിന്നാണ് കുറ്റപത്രത്തിന്റെ പകര്‍പ്പ് ചോര്‍ന്നതെന്ന് പോലീസ് മറുപടി നല്‍കിയെന്ന് കഴിഞ്ഞദിവസം വാര്‍ത്ത വന്നിരുന്നു. ഇത്രയും ഗൗരവമുള്ള കേസിന്റെ കുറ്റപത്രം എങ്ങനെ സ്വകാര്യ വ്യക്തിയുടെ കടയില്‍ പകര്‍പ്പെടുക്കാന്‍ കൊടുത്തു. ആരാണ് ഇത്തരത്തില്‍ പകര്‍പ്പെടുക്കാന്‍ നിയോഗിച്ചത്. എവിടെ നിന്നാണ് പകര്‍പ്പ് എടുത്തത്. എന്തിനാണ് അത് മാധ്യമങ്ങള്‍ക്ക് നല്‍കിയത്- എന്നീ കാര്യങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നാണ് അഭിഭാഷകന്റെ ആവശ്യം.

കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ നീതിയുക്തമായ വിചാരണയ്ക്ക് നടപടി ആവശ്യമാണെന്നും ശ്രീജിത്ത് പെരുമന പറയുന്നു. കുറ്റപത്രം കോടതിക്ക് കൈമാറി മണിക്കൂറുകള്‍ക്കുള്ളിലാണ് അതിലെ വിശദാംശങ്ങള്‍ പകര്‍പ്പുകളുടെ ദൃശ്യങ്ങള്‍ സഹിതം പുറത്തു വന്നത്. ദിവസങ്ങളോളം വിഷയത്തില്‍ മാധ്യമങ്ങളില്‍ ചര്‍ച്ച നടന്നിരുന്നു. എന്നിട്ടും ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് മാധ്യങ്ങളെ വിലക്കിയില്ല എന്നതും വിശദമായി പരിശോധിക്കണമെന്നു പരാതിയിലുണ്ട്.

Top