മൃതദേഹം പല ഭാഗങ്ങളായി വെട്ടിനുറുക്കിയ നിലയില്‍

തൃശൂര്‍: മൃതദേഹം പല ഭാഗങ്ങളായി വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളും പലയിടങ്ങളില്‍ വച്ചാണ് ലഭിച്ചത്. ചില ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുമില്ല. ജനങ്ങളില്‍ ഭീതി നിറച്ച് തൃശൂര്‍-കുന്നംകുളം പാതയില്‍ നിന്ന് ഏതാനും അകലെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചത്. എന്താണ് നടന്നതെന്ന പോലീസിന് വ്യക്തമായിട്ടില്ല. പക്ഷേ, കൊലപാതകം തന്നെയാണെന്ന് പോലീസ് ഉറപ്പിച്ച് പറയുന്നു. ചില പരിശോധനകള്‍ കൂടി നടന്നാല്‍ കൂടുതല്‍ വ്യക്തത കിട്ടും.

കേച്ചേരിക്കടുത്ത ചൂണ്ടല്‍ പാടത്താണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. വെട്ടിനുറുക്കി കത്തിച്ച നിലയിലാണ് മൃതദേഹം. പ്രധാന റോഡില്‍ നിന്ന് 150 മീറ്ററോളം അകലെ നിന്നാണ് ലഭിച്ചത്.മരക്കമ്പനിക്ക് പിന്നില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ആടിനെ തീറ്റിക്കാന്‍ വന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. കൈകാലുകള്‍ ഒരു ഭാഗത്തും തലയും നെഞ്ചുവരെയുള്ള ഉടല്‍ ഭാഗം മറ്റൊരു ഭാഗത്തുനിന്നുമാണ് ലഭിച്ചത്.

കത്തിക്കാന്‍ ഉപയോഗിച്ച പാത്രത്തിന്റെ അടുപ്പും പിന്നീട് കണ്ടെടുത്തു. തുണിയുടെ അവശിഷ്ടവും ലഭിച്ചിട്ടുണ്ട്. തുണി ഉപയോഗിച്ച് അടുപ്പില്‍ നിന്ന് തീയെടുത്ത് മൃതദേഹം കത്തിച്ചുവെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹം പുരുഷന്റേതാണെന്ന് പോലീസ് സംശയിക്കുന്നു. മുടി പരിശോധിച്ചതില്‍ നിന്നാണ് ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തിയത്. വിശദമായ പരിശോധന ആവശ്യമാണെന്ന് പോലീസ് പറഞ്ഞു. വയറിന്റെ ഭാഗവും തുടകളും കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. സമീപ പ്രദേശങ്ങളിലുണ്ടാകുമെന്ന് കരുതി ഏറെ നേരം പോലീസ് തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. അത് മറ്റെവിടെയെങ്കിലും കൊണ്ടുപോയി നശിപ്പിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുള്ളതായി പോലീസ് സംശയിക്കുന്നു. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് ആടിനെ തീറ്റിക്കാന്‍ എത്തിയവര്‍ ചുറ്റും നോക്കിയത്. അപ്പോഴാണ് മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടത്. ഡോഗ് സ്വാഡ് പരിശോധന നടത്തി. ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ പരിശോധന ഉടന്‍ നടക്കും. ഈ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നാണ് പോലീസ് പറയുന്നത്. റൂറല്‍ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സംഭവ സ്ഥലം പരിശോധിച്ചത്. കുന്നംകുളം സിഐ, എസ്‌ഐ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Top