കുട്ടികളെ ചൂഷണംചെയ്യുന്നതിനെതിരെ നിലപാട് ശക്തം: വത്തിക്കാന്‍

വത്തിക്കാന്‍, ഏപ്രില്‍ 24: പ്രായപൂര്‍ത്തിയെത്താത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍റെ (Pontifical Council for the Portection of Minors-PCPM) ചതുര്‍ദിന സമ്പൂര്‍ണസമ്മേളനം ഞായറാഴ്ച സമാപിച്ചതായി വത്തിക്കാന്‍ അറിയിച്ചു. പരിശുദ്ധപിതാവിനോടു ചേര്‍ന്നു ഉപദേശകസമിതിയായി പ്രവര്‍ത്തിക്കുന്നതിന് നവമായ പ്രതിബദ്ധതയോടുകൂടിയാണ് സമ്മേളനം അവസാനിച്ചത്.  വ്യാഴാഴ്ച 21-ാംതീയതി പാപ്പായുമായുള്ള കൂടിക്കാഴ്ചയില്‍ ലഭിച്ച പ്രചോദനത്തില്‍ തങ്ങള്‍ കൃതജ്ഞതയുള്ളവരാണെന്നും, കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ, ഒട്ടും സഹിഷ്ണുതയില്ലാത്ത നിലപാട് സ്വീകരിച്ചുകൊണ്ടുള്ള പാപ്പായുടെ ശക്തമായ വാക്കുകളെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും കമ്മീഷന്‍ വെളിപ്പെടുത്തി.

സമ്മേളനം മൂന്നു സുപ്രധാനകാര്യങ്ങളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്.  ചൂഷണം ചെയ്യപ്പെട്ടവര്‍ അതിനെക്കുറിച്ച് അറിയിക്കുന്ന കാര്യങ്ങളിലെ നടപടികള്‍, കുട്ടികളുടെ സംരക്ഷണത്തിനായുള്ള മാര്‍ഗനിര്‍ദേശരേഖകള്‍, കൗമാരക്കാര്‍ക്കും പ്രായപൂര്‍ത്തിയെത്തിയവര്‍ക്കും പ്രാദേശികസഭകളുടെ നേതൃത്വത്തില്‍ നല്‍കേണ്ട അവബോധമുണര്‍ത്തുന്നതിനാവശ്യമായ പരിപാടികള്‍ എന്നിവയാണവ.

2014-ല്‍ സ്ഥാപിക്കപ്പെട്ട ഈ കമ്മീഷന് ആറു ഭൂഖണ്ഡങ്ങളില്‍ നിന്നുമായി 15 അംഗങ്ങളാണുള്ളത്.  നിര്‍ദ്ദേശരേഖകള്‍ക്കും, കമ്മീഷന്‍റെ പരിപാടികളെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കാവുന്ന വെബ്സൈറ്റ് ഇതാണ്: www.protectionofminors.va

Top