ചോറ്റാനിക്കരയില്‍ നാലുവയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു; കേസില്‍ ഇന്ന് വിധി പറയാനിരിക്കെയാണ് സംഭവം

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ചോറ്റാനിക്കര അക്‌സ വധക്കേസിലെ ഒന്നാം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. അമ്മയും കാമുകനും ചേര്‍ന്ന് നാല് വയസുകാരി അക്‌സയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി പറയാനിരിക്കെയാണ് സംഭവം.

കേസിലെ ഒന്നാം പ്രതി രഞ്ജിത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിഷം കഴിച്ച ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. രഞ്ജിത്തിന്റെ നില ഗുരുതരമാണെന്നാണ് സൂചന. കേസില്‍ വിധി പറയുന്നത് ഈ മാസം അഞ്ചിലേക്ക് മാറ്റി.

2013 ഒക്ടോബറിലാണ് എല്‍കെജി വിദ്യാര്‍ത്ഥിനിയായ അക്‌സ കൊല്ലപ്പെടുന്നത്. കാമുകനുമായി ജീവിക്കാന്‍ തടസ്സമായ മകളെ അമ്മയും കാമുകനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നു. രഞ്ജിത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്. പിറ്റേന്ന് കുട്ടിയെ കാണാനില്ലെന്നുപറഞ്ഞ് കുട്ടിയുടെ അമ്മ റാണി ചോറ്റാനിക്കര പോലീസിലെത്തിയിരുന്നു. ഇവരുടെ മൊഴികളില്‍ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ കാര്യം പുറത്തുവന്നത്.കേസില്‍ റാണി, കാമുകന്മാരായ രഞ്ജിത്ത്, ബേസില്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

Top