ചെഗുവേരയേ വാഴ്ത്തിയ സി.കെ പത്മനാഭനേ താക്കീത് ചെയ്തു

കണ്ണൂര്‍: ബി.ജെ.പിയിലെ ചുവന്ന നക്ഷ്ത്രം സി.കെ പത്മനാഭന്‌ താക്കീത്. ചെഗുവേരയെ വാഴ്ത്തുകയും എം.ടിയെയും കമലിനെയും വിമര്‍ശിക്കുന്ന സംഘ്പരിവാര്‍ നയത്തെ തള്ളിപ്പറയുകയും ചെയ്ത സി.കെ. പദ്മനാഭനെ താക്കീതുചെയ്യുന്ന പ്രമേയവുമായി അദ്ദേഹത്തിന്‍െറ സ്വദേശമായ അഴീക്കോട് പഞ്ചായത്ത് കമ്മിറ്റി യാണ്‌ രംഗത്ത് വന്നത്. ഇനി ആവർത്തിച്ചാൽ ബി.ജെ.പിയിലേ ഈ കലാപകാരി പുറത്തേക്കായിരിക്കും എന്ന വ്യക്തമായ സൂചനയാണിത്.

പത്ഭനാഭൻ അങ്ങിനെയാണ്‌. പേരുപോലെ ധീരനാണ്‌. മോദിയുടെ മുഖത്ത് നോക്കിയും തനിക്കുള്ളത് പറയാൻ ഉള്ള ആർജ്ജവം അദ്ദേഹം കൈവരിച്ചത് പിച്ചവച്ചു നടന്ന കണ്ണൂരിന്റെ ചുട്ടുപഴുത്ത രാഷ്ട്രീയത്തിൽ നിന്നുമാണ്‌. ഒരു കാലത്ത് തലശേരിയും, പാനൂരും മനുഷ്യ കുരുതിയാൽ വിറങ്ങലിച്ചപ്പോഴും ബി.ജി.പിയുടെ അമരത്ത് നിന്ന് തേർ തെളിച്ചത് ശക്തനായ  ഇദ്ദേഹമായിരുന്നു,

ഈ നിലപാട് വ്യക്തമാക്കലിനേ രാഷ്ട്രീയ കൂടുമാറ്റത്തിന്റെ സൂചനയായി പോലും വേണേൽ കാണാം. പത്ഭനാഭനേ എന്നും സ്വാധീനിച്ച ആശയങ്ങളിൽ കമ്യൂണിസവും, എ.കെ.ജിയും ഉണ്ടായിരുന്നു.

സംവിധായകന്‍ കമലിനോട് പാകിസ്താനിലേക്ക് പോകാന്‍ ആരാണ് പറഞ്ഞതെന്ന് അഴീക്കോട് പഞ്ചായത്ത് കമ്മിറ്റിപ്രമേയത്തില്‍ പദ്മനാഭനോട് ചോദിക്കുന്നു. ദേശീയതയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കണോയെന്ന ശങ്കയുള്ള വ്യക്തിയാണ് കമല്‍. അത്തരക്കാര്‍ രാജ്യം വിടുന്നതാണ് നല്ലത് എന്നേ എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞിട്ടുള്ളൂ. അറിഞ്ഞോ അറിയാതെയോ താങ്കളും ഇത് മറ്റുള്ളവര്‍ക്ക് ആയുധമായി ദുര്‍വ്യാഖ്യാനിച്ചുവെന്ന് കമ്മിറ്റി കുറ്റപ്പെടുത്തുന്നു. എം.ടി. വാസുദേവന്‍ നായര്‍ സാഹിത്യരംഗത്ത് ഹിമാലയമാണെങ്കിലും രാഷ്ട്രീയരംഗത്ത് മൊട്ടക്കുന്നാണ്. ചെഗുവേരയെയും ഗാന്ധിയെയും താരതമ്യം ചെയ്യുന്നത് പകലിനെ രാത്രിയോട് താരതമ്യം ചെയ്യുംപോലെയാണ്. അന്ധന്‍ ആനയെ കണ്ട അതേ അവസ്ഥയായിപ്പോയി താങ്കളുടേത് -പ്രമേയം ചൂണ്ടിക്കാട്ടി.

ഭൂതകാലത്തിന്‍െറ സ്മരണകള്‍ വേട്ടയാടുന്നതുകൊണ്ടാണോ താങ്കളില്‍നിന്ന് ഭ്രാന്തന്‍ ജല്‍പനങ്ങളും ശൂന്യതയോടെയുള്ള പ്രതികരണങ്ങളും ഉണ്ടാകുന്നതെന്ന സംശയം ബാക്കിയുണ്ടെന്നും പ്രമേയത്തില്‍ പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്‍െറ ഗതി ബി.ജെ.പിയുടെ മുന്‍ അധ്യക്ഷന് ഒരിക്കലും ഉണ്ടാവില്ല എന്നതാണ് താങ്കള്‍ക്ക് നല്‍കാന്‍ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുള്ള ഉറപ്പ് എന്നും ദീര്‍ഘമേറിയ പ്രമേയത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

സി.കെ. പദ്മനാഭന്‍െറ അഭിപ്രായം സ്വാഗതാര്‍ഹം -കോടിയേരി
കൊല്ലം: സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്കും സംവിധായകന്‍ കമലിനും ചെഗുവേരക്കും എതിരായ ബി.ജെ.പി, ആര്‍.എസ്.എസ് അഭിപ്രായപ്രകടനങ്ങള്‍ക്കെതിരെ രംഗത്തുവന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ. പദ്മനാഭന്‍െറ അഭിപ്രായം സ്വാഗതാര്‍ഹമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എം.ടിക്കും കമലിനും ചെഗുവേരക്കും എതിരായ പരാമര്‍ശങ്ങള്‍ ബി.ജെ.പി നേതാക്കള്‍ക്ക് പോലും അംഗീകരിക്കാനാകുന്നില്ല എന്നതിന്‍െറ തെളിവാണ് സി.കെ. പദ്മനാഭന്‍െറ അഭിപ്രായം. ബി.ജെ.പിയില്‍നിന്ന് ഇനിയും ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു. പാരിപ്പള്ളി ക്വയിലോണ്‍ ഫുഡ്സ് കശുവണ്ടി ഫാക്ടറിക്ക് മുന്നിലെ കാഷ്യൂ വര്‍ക്കേഴ്സ് സെന്‍റര്‍ സമരകേന്ദ്രം സന്ദര്‍ശിക്കാനത്തെിയ കോടിയേരി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

Top