നാല് പേര്‍ ശല്യപ്പെടുത്തി, എട്ടാം ക്ലാസുകാരി ജീവനൊടുക്കി

മീറട്ട്: നാല് പേര്‍ ചേര്‍ന്ന് ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന 14കാരി മരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് നാല് യുവാക്കള്‍ ചേര്‍ന്ന് കുട്ടിയെ ശല്യപ്പെടുത്തിയിരുന്നു. ഇതില്‍ മനംനൊന്ത് സ്വയം തീ കൊളുത്തി പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കുട്ടി ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്ന വഴി ശോഭിത്, അങ്കിത്, മോഹിത്, രവി എന്നീ യുവാക്കള്‍ ചേര്‍ന്ന് ശല്യപ്പെടുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

ട്യൂഷന്‍ നിര്‍ത്തിയതോടെ പെണ്‍കുട്ടിയുടെ നാട്ടിലെത്തി യുവാക്കള്‍ ശല്യപ്പെടുത്തുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ജനുവരി ആറിന് പെണ്‍കുട്ടി സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ 80 ശതമാനം പൊള്ളലേറ്റിരുന്നു. ചികിത്സയിലായിരുന്ന കുട്ടി ഇന്നലെ മരണത്തിന് കീഴടങ്ങി.

Top