കണ്ണൂര്‍ വീണ്ടും അശാന്തം,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി, ജില്ലയില്‍ ഹര്‍ത്താല്‍

കണ്ണൂര്‍: മട്ടന്നൂരിനു സമീപം എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. മട്ടന്നൂര്‍ സ്റ്റേഷന്‍ പരിധിയിലെ എടയന്നൂര്‍ തെരൂരില്‍ തട്ടുകടയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം യൂത്ത് കോണ്‍ഗ്രസ് കീഴല്ലൂര്‍ മണ്ഡലം പ്രസിഡന്റായിരുന്ന എടയന്നൂര്‍ സ്‌കൂള്‍ പറമ്പത്ത് ഹൗസില്‍ ഷുഹൈബ് (30) ആണ് മരിച്ചത്.

ബോംബേറില്‍ പരുക്കേറ്റ പള്ളിപ്പറമ്പത്ത് ഹൗസില്‍ നൗഷാദ്(27), റിയാസ് മന്‍സിലില്‍ റിയാസ്(27) എന്നിവര്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ ചികിത്സയിലാണ്. സുഹൃത്തിന്റെ തട്ടുകടയില്‍ ചായ കുടിക്കുകയായിരുന്ന ഇവര്‍ക്കു നേരെ വാനിലെത്തിയ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം വെട്ടി പരുക്കേല്‍പിക്കുകയായിരുന്നു. രാത്രി 11.30നാണു സംഭവം. ഇരു കാലുകള്‍ക്കും സാരമായി വെട്ടേറ്റ ഷുഹൈബിനെ കോഴിക്കോട്ടേക്കു കൊണ്ടുപോകുംവഴി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ ഒന്നിനാണ് മരിച്ചത്.

മട്ടന്നൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമികളെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് ആഹ്വാനം ചെയ്തു.

Top