വിധി പറയുന്നതിനിടെ കോടതിമുറിക്കുള്ളില്‍ യുദ്ധക്കുറ്റവാളി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

ഹേഗ്: ശിക്ഷ പ്രഖ്യാപിക്കുന്നതിനിടെ യുദ്ധക്കുറ്റവാളി വിഷം കഴിച്ചുമരിച്ചു. ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണലില്‍ വിചാരണ നടക്കുന്നതിനിടെയാണ് സംഭവം. മുന്‍ ബോസ്‌നിയന്‍ കമാന്‍ഡറാണ് വിഷം കഴിച്ചു മരിച്ചത്.

1992-95 കാലത്തെ ബോസ്‌നിയന്‍ യുദ്ധത്തില്‍ മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്ത കേസില്‍ കുറ്റാരോപിതനായ സ്ലൊബൊഡാന്‍ പ്രല്‍ജാക്കാ(72)ണ് കോടതിമുറിയില്‍ ആത്മഹത്യ ചെയ്തത്. ബോസ്‌നിയന്‍ യുദ്ധത്തില്‍ പ്രതികളായ ആറു സൈനികരാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് പ്രല്‍ജാക്ക്.

2013ല്‍ പ്രല്‍ജാക്കിന് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. അതിനെതിരെ അന്താരാഷ്ട്രകോടതിയില്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ വിധി പറയുന്നതിനിടെയാണ് സംഭവം. ശിക്ഷകേള്‍ക്കുന്നതിനിടെ എഴുന്നേറ്റ് കൈയില്‍ കരുതിയിരുന്ന വിഷദ്രാവകം കഴിക്കുകയായിരുന്നു.

കോടതിനടപടികള്‍ നിര്‍ത്തിവെച്ച് പ്രല്‍ജാക്കിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top