മൂന്നുവയസ്സുകാരിയുടെ വായില്‍ പടക്കം വെച്ച് തീ കൊളുത്തി ദീപാവലി ആഘോഷം; പെണ്‍കുട്ടിയുടെ നില ഗുരുതരം, മുഖത്ത് 50ലധികം തുന്നല്‍

ലഖ്‌നൗ: ദീപാവലി ആഘോഷത്തിനിടെ യുവാവ് മൂന്നുവയസ്സുകാരിയുടെ വായിലിട്ട് പടക്കം പൊട്ടിച്ചു. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ സമീപത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിക്ക് അമ്പതോളം തുന്നലുകളായിരുന്നു വേണ്ടി വന്നത്.

മീററ്റിലെ മിലക് ഗ്രാമത്തില്‍ പ്രദേശവാസിയായ ശശികുമാറിന്റെ മൂന്നുവയസ്സുള്ള പെണ്‍കുട്ടിയെ പ്രദേശവാസിയായ ഹര്‍പാല്‍ എന്ന യുവാവ് വിളിച്ചു കൊണ്ടുപോകുകയും വായില്‍ പടക്കംവെച്ചു തീ കൊളുത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ വായിലും തൊണ്ടയിലും മാരകമായി പരിക്കേറ്റു. അപകടത്തില്‍ തൊണ്ടയ്ക്കു പരിക്കേറ്റതിനാല്‍ ആരോഗ്യനില വഷളായിരിക്കുകയാണ്. പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

വീടിന് പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഹര്‍പാല്‍ കൂട്ടിക്കൊണ്ടു പോയെന്നാണ് ശശികുമാറിന്റെ മൊഴി. ഇയാളുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ക്രൂരമായ തമാശ ഞെട്ടിക്കുന്ന സംഭവമായിമാറിയതോടെ ഹര്‍പാല്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ കവിളിലും തൊണ്ടയിലും ഗുരുതരമായി പരിക്കേറ്റെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.

Top