നടി കേസിലെ പൊലീസിന്‍റെ കുരുട്ടു ബുദ്ധി തിരിച്ചടിയാകുന്നു ;കേസിൽ ഇന്നത്തെ ഹൈക്കോടതി നിരീക്ഷണം നിർണായകം

കൊച്ചി: ദിലീപ് കേസിലേ നിര്‍ണ്ണായകമായ പല തെളിവുകളും കൃത്രിമം. ഒറിജിനല്‍ പലതും കിട്ടാതായപ്പോള്‍ ദിലീപിനേ ജയിലില്‍ ഇട്ടതിന്റെ കാരണങ്ങള്‍ ന്യായീകരിക്കാന്‍ പല തെളിവുകളും കൂട്ടി ചേര്‍ക്കുകയായിരുന്നുവെന്ന് സൂചന .  കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് പൊലീസിന്‍റെ കൃത്രിമ തെളിവുകൾ വില്ലനാകുന്നത്. പൾസർ സുനി കാറിൽ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളും ഇത് ഷൂട്ട് ചെയ്ത മൊബൈൽ ഫോണുമാണ് കേസിലെ മുഖ്യ തെളിവ്. എന്നാൽ ഷൂട്ട് ചെയ്ത മൊബൈൽ കണ്ടെത്താൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. മൊബൈലിനു എന്തു സംഭവിച്ചുവെന്നതിനു വ്യക്തമായ ഉത്തരം കണ്ടെത്താനും പൊലീസിനു കഴിഞ്ഞിട്ടില്ല.

ഇതോടെ കേസ് ദുർബലമാകുമെന്നു ഭയപ്പെട്ട പൊലീസ് കൃത്രിമമായി തയാറാക്കിയ ദൃശ്യങ്ങളുടെ വീഡിയോയോണ് ഇപ്പോൾ പ്രതിഭാഗം ആയുധമാക്കുന്നത്. അറസ്റ്റിലായ പ്രതികളുടെ മൊബൈൽ ഫോണിൽ നിന്നും ലഭിച്ച അവ്യക്തമായ ചില ദൃശ്യങ്ങളിൽ എഡിറ്റിങ് നടത്തിയാണ് ഈ വീഡിയോ തെളിവായി പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളതെന്നാണ് ലഭിക്കുന്ന സൂചന.

കേസിനു ബലം കിട്ടാൻ പൊലീസ് നടത്തിയ സംഭവം ഒടുക്കം പൊലീസിനു തന്നെ തിരിച്ചടിയാകുകയാണ്. തനിക്കെതിരെ ഹാജരാക്കിയ ദൃശ്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മുൻപ് അങ്കമാലി കോടതി നിഷേധിച്ച ആവശ്യം ഹൈക്കോടതി അംഗീകരിക്കാനാണ് സാധ്യത. പ്രതിയെന്ന നിലയിൽ തെളിവുകൾ പരിശോധിക്കാനുള്ള അവകാശം ദിലീപിനുണ്ട്.

ഇതിനു അനുമതി നൽകാനുള്ള അധികാരം ഹൈക്കോടതിക്കുമുണ്ട്. ദൃശ്യങ്ങൾ ദിലീപ് ദുരുപയോഗം ചെയ്യുമെന്ന വാദം നിരത്തിയാണ് പ്രോസിക്യൂഷൻ ഇക്കാര്യത്തെ എതിർത്തിരുന്നത്. എന്നാൽ ഹൈക്കോടതിയുടെ പരിഗണയിൽ പ്രതിയും വാദിയും ഒരേ തുലാസിലായതിനാൽ തന്നെ ദിലീപിനു ദൃശ്യങ്ങൾ പരിശോധിക്കാൻ അവസരം നൽകുമെന്നു തന്നെയാണ് നിയമ വിദഗ്ദർ നൽകുന്ന സൂചനകൾ.

ദൃശ്യങ്ങൾ ഫെയ്ക് ആണെന്ന ഉത്തമ വിശ്വാസം തന്നെയാണ് ദിലീപിനും രാമൻപിള്ള വക്കീലിനും ബലം നൽകുന്നത്. കേസിലെ യഥാർഥ തെളിവുകൾ കണ്ടെത്തുന്നതിൽ പൊലീസിനു സംഭവിച്ച ഗുരുതര പിഴവാണ് ഇപ്പോൾ പ്രോസിക്യൂഷനു തിരിച്ചടിയാകാനൊരുങ്ങുന്നത്.
ദൃശ്യങ്ങൾ വേണമെന്ന ആവശ്യം ഇന്നു പരിഗണിക്കുന്ന കോടതി അനുമതി നൽകിയാൽ കേസിൽ അത് പ്രോസിക്യൂഷനു കനത്ത തിരിച്ചടിയാകും.

പ്രധാന തെളിവുകൾ പൊളിക്കാൻ പ്രതിഭാഗത്തിനു കഴിഞ്ഞാൽ വിചാരണ തുടങ്ങും മുൻപേ നടി കേസിൽ ദിലീപ് രക്ഷപെട്ടേക്കും. അതേസമയം കേസിൽ ദിലീപിന്‍റെ പങ്ക് തെളിയിക്കാനാവാതെ വന്നാൽ അത് പൊലീസിനും സർക്കാരിനും വരെ കനത്ത വെല്ലുവിളി ഉയർത്തും. ഈ സാഹചര്യത്തിൽ എങ്ങനെയും ദൃശ്യങ്ങൾ ദിലീപിന്‍റെ പക്കൽ എത്തുന്നതിൽ നിന്നും തടയാനുള്ള അന്തിമ പോരാട്ടത്തിലാണ് പ്രോസിക്യൂഷൻ.

Top