ദീലിപ് എന്ന ജനപ്രിയ നായകന്റെ സ്വന്തം തിയേറ്ററിൽ ജനത്തിന് പ്രിയമില്ലാത്ത രീതിയിൽ തീവെട്ടിക്കൊള്ളയെന്ന് സോഷ്യൽ മീഡിയയിൽ വൻ പ്രചരണം

നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തീയറ്ററിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രചരണം. മൾട്ടിപ്ലക്‌സ് തീയറ്ററുകളേക്കാൾ ഉയർന്ന നിരക്കാണ് ഡി സിനിമാസിൽ ഈടാക്കുന്നതെന്നാണ് ആരോപണം. പാർക്കിംഗ് ചാർജ് ഈടാക്കരുതെന്ന മുനിസിപ്പാലിറ്റിയുടെ വ്യവസ്ഥ പോലും ഡി സിനിമാസിൽ പാലിക്കുന്നില്ലെന്നും ആരോപണമുണ്ട്. ഡി സിനിമാസ് എന്ന കൊള്ളസങ്കേതം എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റ്. നമ്മുടെ സ്വന്തം ചാലക്കുടി എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ആരോപണം പുറത്ത് വന്നിരിക്കുന്നത്. മുനിസിപ്പാലിറ്റി പണം ഈടാക്കരുതെന്ന് പറഞ്ഞിട്ടും ഡി സിനിമാസിൽ പാർക്കിംഗിന് 20 രൂപയാണ് വാങ്ങുന്നത്. ടിക്കറ്റിന് മൂന്ന് രൂപ അധികം സെസ് കൂടി നൽകണം. മറ്റ് തീയറ്ററുകളിൽ നാല് വയസു വരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് വേണ്ട എന്നാൽ ഡി സിനിമാസിൽ മൂന്ന് വയസുള്ള കുട്ടികൾക്ക് പോലും ടിക്കറ്റ് ചോദിക്കുന്നു. ഇങ്ങനെ പോകുന്നു ആരോപണങ്ങൾ. കുടിവെള്ളം പോലും അകത്ത് കടത്താൻ സമ്മതിക്കില്ല. ലോഞ്ചിൽ ചെന്നിരുന്നാൽ അവിടെ തീയറ്ററുകാരുടെ വക ഐസ്‌ക്രീം, കൂൾ ഡ്രിങ്ക്‌സ്, പോപ്പ് കോൺ മുതലായ സാധനങ്ങൾ വരും. എന്നാൽ ഇതിനെല്ലാം പുറത്ത് കൊടുക്കുന്നതിന്റെ ഇരട്ടി പണം നൽകണം. ചായക്ക് 25 രൂപയും ഐസ്‌ക്രീമിന് 50 രൂപയുമാണ് നൽകേണ്ടത്. പോപ്പ്‌കോണിന്റെ വില നൂറ് രൂപയാണ്.
ഫെയ്‌സ്ബുക്ക് പോസ്റ്റ്
‘ഡി ‘ സിനിമാസ് ‘ എന്ന ചാലക്കുടിയിലെ കൊള്ളസങ്കേതം :
കേരളത്തിൽ ഷോപ്പിംഗ് മാളുകളിലെ മൾട്ടി പ്ലക്‌സ് കളിലോ, കേരളത്തിലെ തന്നെ തീയേറ്ററുകളിൽ ഏറ്റവും ഉന്നത നിലവാരം പുലർത്തുന്ന ബി . ഉണ്ണികൃഷ്ണന്റെ തിരുവന്തപുരത്തുള്ള ഏരീസ് പ്ലസ് തീയേറ്ററിലോ ഇല്ലാത്ത തരത്തിലുള്ള പകൽ കൊള്ളയാണ് ചാലക്കുടിയിലെ ഡി ‘ സിനിമാസ്സിൽ നടക്കുന്നത് . ലിബർട്ടി ബഷീറിനെ മലർത്തി അടിച്ചു എന്ന് അവകാശപ്പെട്ടു കേരളത്തിൽ തിയേറ്റർ ഉടമകളുടെ സംഘടനയെ പിളർത്തി പേരെടുത്ത ദിലീപ് എന്ന ജനപ്രിയ നായകൻറെ സ്വന്തം തിയേറ്ററിൽ ജനത്തിന് പ്രിയം ഇല്ലാത്ത രീതിയിൽ ആണ് തീവെട്ടിക്കൊള്ള നടക്കുന്നത് ,കാർപാർക്കിൽ നിന്നും തുടങ്ങുന്നു അവരുടെ കൊള്ള , മുനിസിപ്പാലിറ്റി പണം ഈടാക്കരുത് എന്ന് പറഞ്ഞെങ്കിലും ഡി ‘ സിനിമാസ്സിൽ കാർ പാർക്ക് ചെയ്യണമെങ്കിൽ 20 രൂപ കൊടുക്കണം . അത് കഴിഞ്ഞു ടിക്കറ്റ് എടുക്കാൻ ചെന്നാൽ ടിക്കറ്റിന് പുറമെ 3 കൂടി സെസ്സ് വാങ്ങിയിരിക്കും , അതും കഴിഞ്ഞു ഉള്ളിൽ കയറാൻ പോകുമ്പോൾ സാധാരണ ഒരു തീയേറ്ററിലും മൂന്നോ , നാലോ വയസ്സുകാർക്കു ടിക്കറ്റ് ചോദിക്കാറില്ല , ഇവിടെ ചെന്നാൽ മൂന്നു വയസ്സ് കാർക്കും കൊടുക്കണം ഫുൾ ടിക്കറ്റ് ചാർജ് . ആ കടമ്പയും കഴിഞ്ഞു ചെല്ലുമ്പോൾ ആണ് രണ്ടു ആണുങ്ങളും ഒരു പെണ്ണും കൂടി എയർ പോർട്ടിൽ സെക്ക്യൂരിറ്റി ചെക്കിങ് പോലും നാണിക്കുന്ന രീതിയിൽ അമ്മമാരുടെ കൈയ്യിലെ ഹാൻഡ് ബാഗ് മുതൽ എല്ലാം തിരഞ്ഞു പുറത്തിട്ടു പരിശോധിക്കൽ , അതിൽ കാണുന്ന കുട്ടികൾക്ക് കൊടുക്കാനുള്ള ബിസ്‌ക്കറ് പോലും എടുത്തു പുറത്തിട്ടു നമ്മളെ ഉള്ളിലേക്ക് പറഞ്ഞു വിടുന്നു , കുടി വെള്ളം പോലും അകത്തു കടത്താൻ അനുവദിക്കില്ല . അത് കഴിഞ്ഞു ലോഞ്ചിൽ ചെന്നിരുന്നാൽ അവിടെ അവരുടെ വക ഐസ് ക്രീം , കൂൾ ഡ്രിങ്ക്‌സ് , പോപ്പ്‌കോൺ , മറ്റു സാധനങ്ങൾ . ഇതെല്ലം പുറത്തു കിട്ടുന്ന വിലയേക്കാൾ ഇരട്ടി കൊടുക്കണം . ഉദാ: ഒരു ചായ 25 രൂപ , ഐസ് ക്രീം 50 രൂപ, പോപ്പ്‌കോൺ 100 രൂപ . ജനപ്രിയ നായകൻറെ തിയേറ്ററിൽ നടക്കുന്ന ഈ പകൽ കൊള്ള അധികൃതരുടെ മുന്നിൽ പരാതി പെടും എന്ന പറഞ്ഞപ്പോൾ അവിടെ നിൽക്കുന്ന ജീവനക്കാരുടെ വക പരിഹാസം വേറെ . വെറും 500 മീറ്റർ അപ്പുറത്തു ഈ ജനപ്രിയ നായകൻറെ തന്നെ ‘ഐ വിഷൻ ‘ എന്ന കണ്ണാസ്പത്രി ഉണ്ട് . പറയുമ്പോൾ എല്ലാം ജനത്തിന് വേണ്ടി , അടുത്തറിയുമ്പോൾ ആണ് എല്ലാം ജനത്തിന്റെ പണത്തിനു വേണ്ടി ആണെന്ന് അറിയുന്നത്

Top