പ്രകൃതി ചികിത്സയുടെ പേരില്‍ നടന്ന തട്ടിപ്പ് തുറന്നു കാട്ടി യുവ ഡോക്ടര്‍

തൃശൂര്‍: നമ്മുടെ നാട്ടില്‍ വ്യാജ ചികിത്സകളുടെ പേരില്‍ വന്‍ തട്ടിപ്പ് നടക്കുന്നു. പ്രകൃതി ചികിത്സയുടെ പേരില്‍ നടന്ന ഒരു തട്ടിപ്പും അതിനിരയായ കുട്ടിയുടെ അവസ്ഥയും തുറന്നുകാണിക്കുകയാണ് ഡോക്ടര്‍ രാഹുല്‍ ആര്‍. അപസ്മാര രോഗമുള്ള നാലുവയസുകാരനെ ഒരു പ്രകൃതിചികിത്സകന്‍ ചികിത്സിച്ച് രോഗം മൂര്‍ച്ചിച്ച് അനുഭവമാണ് ഡോക്ടര്‍ എഴുതിയിരിക്കുന്നത്.

ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്ക് കൊണ്ടുവന്നപ്പോഴുള്ള ചിത്രവും ആശുപത്രി വിട്ടശേഷം വീണ്ടും കാണാന്‍ ചെന്നപ്പോഴുള്ള ചിത്രവും പങ്കുവെച്ചുകൊണ്ടാണ് ഡോക്ടറുടെ കുറിപ്പ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോക്ടര്‍ തന്റെ അനുഭവം പങ്കുവെച്ചത്.

ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ചിത്രം 1: കഴിഞ്ഞ മാസം തൃശ്ശൂർ മെഡിക്കൽ കോളേജിലെ കുട്ടികളുടെ ICU വിൽ അഡ്മിറ്റ് ചെയ്യപ്പെട്ട 4 വയസ്സുകാരൻ.

ചിത്രം 2: അതേ കുട്ടി ഡിസ്ചാർജ് ചെയ്തതിന് ശേഷം വീണ്ടും കാണാൻ വന്നപ്പോൾ.

ഇനി വിഷയം പറയാം:

അപസ്മാര രോഗവുമായി ( ജന്മനായുള്ള തലച്ചോറിലെ വൈകല്യവുമായി ബന്ധപ്പെട്ട് ) ശ്രീ ചിത്രയിലെ ചികിത്സയിലായിരിക്കെയാണ് അവർ തിരൂരുള്ള പ്രകൃതിചികിത്സകന്റ അടുത്തെത്തുന്നത്.ഇവിടെ ആദ്യമേ തന്നെ പറഞ്ഞു കൊള്ളട്ടെ അപസ്മാരം ഒരു രോഗലക്ഷണം മാത്രമാണ്. താൻ ഇത്തരം കേസുകൾ ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ട് എന്ന അവകാശവാദത്തോടെ മാതാപിതാക്കളെ വിശ്വസിപ്പിച്ചെടുത്ത ചികിത്സകൻ ഈ കുഞ്ഞിന്റെ രോഗവും താൻ പരിപൂർണ്ണമായി മാറ്റും എന്ന ഉറപ്പും കൊടുത്തു.
മൊബൈൽ ഫോണെടുത്ത് കുട്ടി കഴിക്കുന്ന സകല മരുന്നും google ചെയ്താൽ ഏതൊരാൾക്കും എളുപ്പം കിട്ടുന്ന കുറേ കാര്യങ്ങളുണ്ട് – അവയെല്ലാം പൊക്കിക്കാട്ടി അയാൾ അവരുടെ മുന്നിൽ ഏതോ മഹത്തരമായ കണ്ടുപിടുത്തം നടത്തിയ മട്ടിൽ ഇരുന്നു. ഒരു കാര്യം ഓർമ്മപ്പെടുത്തട്ടെ – ശാസ്ത്രീയമായ ഒരു പാട് പ്രക്രിയകൾക്ക് ശേഷമാണ് ഒരു മരുന്ന് വിപണിയിലെത്തുന്നത്. ആ മരുന്നിന്റെ മനുഷ്യ ശരീരത്തിലെ പ്രവർത്തനം പഠിക്കുന്നതിന്റെ ഭാഗമായി ആധുനിക വൈദ്യശാസ്ത്രം തന്നെ തിരിച്ചറിയുന്ന Side effects ഉൾപ്പടെ പഠന വിധേയമാക്കുക വഴി ശാസ്ത്രം നല്കുന്ന സുതാര്യതയെ സ്വന്തം കച്ചവടത്തിനായി വളച്ചൊടിക്കുന്ന മോഹന-വടക്ക ശ്രേണിയിലെ സകലരും സ്വയം ജനാരോഗ്യ പ്രസ്ഥാനമായിട്ടങ്ങ് വിലസയാണല്ലോ.
അങ്ങനെ കച്ചവട ബുദ്ധിയോടെ ചികിത്സകൻ കുട്ടി കഴിച്ചിരുന്ന സകല മരുന്നുകളും നിർത്തിച്ച് പകരം സ്വന്തം മരുന്നുകൾ തുടങ്ങി. ഏഴു മാസക്കാലം എല്ലാം ശരിയാക്കും എന്ന വീര വാദത്തോടെ കുഞ്ഞിനെ വെറും ജ്യൂസ് മാത്രം കൊടുത്ത് (പഥ്യമാണത്രേ) ഇയാൾ ചികിത്സിച്ചു.ഈ ബുദ്ധിശൂന്യന്റെ തട്ടിപ്പിനിരയായി ശാരീരികാരോഗ്യവും പ്രതിരോധശേഷിയും നഷ്ടപ്പെട്ട് അഡ്മിറ്റ് ചെയ്യപ്പെട്ട സാഹചര്യത്തിലേതാണ് ആദ്യ ചിത്രം .ശരിയായ പോഷണങ്ങളും ചികിത്സയും ലഭ്യമായ കുഞ്ഞിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് ചിത്രം രണ്ട്.

NB: അറിയാത്ത പണി ചെയ്യുമ്പോ ആളെക്കൊല്ലാതിരിക്കണം. പ്രകൃതി – ജനകീയാരോഗ്യം എന്നൊക്കെപ്പറഞ്ഞ് ആളാവാൻ നടക്കുമ്പോ ദയവു ചെയ്ത് ജീവിത യാഥാർത്യങ്ങളോട് പൊരുത്തപ്പെടാൻ പെടാപ്പാട് പെടുന്ന സാധാരണക്കാരനെ ഒഴിവാക്കുക.

Top