സൗദി അറേബ്യയുടെ സമ്മര്‍ദ്ദങ്ങള്‍ ഏറ്റു ;ഉപരോധത്തില്‍ നട്ടംതിരിഞ്ഞു ഖത്തര്‍; അമീര്‍ വാക്കുകള്‍ മാറ്റി

ദോഹ: കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും ഈജിപ്തും ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം ചുമത്തിയത്. ഖത്തര്‍ മുസ്ലിം ലോകത്തെ സായുധ സംഘങ്ങളുമായി അടുപ്പം പുലര്‍ത്തുന്നുവെന്നും തീവ്രവാദത്തിന് വളം നല്‍കുന്നുവെന്നുമായിരുന്നു ഇതിനുള്ള പ്രധാന ആരോപണം. ഉപരോധം ഖത്തറിന്റെ മനസ് മാറ്റിയെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി നടത്തിയ പ്രസംഗമാണ് ഖത്തറിന്റെ നിലപാട് മാറ്റം എടുത്തുപറഞ്ഞ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞമാസം യുഎന്നില്‍ അദ്ദേഹം നടത്തിയ പ്രസംഗം കഴിഞ്ഞവര്‍ഷം പ്രസംഗിച്ചതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിയെ സായുധ സംഘങ്ങളെ ഖത്തര്‍ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. പ്രത്യേകിച്ച് മുസ്ലിം ലോകത്ത് ശക്തമായ സ്വാധീനമുള്ളവരെ. അതുതന്നെയാണ് സൗദി സഖ്യത്തിന്റെ ആരോപണവും. പലസ്തീനിലെയും സിറിയയിലെയും പ്രശ്‌നങ്ങള്‍ എടുത്തുപറയാതെ ഐക്യരാഷ്ട്ര സഭയില്‍ ഖത്തര്‍ പ്രതിനിധികള്‍ പ്രസംഗിക്കാറില്ല. എന്നാല്‍ ഇത്തവണ അതില്‍ മാറ്റം വന്നു. ഒരു സായുധസംഘങ്ങളെയും ഖത്തര്‍ പരാമര്‍ശിച്ചില്ല.

2013ന് ശേഷം ആദ്യമായാണ് ഖത്തര്‍ അമീര്‍ ഇങ്ങനെ പ്രസംഗിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലസ്തീനിലെ സായുധ സംഘങ്ങളെയോ സിറിയയിലെ തീവ്രവാദികളെയോ ഖത്തര്‍ അമീര്‍ ശൈഖ് തമീം പേരെടുത്ത് പറഞ്ഞില്ല.അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങള്‍ക്കും ഖത്തര്‍ സ്വര്‍ഗമായിരിക്കും. സംഘര്‍ഷ മേഖലയില്‍ സമാധാനം പുലരണം. അതിന് വേണ്ടി മധ്യസ്ഥത വഹിക്കാന്‍ ഖത്തര്‍ ഒരുക്കമാണ്- എന്നായിരുന്നു അമീറിന്റെ ഇത്തവണത്തെ പ്രസംഗം.

നാല് വര്‍ഷം മുമ്പാണ് ശൈഖ് തമീം ഖത്തറിന്റെ അമീര്‍ ആകുന്നത്. പലസ്തീനിലെ സായുധ സംഘമായ ഹമാസിനോട് അനുഭാവ പൂര്‍വമാണ് ഖത്തര്‍ നേതാക്കള്‍ പ്രതികരിക്കാറുള്ളത്. ശൈഖ് തമീമും അങ്ങനെ തന്നെ.സിറിയയിലെ പ്രതിപക്ഷത്തോടും അടുപ്പം നിലനിര്‍ത്തുന്ന രാജ്യമാണ് ഖത്തര്‍. പലസ്തീനും സിറിയക്കും വേണ്ടി ഐക്യരാഷ്ട്ര സഭയില്‍ എപ്പോഴും വാദിക്കുന്നവരുമാണ് ഖത്തര്‍. എന്നാല്‍ അമീറിന്റെ ഇത്തവണ പ്രസംഗത്തില്‍ ഈ രണ്ടു പേരുകളും ഇല്ലായിരുന്നു.

നാല് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരത്തില്‍ ഖത്തര്‍ അമീര്‍ പ്രസംഗിക്കുന്നത്. സിറിയന്‍ പ്രതിപക്ഷത്തെ പ്രധാന വിഭാഗമാണ് മുസ്ലിം ബ്രദര്‍ഹുഡ്. ഖത്തറിന് അവരോട് അടുപ്പമുള്ളതാണ് സൗദിക്കും യുഎഇക്കും ഈജിപ്തിനും അമര്‍ഷത്തിന് കാരണം. ജൂണിന് ശേഷം പലസ്തീനിലെയും സിറിയയിലെയും വിഷയത്തില്‍ ഖത്തര്‍ ഇടപെടുന്നത് കുറഞ്ഞിട്ടുണ്ട്. നേരത്തെ പലസ്തീനില്‍ ഇസ്രായേല്‍ ആക്രമണമുണ്ടാകുമ്പോള്‍ ആദ്യം പ്രതികരിച്ചിരുന്നത് ഖത്തറായിരുന്നു. ഇപ്പോള്‍ അതുണ്ടാകുന്നില്ല.

ഗാസയിലെ സായുധ സംഘങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കിയിരുന്നു ശൈഖ് തമീമിന്റെ പിതാവും മുന്‍ അമീറുമായ ഹമദ് ബിന്‍ ഖലീഫ. 2007 ല്‍ ഗാസയില്‍ അധികാരത്തിലെത്തിയ ഹമാസിന് പരസ്യപിന്തുണ നല്‍കിയിരുന്നു അദ്ദേഹം.

Top