ഉത്തര കൊറിയ ‘ശക്തമായ നടപടികള്‍’ എടുക്കും വരെ കിം ജോങ് ഉന്നുമായി ട്രംപ് സംസാരിക്കില്ലെന്ന് വൈറ്റ് ഹൗസ്

പ്യോങ്യാങ്: ഉത്തര കൊറിയ ‘ശക്തമായ നടപടികള്‍’ കൈക്കൊണ്ടാലേ കിം ജോങ് ഉന്നുമായി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സംസാരിക്കുകയുള്ളൂവെന്ന് വൈറ്റ് ഹൗസ്. ചര്‍ച്ച നടത്തുന്നതിനു മുന്‍പ് ഉത്തര കൊറിയ, വിഷയത്തില്‍ കാര്യമായ നടപടിയെടുക്കണം, വൈറ്റ് ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്‌സ് അറിയിച്ചു. ചര്‍ച്ചയ്ക്കു തയാറാണെന്ന കിമ്മിന്റെ പ്രസ്താവന പെട്ടെന്നു സ്വീകരിച്ചതിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണു യുഎസിന്റെ വിശദീകരണം.

ചര്‍ച്ചകള്‍ക്കു തയാറാണെന്ന കിമ്മിന്റെ ക്ഷണത്തെ അത്രപെട്ടെന്നു സ്വീകരിക്കുന്നത് കിമ്മിന് രാജ്യാന്തര തലത്തില്‍ പ്രവേശനം നല്‍കുകയാണെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ആണവ നിരായുധീകരണത്തിന് നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ കിമ്മുമായി ചര്‍ച്ച നടത്തേണ്ടതുള്ളെന്നാണ് രാജ്യാന്തര തലത്തിലെ അഭിപ്രായം.

അതേസമയം, എന്തുനടപടിയാണ് ഉത്തര കൊറിയ എടുക്കേണ്ടതെന്ന് സാന്‍ഡേഴ്‌സ് വ്യക്തമാക്കിയില്ല. ചര്‍ച്ചകള്‍ക്കായി പ്രത്യേക നിബന്ധനകള്‍ വയ്ക്കുകയായിരുന്നില്ല സാന്‍ഡേഴ്‌സ് ചെയ്തതെന്നു വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പിന്നീട് അറിയിച്ചു. എന്നാല്‍ ഉത്തര കൊറിയയുടെ അണ്വായുധ പദ്ധതിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ‘അകലംപാലിക്കല്‍’ ഉടനടി അവസാനിക്കില്ലെന്ന സൂചനയാണ് സാന്‍ഡേഴ്‌സിന്റെ പ്രസ്താവനയോടെ വന്നിരിക്കുന്നത്.

അതിനിടെ, ഉത്തര കൊറിയയുമായി രൂപീകരിക്കേണ്ട കരാറുകളും മറ്റും തയാറാക്കുകയാണെന്നും ലോകത്തിന് ഏറ്റവും മികച്ചവയാണ് ഉണ്ടാക്കുന്നതെന്നും ട്വിറ്ററിലൂടെ വ്യക്തമാക്കിയ പ്രസിഡന്റ് ട്രംപ് പക്ഷേ, കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല. ഉത്തര കൊറിയയുടെ ആണവ നിരായുധീകരണവും മിസൈല്‍ പദ്ധതികള്‍ ഉപേക്ഷിക്കുന്നതും ലക്ഷ്യമിട്ടു ചര്‍ച്ചകള്‍ക്കു തയാറാണെന്ന നിലപാടാണ് യുഎസ് പുലര്‍ത്തിയിരുന്നത്.

ഹൈഡ്രജന്‍ ബോംബ്, ബാലിസ്റ്റിക് മിസൈല്‍ തുടങ്ങിയ പരീക്ഷണങ്ങള്‍ നടത്തി കിം ജോങ് ഉന്‍ ലോകരാജ്യങ്ങളെ വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെ ശക്തമായ ഉപരോധ നടപടികളുമായി ഐക്യരാഷ്ട്ര സംഘടനയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ദക്ഷിണ കൊറിയയില്‍ നടന്ന ശീതകാല ഒളിംപിക്‌സോടെ മഞ്ഞുരുകുകയായിരുന്നു. തുടര്‍ന്ന് ട്രംപുമായി ചര്‍ച്ചകള്‍ക്കു തയാറാമെന്ന് കിം വ്യക്തമാക്കുകയായിരുന്നു. കാര്യങ്ങള്‍ എല്ലാം മികച്ചരീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ മേയ് മാസത്തില്‍ ഇരുവരും തമ്മില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് കരുതുന്നത്.

Top