സ്വകാര്യ ഭാഗങ്ങളില്‍ ആരും തൊടരുതെന്ന് അവരെ പറഞ്ഞ് പഠിപ്പിക്കണം; ചുണ്ടില്‍, നെഞ്ചില്‍, തൊടകള്‍ക്ക് ഇടയില്‍, പുറക് വശം, സ്വകാര്യ ഭാഗങ്ങളിലും: കുറിപ്പ് ചര്‍ച്ചയാകുന്നു

കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ എന്ന നിലയില്‍ ഓരോരുത്തരും എന്തൊക്കെ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കണം? എന്തൊക്കെ പറഞ്ഞു കൊടുക്കെണ്ട? പലര്‍ക്കും ഇടയില്‍ ഇപ്പോഴും വ്യക്തമാല്ലാത്ത കാര്യങ്ങളാണ് കുട്ടികള്‍ക്ക് എന്ത് പറഞ്ഞുകൊടുക്കണം എന്ത് പറഞ്ഞു കൊടുക്കെണ്ട എന്നത്. ഈ സാഹചര്യങ്ങള്‍ ഇപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. യുവ ഡോക്ടര്‍ ഷിനു ശ്യാമളന്‍ മാതാപിതാക്കള്‍ക്കായി പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

കുട്ടികള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ ശാസ്ത്ര അവബോധം ഉണ്ടാക്കണം. പല രക്ഷിതാക്കളും കുട്ടികളോട് ഒന്നും പറഞ്ഞുകൊടുക്കില്ല. തിരിച്ചറിവായാലും സ്വന്തം കുട്ടികളോട് ഒന്നും പറയാതിരുന്നാല്‍ അവര്‍ മറ്റ് കൂട്ടുകാരോട് ചോദിച്ച് തെറ്റായ അറിവുകള്‍ ആര്‍ജിക്കാം. സ്വകാര്യഭാഗങ്ങളില്‍ ആരും തൊടരുതെന്നും കുട്ടികളോട് പറഞ്ഞുകൊടുക്കണമെന്ന് ഷിനുവിന്റെ കുറിപ്പില്‍ പറയുന്നു.

കുറിപ്പ് വായിക്കാം:

‘അമ്മേ, ഞാന്‍ എവിടുന്ന വന്നത്?’

‘അമ്മയുടെ വയറ്റിലായിരുന്നു മോള്‍. അവിടെ കുറച്ചു ദിവസം കിടന്ന് വലുതായപ്പോള്‍ അമ്മയുടെ വയറു കീറി മോളെ ഡോക്ടര്‍ പുറത്തെടുത്തു .’

ഒരു വട്ടമേ ഞാനിത് എന്റെ മകളോട് പറഞ്ഞു കൊടുത്തുള്ളൂ. അവള്‍ക്ക് മൂന്നര വയസ്സ്. അവളത് എന്നോട് ചോദിച്ചപ്പോള്‍ ‘കൊട്ടയില്‍ ഒഴുകി വന്നതാണെന്നോ,’ അല്ലെങ്കില്‍ ‘ഒരു ദിവസം ദൈവം കൊണ്ടു തന്നതാണെന്നോ’ ഞാന്‍ പറഞ്ഞു കൊടുത്തില്ല. കാരണം അവള്‍ക്ക് ഞാന്‍ പറഞ്ഞു കൊടുത്താല്‍ അവള്‍ക്കത് മനസ്സിലാകും എന്നെനിക്കറിയാമായിരുന്നു.

അവള്‍ ഇപ്പോള്‍ ആര് ചോദിച്ചാലും ഞാന്‍ പറഞ്ഞതു പോലെ പറഞ്ഞു കൊടുക്കാറുണ്ട്. കുട്ടികള്‍ക്ക് മനസ്സിലാക്കാവുന്ന രീതിയില്‍ ശാസ്ത്ര അവബോധം ഉണ്ടാക്കണം. അല്ലാതെ 3 വയസ്സുള്ള കുട്ടിയോട് അണ്ഡവും, ബീജവും എന്നൊക്കെ പറഞ്ഞാല്‍ അതിന് മനസിലാകില്ല. അല്ലെങ്കില്‍ കൊട്ടയില്‍ ഒഴുക്കില്‍ വന്നതാണെന്നോ പറഞ്ഞു കൊടുക്കേണ്ട ആവശ്യവുമില്ല.

പല രക്ഷകര്‍ത്താക്കളും കുട്ടികളോട് ഒന്നും പറഞ്ഞു കൊടുക്കില്ല. തിരിച്ചറിവായാലും സ്വന്തം കുട്ടികളോട് ഒന്നും പറയാതിരുന്നാല്‍ അവര്‍ മറ്റ് കൂട്ടുകാരോട് ചോദിച്ചു അവര്‍ പറഞ്ഞു കൊടുക്കുന്ന തെറ്റായ അറിവുകള്‍ അവര്‍ ആര്‍ജ്ജിക്കാം.

കുട്ടികളോട് പറഞ്ഞു കൊടുക്കേണ്ട മറ്റൊരു കാര്യം അവരുടെ സ്വകാര്യ ഭാഗങ്ങളില്‍ ആരും തൊടരുതെന്നതാണ്. ചുണ്ടില്‍, നെഞ്ചില്‍, തൊടകള്‍ക്ക് ഇടയില്‍, പുറക് വശം, സ്വകാര്യ ഭാഗങ്ങളിളും മറ്റാരും തൊടരുതെന്ന് പറഞ്ഞു പഠിപ്പിക്കുക. 3 വയസ്സൊക്കെ ആകുമ്പോള്‍ ഈ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാം. പെണ്കുട്ടികള്‍ക്ക് മാത്രമല്ല, ആണ്കുട്ടികള്‍ക്കും ഇത് പറഞ്ഞു കൊടുക്കുക.

അപരിചിതര്‍ വിളിച്ചാല്‍ കൂടെ പോകരുതെന്ന് പഠിപ്പിക്കുക. അഥവാ അമ്മയ്‌ക്കോ, അച്ഛനോ പകരം ആരെങ്കിലും കുട്ടിയെ സ്‌കൂളില്‍ കൂട്ടാന്‍ പറഞ്ഞു വിടുകയാണെങ്കില്‍ ഒരു കോഡ് പറഞ്ഞു വിടുക. ആ കോഡ് നിങ്ങള്‍ക്കും കുട്ടിക്കും മാത്രമേ അറിയുവന്‍ പാടുള്ളൂ. ഉദാഹരണം ‘ what is my cats name?’ എന്ന ചോദ്യം ഒരു കോഡ് ഭാഷയായി കുട്ടിയെ പഠിപ്പിക്കുക. അമ്മയ്ക്ക് പകരം ആരെയെങ്കിലും കുട്ടിയെ കൂട്ടി കൊണ്ടു വരാന്‍ വിട്ടാല്‍ അവര്‍ക്ക് ‘ചോദ്യത്തിന്റെ ഉത്തരം’ കൂടി പറഞ്ഞു വിടുക. കുട്ടി ചോദ്യം അപരിചിതണോട് ചോദിക്കുമ്പോള്‍ നിങ്ങള്‍ അയാള്‍ക് പറഞ്ഞു കൊടുത്ത ഉത്തരം പറയാണം. ‘കിറ്റി’ എന്നോ മറ്റും ഉത്തരം ഉപയോഗിക്കാം. അയാള്‍ അമ്മയ്ക്കും കുഞ്ഞിനും അറിയാവുന്ന ഉത്തരം പറഞ്ഞില്ലെങ്കില്‍ അയാളുടെ കൂടെ പോകരുതെന്ന് കുട്ടിയെ പറഞ്ഞു മനസ്സിലാക്കുക.

പരിചയമില്ലാത്തവര്‍ തരുന്നതൊന്നും വാങ്ങരുതെന്ന് ഓര്‍മ്മിപ്പിക്കുക.

സ്‌കൂളില്‍ നടന്നു പോകുന്ന കുട്ടികള്‍ ഒരു കാരണവശാലും വഴിയില്‍ കാണുന്ന വണ്ടികള്‍ക്ക് കൈ കാണിച്ചു ലിഫ്റ്റ് ചോദിക്കരുതെന്ന് പറഞ്ഞു കൊടുക്കുക. അപരിചിതര്‍ ആരായാലും അവരോട് ജാഗ്രതയോട് കൂടി മാത്രം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുക.

എപ്പോഴും കൊച്ചു ടി.വി വെച്ചു കാണിക്കാതെ, അവരെ എല്ലാ ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ പുറത്തു കളിക്കുവാന്‍ കൊണ്ട് പോകണം. അല്ലെങ്കില്‍ മുറ്റത്തെങ്കിലും കളിക്കുവാന്‍ പ്രേരിപ്പിക്കണം.

എന്ത് കാര്യവും അവര്‍ക്ക് രക്ഷക്കാര്‍ത്താകളോട് തുറന്ന് പറയുവാനുള്ള ഒരു ബന്ധം അവരുമായി രക്ഷകര്‍ത്താക്കള്‍ ഉണ്ടാക്കിയെടുക്കുക.

കുസൃതി കാണിക്കുമ്പോള്‍ അല്ലെങ്കില്‍ തെറ്റ് ചെയ്യുമ്പോള്‍ ശാസിച്ചും, അടിച്ചു വഴക്കു പറയാതെ, സ്‌നേഹത്തോടെ പറഞ്ഞു മനസിലാക്കിപ്പിക്കുക. എന്തിനും ഏതിനും അവരെ അടിച്ചും, വഴക്കു പറയുകയും ചെയ്താല്‍ അവര്‍ക്ക് നമ്മളോട് മനസ്സ് തുറക്കുവാന്‍ ഭയം ഉണ്ടാകും. ‘ ‘അമ്മ തല്ലുമോ, അച്ഛന്‍ വഴക്കു പറയുമോ’ എന്നുള്ള ചിന്തകള്‍ക്ക് പകരം തന്റെ മാതാപിതാക്കളോട് എന്തും തുറന്ന് പറയാമെന്നും, അവര്‍ തന്റെ സുഹൃത്തുക്കളാണെന്നും അവര്‍ക്ക് തൊന്നേണ്ടതുണ്ട്.

anil bose:
കുട്ടികള്‍ ആവശ്യത്തിന് ഉറങ്ങുന്നെന് ഉറപ്പ് വരുത്തുക. ടി.വി അല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ അമിതമായി ഉപയോഗിക്കുവാന്‍ അവരെ അനുവദിക്കരുത്.

അവര്‍ക്ക് ഉപയോഗപ്രദമായതും പ്രായത്തിന് അനുസരിച്ചുള്ള കളിപ്പാട്ടങ്ങളും വാങ്ങി കൊടുക്കുക. കളിപ്പാട്ടങ്ങളില്‍ ‘ 2 years and above’ എന്നു എഴുതിയ കളിപ്പാട്ടങ്ങള്‍ 6 മാസമായ കുട്ടിയ്ക്ക് വാങ്ങി കൊടുക്കേണ്ടതില്ല.

കുഞ്ഞു കുട്ടികളെ സ്‌കൂട്ടറിലോ, ബൈക്കിലോ യാതൊരു സുരക്ഷയുമില്ലാതെ കൊണ്ടു പോകരുത്. കഴിയുമെങ്കില്‍ ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളെ കൊണ്ട് പോകരുത്. വണ്ടി ഒന്നു മറിഞ്ഞാല്‍ അവര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ അല്ലെങ്കില്‍ ജീവന്‍ തന്നെ അപായത്തില്‍ പെടാം . കാറില്‍ ആണെങ്കില്‍ പോലും ബേബി കാര്‍ സീറ്റ് baby car restraints ഉപയോഗിക്കുക. വണ്ടി അപകടത്തില്‍ പെടുമ്പോള്‍ ആ വണ്ടിയിലുള്ള കുട്ടികള്‍ക്കാണ് മുതിര്‍ന്നവരെക്കാള്‍ ഗുരുതുരമായ പരിക്കുകള്‍ ഉണ്ടാകുക.

‘അവളെ കണ്ടു പഠിക്ക്’, ‘അവനെ കണ്ട് പഠിക്ക്’ എന്നു പറഞ്ഞു അവര്‍ക്ക് പഠനം ഒരു പേടി സ്വപ്നമാക്കാരുത്. അവന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക. അല്ലാതെ വരയില്‍ കഴിവുള്ള കുട്ടിയെ ‘നീ വരച്ചു സമയം കളയുകയാണ്,’ എന്നു നിരുത്സാഹപ്പെടുത്താതെ അവരെ പ്രോത്സാഹിപ്പിക്കുക. അവരുടെ കഴിവുകള്‍ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുക. 100% മാര്‍ക്ക് വാങ്ങുന്നതിലല്ല കാര്യം, അവരുടെ കഴിവുകള്‍ കണ്ടെത്തി അവരെ നല്ലൊരു മനുഷ്യനായി നിങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടത്.

സഹജീവികളോട് സഹാനുഭൂതി, അനുകമ്പ, സ്‌നേഹം എന്നിവ വളര്‍ത്തിയെടുക്കണം. സമയം കിട്ടുമ്പോള്‍ അവരെ അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങളില്‍ കൊണ്ടു പോകണം. ഭക്ഷണമോ, വസ്ത്രങ്ങളോ ദാനം ചെയ്യുക. ചെടികളും വൃക്ഷങ്ങളും നടുവാന്‍ പ്രരിപ്പിക്കുക.

കുട്ടികള്‍ നമ്മള്‍ പറയുന്നതും, ചെയ്യുന്നതും അതുപോലെ ചെയ്യാറുണ്ട്. നല്ല കാര്യങ്ങള്‍ പറയുകയും, നല്ല കാര്യങ്ങള്‍ ചെയ്തും അവര്‍ക്ക് നല്ല മാതൃകയാകുക. അവരെ നാളത്തെ ഇന്ത്യയുടെ പൗരന്മാരായി വര്‍ത്തെടുക്കുമ്പോള്‍ മാതാപിതാക്കളുടെ പങ്ക് ചെറുതല്ല.

ഈ ശിശുദിനത്തില്‍ ഇതാണ് എനിക്ക് നിങ്ങളോട് പറയുവാനുള്ളത്.

എഴുതിയത് : Dr Shinu Syamalan.

Top