യുവതിയെ അപമാനിച്ച ഇന്ത്യന്‍ യുവാവിനെതിരെ ദുബായിയില്‍ വിചാരണ

ദുബായ്: മെട്രോക്കുള്ളില്‍ യുവതിയെ കയറിപ്പിടിച്ച ഇന്ത്യന്‍ യുവാവിനെതിരെ ദുബായ് കോടതിയില്‍ വിചാരണ നടക്കുന്നു. ഫെബ്രുവരി 14നായിരുന്നു 38കാരനായ ഇന്ത്യന്‍ യുവാവ് മദ്യലഹരിയില്‍ യുവതിയെ കയറിപ്പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചത്.

എന്നാല്‍ ഇയാള്‍ യുവതിയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങളെല്ലാം കോടതിയില്‍ നിഷേധിച്ചു. താന്‍ മദ്യപിച്ചിരുന്നില്ലെന്നും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് ഇയാളുടെ വാദം. അബദ്ധത്തില്‍ യുവതിയുടെ ശരീരത്തില്‍ തന്റെ സ്പര്‍ശിക്കുകയായിരുന്നുവെന്നും ഇയാള്‍ പറയുന്നു. ദുബായിയില്‍ സെയില്‍സ്മാനായാണ് കുറ്റാരോപിതന്‍ ജോലി ചെയ്യുന്നത്.

പരാതിക്കാരിയായ യുവതിയും ഇന്ത്യക്കാരിയാണ്. ഷെയ്ക് സയ്യിദ് റോഡിലുള്ള മെട്രോ സ്‌റ്റേഷനില്‍ വെച്ച് ഇയാള്‍ തന്നെ കയറിപ്പിടിച്ചെന്നും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നുമാണ് 27കാരിയായ യുവതി പറയുന്നത്. തുടര്‍ന്ന് താന്‍ പ്രതികരിച്ചപ്പോള്‍ ഇയാള്‍ മാപ്പപേക്ഷിച്ചെന്നും പോലീസില്‍ അറിയിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചെന്നും യുവതി പറഞ്ഞു.

താന്‍ വളരെ ഭയപ്പെട്ടിരുന്നുവെന്നും ഉടന്‍ പോലീസിനെ വിവരമറിയിച്ചെന്നും യുവതി വ്യക്തമാക്കി. പെട്ടെന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. കേസിന്റെ വിധി മാര്‍ച്ച് 27ന് കോടതി പുറപ്പെടുവിക്കും.

Top