മൂന്നുമാസത്തെ വിസിറ്റിങ് വിസയിലെത്തി തെരുവില്‍ കച്ചവടം ചെയ്തും തെണ്ടിയും ലക്ഷങ്ങള്‍ സമ്പാദിക്കുന്നവര്‍ യു.എ.ഇയില്‍

ദുബായ് : മൂന്നുമാസത്തെ വിസിറ്റിങ് വിസയിലെത്തി തെരുവിൽ കച്ചവടം ചെയ്തും തെണ്ടിയും ല്ക്ഷങ്ങൾ സമ്പാദിക്കുന്നവർ യു.എ.ഇയിലുണ്ടെന്ന് ദുബായ് പൊലീസ് .ഭിക്ഷാടനം പോലെ തെരുവു കച്ചവടവും ദുബായിൽ വിലക്കിയിട്ടുണ്ടെന്ന് ദുബായ് പൊലീസിന്റെ കുറ്റാന്വേഷണവിഭാഗം അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. തെരുവു കച്ചവടക്കാരിലേറെയും അനധികൃതമായി ദുബായിൽ തങ്ങുന്നവരാണ്. നഗരത്തിന്റെ അപരിഷ്‌കൃതമായ മുഖമായി ഇവർ മാറുകയാണ്. ഇവർ കുറ്റകൃത്യങ്ങൾ ചെയ്താൽ കണ്ടെത്തുകയും പ്രയാസമാണെന്ന് അദ്ദേഹം പറയുന്നു.

ഭിക്ഷാടനത്തിന്റെ മറ്റൊരു രൂപമാണ് തെരുവ് കച്ചവടമെന്നും അദ്ദേഹം പറയുന്നു. കാലപ്പഴക്കം ചെന്നവയോ നിലവാരമില്ലാത്തവയോ ആയ സാധനങ്ങളാണ് ഇവർ വിൽക്കുന്നത്. ഇത്തരക്കാരെ കണ്ടെത്തുന്നതിന് ജനങ്ങൾ സഹകരിക്കണമെന്നും അവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്നും ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. സമൂഹത്തിന്റെ സുരക്ഷയ്ക്കുവേണ്ടിയാമ് അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2017-ൽ യു.എ.ഇയിൽ അനധികൃതമായി തങ്ങിയിരുന്ന 34,881 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൊട്ടുമുമ്പത്തെവർഷം അറസ്റ്റിലായവരുടെ എണ്ണം 49,205 ആയിരുന്നു. 2017-ൽ അറസ്റ്റിലായവരിൽ 2355 പേർ തെരുവ് കച്ചവടക്കാരും 1840 പേർ ഭിക്ഷയാചിക്കുന്നവരുമായിരുന്നു. 2016-ൽ അറസ്റ്റിലായ ഒരു ഭിക്ഷക്കാരൻ മാസം 50 ലക്ഷത്തോളം രൂപ സമ്പാദിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. വിനോദ സഞ്ചാരിയെന്ന നിലയിൽ മൂ്ന്നുമാസത്തെ ടൂറിസ്റ്റ് വിസയിലെത്തിയാണ് ഇയാൾ ഭിക്ഷയാചിച്ചിരുന്നത്.

ഒരു ഭിക്ഷക്കാരൻ ദിവസം ശരാശരി ഒന്നരലക്ഷം രൂപയോളം സമ്പാദിക്കുന്നുണ്ടെന്നാണ് ദുബായ് പൊലീസിന്റെ കണക്ക്. മണിക്കൂറിൽ 25,000 രൂപയോളം. വെള്ളിയാഴ്ചകളിലാണ് ഇവർക്ക് കൂടുതൽ പണം കിട്ടുന്നത്. പള്ളികൾക്ക് മുന്നിൽ ഭിക്ഷയാചിക്കുന്നവർക്ക് വാരിക്കോരിയാണ് പണം കൊടുക്കുന്നതെന്നും പൊലീസ് പറയുന്നു. ജോലിക്കുള്ള വിസയിൽ എത്തിയവർ പോലും വെള്ളിയാഴ്ചകളിൽ ഭിക്ഷാടനം നടത്താറുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

Top