ദുബായില്‍ കാമുകിയെ ശ്വാസം മുട്ടിച്ച് കൊന്ന് ട്രാവല്‍ ബാഗിലാക്കി; ലബനീസ് യുവാവ് അറസ്റ്റില്‍

ദുബായ്: വഴക്കിനെ തുടര്‍ന്ന് കാമുകിയെ ശ്വാസം മുട്ടിച്ച് കൊന്ന് ട്രാവല്‍ബാഗില്‍ അടക്കം ചെയ്ത ലബനീസ് യുവാവിനെ ദുബായ് പോലിസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ആഗസ്തില്‍ ദുബായിലെ നിശാക്ലബ്ബില്‍ വച്ച് പരിചയപ്പെട്ട വിയറ്റ്‌നാംകാരിക്കാണ് ഈ ദാരുണാന്ത്യം ഉണ്ടായത്. തന്റെ പക്കല്‍ നിന്ന് 63,000 ദിര്‍ഹം കടം വാങ്ങിയ ശേഷം അത് തിരിച്ചുതരാതിരിക്കുകയും തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്ന് യുവാവ് പോലിസിനോട് പറഞ്ഞു.

നാട്ടില്‍ താന്‍ വാങ്ങിയ ഫ്‌ളാറ്റിന്റെ ഇന്‍സ്റ്റാള്‍മെന്റ് ബാങ്കില്‍ അടയ്ക്കാനെന്നു പറഞ്ഞാണ് ആദ്യം 50,000 ദിര്‍ഹം വാങ്ങിയത്. നാട്ടില്‍ പോയി തിരികെ വന്ന ശേഷം അനാവശ്യമായി വഴക്കിടുക ശീലമായിരുന്നു. ഫെയ്‌സ്ബുക്കില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്തതുമായി ബന്ധപ്പെട്ടും പ്രശ്‌നങ്ങളുണ്ടായി. അതിനിടെ ബ്യൂട്ടി സലൂണ്‍ തുടങ്ങാനെന്നു പറഞ്ഞ് 13000 ദിര്‍ഹം വീണ്ടും കടം വാങ്ങി. സലൂണില്‍ തന്നെ പങ്കാളിയാക്കുമെന്നു പറഞ്ഞെങ്കിലും അതുണ്ടായില്ലെന്നും യുവാവ് പറഞ്ഞു.

അങ്ങനെയാണ് ബര്‍ദുബയിലെ അവളുടെ താമസ സ്ഥലത്തേക്ക് പോയത്. രാവിലെ 9.30 ആയിരുന്നു സമയം. എന്നാല്‍ തന്നെ അവഹേളിക്കുന്ന രൂപത്തിലായിരുന്നു യുവതിയുടെ പെരുമാറ്റം. ബന്ധം തുടരാന്‍ താല്‍പര്യമില്ലെങ്കില്‍ തുറന്നു പറയണമെന്ന് അവളോട് പറഞ്ഞു. നല്‍കിയ പണം തിരികെ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഒന്നും കേള്‍ക്കാത്ത മട്ടില്‍ തിരക്കഭിനയിച്ച് കുളിമുറിയിലേക്ക് പോകുകയായിരുന്നു അവള്‍ ചെയ്തത്.

പിന്തുടര്‍ന്നു കുളിമുറിയിലെത്തിയ യുവാവ് രണ്ട് മിനുട്ടുനേരം മൂക്കും വായും പൊത്തി ശ്വാസം മുട്ടിക്കുകയായിരുന്നു. അവള്‍ കുഴഞ്ഞുവീണപ്പോഴാണ് മരിച്ചുവെന്ന് മനസ്സിലായത്. പിന്നെ എന്തു ചെയ്യണമെന്നറിയാതെയായി. അവിടെ കണ്ട ഒരു ട്രാവല്‍ ബാഗില്‍ മൃതദേഹം ഒളിപ്പിച്ചു. പഴ്‌സിലുണ്ടായിരുന്ന 4500 ദിര്‍ഹമും വാച്ചും വളയും മാലയുമെല്ലാം എടുത്ത് വൈകിട്ട് നാലുമണിയോടെ വീടിന്റെ പിറകുവശത്ത് കൂടി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

യുവതിയെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് യുവാവ് പിടിയിലായത്. ഇയാള്‍ യുവതിയുടെ ഫ്‌ളാറ്റിലേക്ക് വരുന്നത് കെട്ടിടത്തിലെ സി.സി.ടി.വിയില്‍ നിന്ന് വ്യക്തമായതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ദുബായിലെ ഒരു സ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന യുവാവിനെ ജോലിസ്ഥലത്തുവച്ചാണ് പോലിസ് പിടികൂടിയത്.

Top