ഞങ്ങളുണ്ടെങ്കിലേ എല്ലാം പൂര്‍ണ്ണമാകൂവെന്ന അഹങ്കാരം മാധ്യമങ്ങള്‍ക്കുണ്ട് ; ഇത്തവണ അതങ്ങ് പൊളിച്ചു കൊടുത്തെന്ന് ഇടവേള ബാബു

അമ്മ യോഗത്തില്‍ അതീവ രഹസ്യമായി നടത്തിയ ഇടവേള ബാബുവിന്റെ പ്രസംഗം ചോര്‍ന്നു .മാധ്യമങ്ങളെ കളിയാക്കിയാണ് പുതിയ ജനറല്‍ സെക്രട്ടറി അമ്മയുടെ അമരത്ത് കാലെടുത്ത് വച്ചത്. മാധ്യങ്ങളെ ഒന്നും വിളിച്ചില്ല. ആവശ്യമുള്ളത് ഫെയ്‌സ് ബുക്കില്‍ കൊടുക്കും. ചില മാധ്യമങ്ങള്‍ക്ക് തെറ്റിധാരണയുണ്ട്. അത് തീര്‍ക്കാന്‍ ആരേയും വിളിച്ചില്ല. ഞങ്ങളുണ്ടെങ്കിലേ എല്ലാം പൂര്‍ണ്ണമാകൂവെന്ന അഹങ്കാരം കുറച്ചു പേര്‍ക്കുണ്ട്. ഇത്തവണ അതങ്ങ് പൊളിച്ചു കൊടുത്തു-ഇതായിരുന്നു ഇടവേള ബാബുവിന് പറയാനുണ്ടായിരുന്നത്. അതിന് ശേഷം അമ്മ മഴവില്‍ ഷോയെ കുറിച്ചുള്ള വിലയിരുത്തല്‍, കൈനീട്ടം പ്രഖ്യാപനം അങ്ങനെ നീണ്ടു കാര്യങ്ങള്‍. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ളവര്‍ വേദിയിലുണ്ടായിരുന്നു.

മമ്മൂട്ടിയെ അമ്മയുടെ രക്ഷാധികാരിയാക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. എന്നാല്‍ തനിക്ക് സ്ഥാനം വേണ്ടെന്നും മമ്മൂട്ടിയും പറഞ്ഞു. എന്നാല്‍ സ്‌നേഹ പൂര്‍ണ്ണമായ സമ്മര്‍ദ്ദം മമ്മൂട്ടിയില്‍ ഇന്നസെന്റ് ചെലുത്തുകയും ചെയ്തു. സ്ഥാനം ഏറ്റെടുക്കണമെന്ന ഇന്നസെന്റിന്റെ നിര്‍ദ്ദേശം കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്. അമ്മ ഒറ്റക്കെട്ടാണെന്ന് വരുത്താനാണ് ഇതിലൂടെ ശ്രമം. ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളില്‍ ദുഃഖിതനായാണ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം മമ്മൂട്ടി ഒഴിഞ്ഞത്. ഇത് സംഘടനയില്‍ പലവിധ ചര്‍ച്ചയ്ക്കും വഴി വച്ചു. മോഹന്‍ ലാല്‍ പ്രസിഡന്റാകുമ്ബോള്‍ മമ്മൂട്ടിക്കും സ്ഥാനം വേണമെന്ന നിലപാടാണ് അമ്മയിലെ പൊതു വികാരം.

മഴവില്‍ അമ്മയുടെ വിലയിരുത്തലും യോഗത്തിലുണ്ടായി. അവശകലാകാരന്മാരെ സഹായിക്കാനുള്ള കൈനീട്ടവും പ്രഖ്യാപിച്ചു. പ്രമേയ അവതരണം നടത്തിയത് ദേവനായിരുന്നു. അവാര്‍ഡുകള്‍ ലഭിച്ച വരെ ആദരിച്ച ശേഷം യുവനിര കലാകാരന്മാര്‍ക്ക് പ്രശംസയും അര്‍പ്പിച്ചു. സെലിബ്രേറ്റി ബാഡ്മിന്റണ്‍ ടീമിനേയും ക്രിക്കറ്റ് ടീമിനേയും ആദരിച്ചു. അതിന് ശേഷം പുതിയ ഭരണസമിതി നിയമനവും നടന്നു. യുവതാരങ്ങളുടെ അസാന്നിധ്യം യോഗത്തിനെ ശ്രദ്ധേയമാക്കുന്നുണ്ട്. പൃഥ്വിരാജ് അടക്കമുള്ള യോഗത്തിനെത്തിയിട്ടില്ല. ഇതെല്ലാം അമ്മയിലെ ഭിന്നതയ്ക്ക് തെളിവായി കണക്കാക്കുന്നു. യോഗ വേദിയെ നിയന്ത്രിക്കുന്നത് മോഹന്‍ലാലും മമ്മൂട്ടിയും ഇന്നസെന്റും ചേര്‍ന്നാണ്. ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതും ഈ യോഗത്തിന്റെ തുടക്കത്തിലാണ്.

വാര്‍ഷിക ജനറല്‍ ബോഡിയുടെ വാര്‍ത്തകള്‍ ചോരാതിരിക്കാന്‍ സുരക്ഷയൊരുക്കണമെന്ന് അമ്മ തീരുമാനച്ചിരുന്നു. ജനറല്‍ ബോഡി നടക്കുന്ന ക്രൗണ്‍ പ്ലാസാ ഹോട്ടലിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നല്‍കില്ല. താരങ്ങള്‍ക്ക് യോഗ സ്ഥലത്ത് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിരുന്നില്ല. മാധ്യമപ്രവര്‍ത്തകരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന താരങ്ങള്‍ക്ക് കടുത്ത നിര്‍ദ്ദേശമാണ് അമ്മ നേതൃത്വം നല്‍കിയത്. നിങ്ങള്‍ക്ക് അറിയേണ്ട കാര്യങ്ങളെല്ലാം, അമ്മയുടെ ഫേസ്‌ബുക്ക് പേജില്‍ അപ്‌ഡേറ്റ് ചെയ്യും.

ആ പേജ് ശ്രദ്ധിച്ചാല്‍ മാധ്യമങ്ങള്‍ക്ക് ഊഹാവോഹങ്ങള്‍ എഴുതേണ്ടതായി വരില്ല. യോഗം ഏകകണ്‌ഠേന പുതിയ നേതൃത്വത്തെ തിരെഞ്ഞെടുക്കും. ജനറല്‍ ബോഡിക്ക് ശേഷം നടക്കുന്ന പതിവ് വാര്‍ത്ത സമ്മേളനങ്ങള്‍ ഉണ്ടാകില്ല. ഇതൊക്കെയായിരുന്നു അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിന്‌ പറയാനുണ്ടായിരുന്നു വാക്കുകൾ.

Top