ആറ് മാസത്തിന് ശേഷം സൗദി കോടീശ്വരനെ വിട്ടയക്കുന്നു ; കൂടെ 1000 പേരും

റിയാദ്/അഡിസ് അബാബ: മാസങ്ങളായി സൗദി അറേബ്യയില്‍ തടവിലാണ് ശതകോടീശ്വരനായ മുഹമ്മദ് അല്‍ അമൗദി. കഴിഞ്ഞ നവംബറില്‍ നടന്ന കൂട്ട അറസ്റ്റില്‍ തടവിലാക്കപ്പെട്ടതാണ് ഇദ്ദേഹത്തെ. അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ വിട്ടയച്ചപ്പോഴും മുഹമ്മദിനെ വിട്ടയക്കാന്‍ സൗദി തയ്യാറായിരുന്നില്ല. ആഫ്രിക്കയിലെ ഏറ്റവും വലിയ കോടീശ്വരനാണ് ഇദ്ദേഹം.

മുഹമ്മദ് അല്‍ അമൗദിയുടെ മോചനത്തെ സംബന്ധിച്ച് എത്യോപ്യന്‍ പ്രധാനമന്ത്രിയാണ് അറിയിച്ചത്. എത്യോപ്യക്കാരനാണ് മുഹമ്മദ്. കഴിഞ്ഞ നവംബറിലാണ് സൗദി പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വിട്ടയക്കണമെന്ന എത്യോപ്യയുടെ ആവര്‍ത്തിച്ചുള്ള അപേക്ഷ ഒടുവില്‍ സൗദി അംഗീകരിച്ചുവെന്നാണ വിവരം.

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍സല്‍മാന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ ഏജന്‍സിയാണ് മുഹമ്മദ് അല്‍ അമൗദി ഉള്‍പ്പെടെയുള്ള കോടീശ്വരന്‍മാരെ അറസ്റ്റ് ചെയ്തിരുന്നത്. എത്യോപ്യന്‍ സംഘം അടുത്തിടെ സൗദിയിലെത്തി കിരീടവകാശിയുമായി ചര്‍ച്ച നടത്തിരുന്നു. ഈ ചര്‍ച്ചയിലാണ് ഇദ്ദേഹത്തെ വിട്ടയക്കാന്‍ ധാരണയായതത്രെ.

എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹ്മദ് ആണ് മുഹമ്മദിന്റെ മോചനത്തെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. ഉടന്‍ അദ്ദേഹം എത്യോപ്യയില്‍ എത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എത്യോപ്യയില്‍ മാത്രമല്ല, ആഫ്രിക്കയിലും യൂറോപ്പിലും സൗദിയിലുമടക്കം കോടികളുടെ വ്യവസായമുള്ള മുഹമ്മദ് അല്‍ അമൗദി ആരാണ് എന്നത് സംബന്ധിച്ച് അറിയേണ്ടതു തന്നെ.

എത്യോപ്യയിലാണ് ഇദ്ദേഹത്തിന്റെ ജനനം. പിതാവ് സൗദിക്കാരനാണ്. മാതാവ് എത്യോപ്യക്കാരിയും. സ്വീഡന്റെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കമ്പനിയായ പ്രീം എബി മുഹമ്മദ് അല്‍ അമൗദിയുടേതാണ്. യൂറോപ്പില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തും മറ്റും കോടികളുടെ വ്യവസായമുണ്ട് ഇദ്ദേഹത്തിന്. എത്യോപ്യയിലെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപകനാണ് മുഹമ്മദ് അല്‍ അമൗദി. നിരവധി ഹോട്ടലുകളുടെ ഉടമയാണ് ഇദ്ദേഹം. ഒരു സ്വര്‍ണ ഖനിയുണ്ട്. ആഫ്രിക്കയിലെ കാപ്പി, അരി കാര്‍ഷിക മേഖല കൈയ്യടക്കി വച്ചിരിക്കുന്നത് മുഹമ്മദ് അല്‍ അമൗദിയാണ്. ഇദ്ദേഹത്തെ മാത്രമല്ല സൗദി അറേബ്യ വിട്ടയക്കാന്‍ ഒരുങ്ങുന്നത്. സൗദിയിലെ ജയിലുകളില്‍ കഴിയുന്ന 1000 എത്യോപ്യന്‍ തടവുകാരെ വിട്ടയക്കാനും സൗദി അറേബ്യ തീരുമാനിച്ചിട്ടുണ്ട്. എത്യോപ്യന്‍ പ്രധാനമന്ത്രിയുടെ അപേക്ഷ മാനിച്ചാണിത്. റിയാദില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി സൗദി കിരീവകാശിയുമായി ഈ മാസം 18നാണ് ചര്‍ച്ച നടത്തിയത്.

Top