പുലിയോടൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്; വീഡിയോ വൈറല്‍

ലോകത്ത് ഭൂരിപക്ഷം ജനങ്ങളും ഇന്ന് സെല്‍ഫിക്ക് പുറകേയാണ്. അപകടകരമായ സാഹചര്യങ്ങളില്‍ സെല്‍ഫി എടുക്കുക എന്നത് അഭിമാനപ്രശ്‌നമായി കാണുന്ന സമൂഹമാണ് ഇന്നുള്ളത്. ഇത്തരത്തില്‍ ജീവന്‍ ഹോമിക്കേണ്ടി വന്നവരും ഏറെയാണ്.

നെതര്‍ലന്‍ഡ്‌സിലുള്ള ആഫ്രിക്കന്‍ വൈല്‍ഡ് ലൈഫ് സഫാരി പാര്‍ക്കില്‍ നിന്നും ഇത്തരത്തിലൊരു സെല്‍ഫി കഥയാണ് പുറത്ത് വരുന്നത്. പുലിക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ഒരു ഫ്രഞ്ച് കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്കാണ്.

സെല്‍ഫി എടുക്കുന്നത് വിലക്കിയിട്ടുള്ള ഈ പാര്‍ക്കിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്നു ഈ കുടുംബം. ഇതിനിടെ പുലിയെ കണ്ടപ്പോള്‍ ഒപ്പം നിന്ന് സെല്‍ഫി എടുക്കാന്‍ ആഗ്രഹം തോന്നിയ കുടുംബം കാര്‍ നിര്‍ത്തി പുറത്തിറങ്ങി പുലിയുടെ അടുത്തേക്ക് ചെന്നു.

എന്നാല്‍ മറ്റു പുലികള്‍ ഇതു കണ്ട് ഇവരെ ആക്രമിക്കുവാന്‍ ഓടിയെത്തുകയും ഇവരെ വളയുകയുമായിരുന്നു. കുട്ടികളെയുമെടുത്ത് തലനാരിഴക്ക് രക്ഷപ്പെട്ട് കാറില്‍ കയറുന്ന ദമ്പതികളുടെ വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇവരുടെ പുറകേയെത്തിയ സഞ്ചാരികളിലൊരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

Top